Saturday, September 28, 2013

ശാരദ ചേച്ചി
ശാരദ ചേച്ചി സത്യത്തിൽ ഒരു പാവമായിരുന്നു. ഞാൻ എന്നും സ്കൂളിലേക്ക് പോകുവാനായി പടികടന്നിറങ്ങുമ്പോൾ അവർ നേരെ എതിർവശത്തുള്ള വീട്ടിൽ അരമതിലിൽ ഇരുന്ന്  ഒരു പൂച്ചയെ മടിയിലിരുത്തി കിന്നാരം പറഞ്ഞ് ലാളിക്കുന്നത് കാണാം. അപ്പോഴെല്ലാം ഈ പൂച്ചക്കെന്തെ ഒരു പേടിയും ഇല്ലാത്തത് എന്ന് വിചാരിക്കാറുണ്ടായിരുന്നു. അവരെ കുറിച്ചോർക്കുമ്പോൾ ഒരു കുറ്റബോധമാണ് മനസ്സിൽ. പലപ്പോഴും എന്നെ നോക്കി ചിരിക്കാറുണ്ടായിരുന്നു അവർ,  അപ്പോഴെല്ലാം ഞാൻ അവരിൽ നിന്നും തല വെട്ടിച്ച് പേടിയോടെ വേഗം നടന്നന്നകന്നു പോയീ .  എന്റെ ക്ലാസ്സിൽ പഠിക്കുന്ന സുമേഷ് അവരുടെ ചേട്ടന്റെ മകനാണ്.  അന്നൊരിക്കൽ വൈകീട്ട് സ്കൂൾ വിട്ടുവന്നപ്പോൾ ഒരു പൂച്ചകുട്ടിയെ കാണിച്ചുതരാം എന്ന് പറഞ്ഞ് സുമേഷ് എന്നെ ആ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ അവർ എന്നോട് ചിരിച്ചു കൊണ്ട് എത്രാം ക്ലാസ്സിലാ പഠിക്കുന്നത് എന്ന് ചോദിച്ചു അപ്പോഴും ഞാൻ മറുപടിയൊന്നും പറയാതെ മിണ്ടാതെ പേടിച്ചു നിന്നു. പെട്ടന്ന് തിരിച്ചു പോന്നു. ഒരു പക്ഷെ അവർക്ക് എന്നെ ഇഷ്ടമായിരുന്നിരിക്കണം. പക്ഷെ എനിക്ക് എന്ത് ചെയ്യാൻ കഴിയും?. എല്ലാവരും എല്ലാവരും പറഞ്ഞു പറഞ്ഞു പേടിപ്പിചില്ലേ എന്നെ. ആ ചേച്ചിയുടെ അടുത്ത് പോകരുത്. മിണ്ടരുത് ചിരിക്കരുത് അവർക്ക് ഭ്രാന്തുണ്ട് എന്നൊക്കെ. ഞാനൊരു കൊച്ചു കുട്ടിയല്ലേ. കേട്ടതൊക്കെ വിശ്വസിച്ചു . രാത്രിയുടെ മറവിൽ ഒളിച്ചിരിക്കുന്ന ഇല്ലാത്ത ഒരു പ്രേതത്തെ എന്നപോലെ പകൽ വെളിച്ചത്തിലും എനിക്കവരെ പേടിയായിരുന്നു.


ശാരദ ചേച്ചിക്ക് പൂച്ചകളോട് വലിയ വാത്സല്ല്യമാണ്. മനുഷ്യരെല്ലാം എന്തോ വിചിത്ര ജീവി എന്നപോലെ അവരെ ഒരു മുൻധാരണയോടെ മിഴിച്ചു നോക്കി മുഷിപ്പിക്കുമ്പോൾ പൂച്ചകൾ ആ  കാൽ പാദങ്ങളിൽ വാൽ ചേർത്തുരച്ച് മ്യാവു മ്യാവു എന്ന് സ്നേഹത്തോടെ ഒച്ചയുണ്ടാക്കി അവരോടു ഒട്ടിചേർന്ന് നിൽക്കും. ഒരുപക്ഷെ ജീവിക്കുവാൻ ഉള്ള അവരുടെ ഒരേ ഒരു പിടിവള്ളി  ആ പൂച്ചകൾ ആയിരുനിരിക്കണം. പൂച്ചകൾ കൂടാതെ ആവീട്ടിൽ ശാരദ ചേച്ചിയുടെ അമ്മയും ഇളയ പെങ്ങളും ചേട്ടനും ചേട്ടന്റെ ഭാര്യയും പിന്നെ അവരുടെ ഒരേ ഒരു വികൃതി പയ്യനായ സുമേഷും ഉണ്ട്. വികൃതി പയ്യൻ എന്ന് ഞാൻ പറഞ്ഞത് അവൻ ഒരു മഹാ വികൃതി ആയതുകൊണ്ടാണ്‌. ശാരദ ചേച്ചി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഭക്ഷണത്തിൽ മണ്ണ് വാരി ഇടുകയും. ഉമ്മറത്ത് ഉലാത്തുന്ന സമയത്ത് പിറകിൽ കൂടി പതുങ്ങി വന്ന് ദേഹത്ത് വെള്ളം  ഒഴിക്കുകയും ഒക്കെ ചെയ്യുന്ന മഹാ വികൃതി. ഇത്തരത്തിലുള്ള ഉപദ്രവം സഹിക്കവയ്യാതെ വന്നപ്പോൾ ആകണം ആ വീട്ടിൽ നിന്നും പാത്രങ്ങൾ എറിഞ്ഞുടയുന്ന ശബ്ദവും. ഉച്ചത്തിലുള്ള ചീത്ത പറച്ചിലും തെറിയൊച്ചയും ഒക്കെ കേട്ട് തുടങ്ങിയത്. പൂച്ചകൾക്കല്ലാതെ വേറെ ആർക്കും ശാരദ ചേച്ചിയുടെ മനസ്സ് പിടിക്കിട്ടിയില്ലാ എന്നത് തീർച്ചയാണ്.


ശാരദ ചേച്ചിക്ക് നല്ല മുടിയുണ്ടായിരുന്നു. എന്ത് ഭംഗിയാണ് ആ മുടി കാണാൻ. ഇരു നിറമാണ് ചേച്ചിക്ക്. നിത്യവും കുളിച്ച് നല്ല സാരിയൊക്കെ ഉടുത്ത് അമ്പലത്തിൽ പോയി തൊഴുത്‌ നെറ്റിയിൽ ഒരു ചന്ദനകുറിയൊക്കെ അണിഞ്ഞാൽ എന്ത് ഐശ്വര്യമായിരിക്കും ആ മുഖത്ത്. "നിന്നെ കാണാൻ... എന്നെക്കാളും.. ചന്തം തോന്നും... കുഞ്ഞിപ്പെണ്ണെ... എന്നിട്ടെന്തേ... നിന്നെ കെട്ടാൻ ...ഇന്നുവരെ.. വന്നില്ലാരും.." എന്ന് അതിശയത്തോടെ ആരും ആ മുഖത്ത് നോക്കി പാടിപോകും.  പതിവുപോലെ ഒരു ദിവസം രാത്രി ആ വീട്ടിൽ നിന്ന് പാത്രങ്ങൾ എറിഞ്ഞുടയുന്ന ശബ്ദവും തെറിവിളിയുമൊക്കെ കേട്ടു. പിറ്റേന്ന് രാവിലെ ശാരദ ചേച്ചിയെ കാറിൽ കയറ്റി കൊണ്ടുപോകുന്നതും കണ്ടു. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞാണ് മടങ്ങി വന്നത്. കാറിൽ നിന്നും ഇറങ്ങിയ ചേച്ചിയെ കണ്ടു ഞെട്ടിപോയീ. തലമുടി കഴുത്തിനു വച്ച് വെട്ടി കളഞ്ഞിരിക്കുന്നു. പ്രസന്നതയില്ലാത്ത മുഖവും. ആരൊക്കെയോ താങ്ങി പിടിച്ച് ചേച്ചിയെ അകത്തേക്ക് കൂടികൊണ്ട് പോയി. ചേച്ചിയെ തലയിൽ ഷോക്കടിപ്പിച്ചു എന്ന് അമ്മ പറഞ്ഞു.


പിന്നെ പിന്നെ ഉമ്മറത്തൊന്നും ശാരത ചേച്ചിയെ കാണാറില്ലായിരുന്നു. പൂച്ചകളുടെ മ്യാവു മ്യാവു എന്നുള്ള ശബ്ദം മുഴങ്ങി കേട്ടിരുന്നു. പാത്രങ്ങൾ എറിഞ്ഞുടയുന്ന ശബ്ദവും തെറിയൊച്ചയും പിന്നെ പിന്നെ കേൾക്കാതെയായി. ശാരദ ചേച്ചി മൗനവൃതം തുടങ്ങിയത്രേ. ഇടയ്ക്കിടയ്ക്ക് ആശുപത്രിയിലേക്ക്  കാറിൽ കയറി പോകുമ്പോഴും തരിച്ച് വീട്ടിൽ വരുമ്പോൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് പോകുമ്പോഴും മാത്രമേ ഞാൻ  ചേച്ചിയെ കണ്ടുള്ളൂ. പിന്നീടൊരിക്കൽ സ്കൂൾ വിട്ടു വരുന്ന സമയത്ത് മതിലിൽ ശാരത ചേച്ചിയുടെ ചിത്രം തൂങ്ങി കിടക്കുന്നു. "ശാരദ 43വയസ്, അന്തരിച്ചു. ആധരാന്ജലികൾ"  മനസ്സ് ഒരുനിമിഷം ശൂന്യമായി. ആ ശൂന്യതയിൽ അവർ ഇത്രയും കുറിച്ച് വച്ചു  


പ്രിയപ്പെട്ട നിനക്ക്,
ഞാൻ എന്നത് നീ എന്നോ കണ്ടു മറന്ന ഒരു ഭ്രാന്തനോ ഭ്രാന്തിയോ ആകാം.
മനസ്സിന്റെ വിഭ്രാന്തിയാൽ,
എന്തിലും ഭ്രമികുന്ന,
എവിടെയൊക്കെയോ ചുറ്റി തിരിയുന്ന,
ഒന്നിലും സ്ഥിരത ഇല്ലാത്ത,
അനേകം ഭ്രാന്തരിൽ ഒരാൾ.,
ഗൗരവം നിറഞ്ഞ എന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിടരുന്നു പോലും.
ശരിയായിരിക്കാം, ഏതാനും കാലടികൾ അകലെ,
ഒരു ശ്മശാന ഭൂമിയിൽ,
അവിടവിടായി എരിഞ്ഞൊടുങ്ങുന്ന തീനാളങ്ങളുടെ വെട്ടം,
മുഖത്ത് പതിയുന്നുണ്ട്.,
ഞാൻ സ്വയം അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരിക്കാം.,
കാരണം.,
കാലുകൾ അത്രത്തോളം നടന്നു തളർന്നിരിക്കുന്നു.
ഇത് കേൾക്കുമ്പോൾ നീ പിണെയും ചോദിക്കുമോ?
നിനക്ക് പ്രാന്താണല്ലേ? എന്ന്.
എങ്കിൽ ഇതുംകൂടി കേൾക്കൂ.,
ഇത് പ്രാന്തിന്റെ പര്യവസാനം ആണ്.,
ഭ്രാന്തന്മാരുടെ പര്യവസാനം.,
പൂർണതയെ പ്രാപിക്കുന്നതിന് മുമ്പുള്ള വെറും ജല്പനം.
ഭ്രാന്തിന്റെ ജല്പനം.
ഭ്രാന്തിന്റെ ജല്പനം.


എന്തിനാണ് അവർ ജനിച്ചത്‌ എന്ന് തോന്നിപോയി.എന്തിനാണ് അവർ ഒരു കണ്ണുനീർത്തുള്ളിപോലെ എവിടെനിന്നോ പിടിവിട്ടർടന്ന് ഈ പകലിന്റെ കനലെരിയുന്ന മണ്ണിൽ പതിച്ചത്. ചില ജന്മങ്ങൾ ഇങ്ങിനെയൊക്കെയാകാം.********

Friday, September 27, 2013

ഹൃദയംസ്വന്തം നെഞ്ചിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ ടിക്ക് ടിക്ക് എന്ന് ശബ്ദം കേൾക്കുന്നിടത്തോളം എനിക്ക് ഭയമാണ് കാരണം അവിടെ ദൈവം ഇരിപ്പുണ്ട് എന്ന് ആ ശബ്ദം എന്നെ ഓർപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.  ആ ദൈവം ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ സ്വന്തമല്ല. എനിക്കുമാത്രം സ്വന്തം എന്റെ മാത്രം ദേവാലയം ഞാൻ അത്രത്തോളം പരിശുദ്ധമായി അവിടം കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഞാൻ ഇപ്പോഴും അതിൽ പരാജിതാനാണ് എന്നതാണ് എന്നെ ഭയ പ്പെടുത്തുന്നത്. 

********

Thursday, September 26, 2013

വസന്തംവറുതിയുടെ കനലെരിയുന്ന മണ്ണുകളിൽ
ആശ്വാസത്തിന്റെ കണ്ണുനീർത്തുള്ളികൾ പതിയുമ്പോൾ
കിളിർത്തുവരുന്ന പച്ചതലപ്പുകളിൽ
വസന്തം പൊട്ടി വിടരട്ടെ !
ശുഭാശംസകൾ !

പരുന്ത്


ആകാശ നീലിമയെ തൊട്ടുരുമ്മി ചിറകനക്കാതെ തലയ്ക്കുമുകളിൽ നീ വട്ടം പറന്നപ്പോൾ കാണാൻ കൌതുകമായിരുന്നു. പക്ഷെ ക്ഷണ നേരം കൊണ്ട് താഴേക്ക് ചിറകടിച്ചു വന്ന് ഈ ഹൃദയത്തെ കൊത്തിപറിച്ച് കാൽനഖങ്ങളാൽ കോർത്തെടുത്ത് പറന്നകന്നു പോയപ്പോൾ ഞെട്ടിതരിച്ചുപോയീ.

തിരകൾ.


മിഴിനീരിനും വിയർപ്പുതുള്ളിക്കും എന്നപോലെ
തിരമാലകൾക്കും ഉണ്ട് ഉപ്പുരസം
ഓരോ തവണയും താഴേക്കു പതിയും
പിന്നെയും പിന്നെയും മേൽപ്പോട്ട് ഉയരും
ഉരുണ്ടുരുണ്ട് തീരത്ത് വന്ന് ഒടുങ്ങിടുമ്പൊഴും
ഒടുങ്ങാത്ത സഹനവും അധ്വാനവും ഇരമ്പിക്കൊണ്ടേ ഇരിക്കും .
കടലിപ്പൊഴും നിലക്കാതെ ഇരമ്പിക്കൊണ്ടേ ഇരിക്കുന്നു.
********

സ്വപ്നം
ആകാശത്ത് അനേക കോടി നക്ഷത്രങ്ങൾക്കിടയിൽ വിളങ്ങി നിന്ന വെണ്‍ചന്ദ്രലേഖ താഴേക്ക്‌ ഇറങ്ങിവന്ന് ഈ കൈ വെള്ളയിൽ വീണ കണ്ണുനീർ തുള്ളിയിൽ ഇരുന്നു ചിരിച്ചപ്പോൾ കരുതി പ്രണയമായിരിക്കുമെന്ന്. എന്തൊക്കെയോ പറയുവാൻ തോന്നിയെങ്കിലും പറയാതെ മനസ്സിനുള്ളിൽ ഒതുക്കിവച്ച് വീർപ്പുമുട്ടി അവസാനം ഞെട്ടി കണ്‍ തുറന്നു നോക്കുമ്പോൾ ഞാനും എന്റെ മരിച്ച സ്വപ്നവും മാത്രം ബാക്കിയായി.

********