Saturday, May 3, 2014

ചന്ദ്രേട്ടൻ

ചന്ദ്രേട്ടൻ ബസിറിങ്ങി വീട്ടിലേക്ക് പതിയെ നടന്നു.  വലിയ കുടവയർ ഒരു താളത്തിൽ കുലുങ്ങുന്നുണ്ട് നീരുവന്നുവീർത്ത കാൽമുട്ടുകൾ മടക്കാനാവാതെ പതിയെ എടുത്തെടുത്ത് വച്ച് ഒരു കൈയ്യിൽ തുണിയും മറ്റു സാധനങ്ങളും നിറച്ചുവച്ച സഞ്ചിയും തൂക്കിപിടിച്ച്, മറുകൈ മുന്നിലേക്കും പിന്നിലേക്കും പതിയെ വീശി അങ്ങനെ നടന്നു. തെരുതെരെ വീശിയടിക്കുന്ന പാലക്കാടൻ ചുടുകാറ്റിന് പെരുവെയിലത്ത്  നെറ്റിയിൽ പൊടിയുന്ന വിയർപ്പുതുള്ളികളെ തുടച്ച് കളയാനായില്ല. എങ്കിലും ചന്ദ്രേട്ടന്റെ  മനസ്സ് കുളിരുകൊണ്ട് നിറയുകയായിരുന്നു.


ഏറെനാൾകൂടി എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് വണ്ടി കയറുമ്പോഴൊക്കെ ചന്ദ്രേട്ടന്റെ മനസ്സ് ഇതുപോലെ സന്തോഷം കൊണ്ട് നിറയും. വലിയ കുടവയറിനു താഴെ മടിക്കുത്തിൽ അന്ന് വരെ സൂക്ഷിചുവച്ചതും തികയാത്തത് അവിടന്നുമിവടന്നും കടംവാങ്ങികൂട്ടിയതുമായ കാശിന്റെ കനവുമുണ്ടാകും.

കാണാതെ കാണാതെയിരുന്നു കാണുമ്പോൾ പ്രിയമുള്ളവർ പ്രകടിപ്പിക്കുന്ന സ്നേഹപ്രകടനത്തിന്റെ ആധിക്യം ആസ്വദിക്കുക ചന്ദ്രേട്ടനെ സംബന്ധിച്ചിടത്തോളം ആനന്ദദായകം തന്നെയാണ്. മാത്രമല്ല ഇനിയൊരു തിരിച്ചു പോക്കില്ലാ എന്നു തീരുമാനിച്ചാണ് ഈ പ്രാവശ്യത്തെ വരവ്.

പലരും അദേഹത്തെ ഉപദേശിക്കാറുണ്ട്. ഭക്ഷണം കുറച്ചു കഴിക്കൂ ചന്ദ്രേട്ടാ, രാവിലെ എഴുന്നേറ്റ് കുടവയർ കുറയാനുള്ള വ്യായാമമൊക്കെ ഒന്ന് ചെയ്യ്‌. .ചന്ദ്രേട്ടൻ ഇതൊക്കെ കേൾക്കുമ്പോൾ വെറുതെ ചിരിക്കും.. എന്നിട്ട് കുടവയറിൽ തടവിക്കൊണ്ട് പറയും. ഈ വലിയ വയറ് നിറയെ എന്റെ അമ്മ തന്ന സ്നേഹം നിറച്ചുവച്ചിരിക്കുകയാണ്. സ്നേഹം ഒരുപാടുണ്ടായിരുന്നു  അതായിരിക്കാം  ഇങ്ങനെ വീർത്തുവന്നത്. അതിപ്പോ ഇവിടെത്തന്നെ ഇരിക്കട്ടെ. ആർക്ക് എന്താ ചേതം?..

ചന്ദ്രേട്ടന് അമ്മയെ വലിയ പേടിയായിരുന്നു. മൂന്ന് മക്കളുടെ അച്ഛനും അപ്പൂപ്പനുമൊക്കെ ആയെങ്കിലും  ചന്ദ്രേട്ടൻ അമ്മയുടെ കൈയ്യിൽനിന്നും  ശാസനയും  ഉപദേശവുമൊക്കെ കേൾക്കാറുണ്ടായിരുന്നു. വഴക്ക് പറയുമ്പോൾ ചന്ദ്രേട്ടൻ ഒരു വാക്കുപോലും അമ്മയോട് എതിർത്ത് പറയുകയില്ല. എല്ലാം ഭവ്യതയോടെ  ചിരിച്ചുകൊണ്ട് കേട്ട് നില്ക്കും. പതിയെ അമ്മയുടെ ദേഷ്യം മാറുകയും ചെയ്യും.   . ചന്ദ്രേട്ടന്റെ അമ്മ കുറച്ചുനാൾ മുമ്പ് മരിച്ചു. മുമ്പ് വീട്ടിലെത്തിയാൽ ചന്ദ്രേട്ടൻ ആദ്യം ഓടിച്ചെല്ലുക അമ്മയുടെ അടുത്താണ്. മുറുക്കാൻപൊതിയും അരിനുറുക്കും പക്കാവടയും വരുന്നവഴിക്ക് വാങ്ങിയത് അമ്മക്ക് നീട്ടും. പിന്നെ അമ്മയുടെ കസേരയ്‌ക്കരികിൽ നിലത്തിരുന്ന് അമ്മയുടെ കൈവെള്ളയിൽ തലോടി കുശലങ്ങൾ പറയും.

ചന്ദ്രേട്ടന് സഹോദരങ്ങൾ ആരുമില്ല ഒരേയൊരു സഹോദരി ഉണ്ടായിരുന്നു. അമ്മ മരിക്കുന്നതിനുമുമ്പേ സഹോദരി മരിച്ചു. ചെറുപ്പത്തിലേ തന്നെ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു  സഹോദരിക്ക്. ഇടയ്ക്കിടയ്ക്ക് അപസ്മാരം ഉണ്ടാകുകയും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്തപ്പോൾ ചന്ദ്രേട്ടന്റെ മനസമാധാനം നഷ്ടപ്പെട്ടു. ലീവെടുത്ത് നാട്ടിൽവന്ന് ചന്ദ്രേട്ടൻ സഹോദരിയെ ശുശ്രൂഷിച്ചു. മരിച്ചുപോകുമെന്ന്  സ്വപ്നത്തിൽ പോലും കരുതിയതല്ല. ജീവിതത്തിൽ പലപ്പോഴും നാം കരുതാത്തതോക്കെയാണ് സംഭവിക്കുക. പലപ്പോഴും അത്തരം സംഭവങ്ങളൊക്കെ അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതുമായിരിക്കും.    

ഒരേ ഒരു ആണ്‍തരിയായ ചന്ദ്രേട്ടനെ അമ്മ വളരെയേറെ സ്നേഹിച്ചു. അമ്മയുടെ കരളിലും ഹൃദയത്തിലും നിറഞ്ഞു തുളുമ്പിയ സ്നേഹമെല്ലാം പഴംകഞ്ഞിയും പലഹാരങ്ങളും വറുത്തതും പൊരിച്ചതുമൊക്കെയായി ചന്ദ്രേട്ടന്റെ വയറിൽ വന്നു നിറഞ്ഞു. അങ്ങനെ ചന്ദ്രേട്ടന് കുടവയറുമായി. അദേഹം ഏതോ നിധിപോലെ ആ കുടവയർ കാത്തുസൂക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു.

ഇരുപത്തിമൂന്നാമത്തെ വയസിൽ ചന്ദ്രേട്ടൻ വിവാഹിതനായി. ഏതോ ഒരു അകന്ന ബന്ധുവിന്റെ മകളെയാണ് ചന്ദ്രേട്ടൻ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം വളരെ മുമ്പേ ഡൽഹിയിൽ സ്ഥിരതാമസമാക്കിയവരാണ്. ഓരോരോ ചടങ്ങുകൾക്കും വിശേഷങ്ങൾക്കും ഒത്തുകൂടിയ ബന്ധു ജനങ്ങൾക്കിടയിൽനിന്നും എപ്പഴോ രണ്ട് തിളങ്ങുന്ന നീലക്കണ്ണുകൾ ചന്ദ്രേട്ടന്റെ മനസ്സിൽ പതിഞ്ഞു. ചന്ദ്രേട്ടൻ ആ കണ്ണുകളിലേക്ക് അറിയാതെ നോക്കിപോയതാണ്.  തിളങ്ങുന്ന ആ കണ്ണുകളിൽ നാണത്തിന്റെ വർണരേണുക്കൾ മിന്നിതിളങ്ങുന്നുണ്ട്. അധരങ്ങളിൽ ഒരു പുഞ്ചിരി പൂത്തുലയുന്നു. ജന്മാന്തരങ്ങൾക്കും അപ്പുറമുള്ള ഒരു പരിചയം പോലെ.  ചന്ദ്രേട്ടന്റെ മനസ്സിൽ ആ കണ്ണുകളോട് എന്തെന്നില്ലാത്ത  ഒരിഷ്ടം തോന്നി. വീണ്ടും ആ കണ്ണുകളിലേക്ക് ഉറ്റുനോക്കുവാനും രണ്ടുവാക്ക്‌ മിണ്ടുവാനും ചന്ദ്രേട്ടന്റെ മനസ് ആഗ്രഹിച്ചുകൊണ്ടിരുന്നു. എന്ത് മിണ്ടണം എന്നറിയില്ല. മിണ്ടിയാൽ എന്ത് വിചാരിക്കും. ചിരിച്ചത് ഞാൻ നോക്കിയതുകൊണ്ടാണോ? അതോ അടുത്തുനിൽക്കുന്നവർ എന്തെങ്കിലും പറയുന്നതുകേട്ട് ചിരിക്കുന്നതാണോ?.  കാലങ്ങൾ കടന്നുപോയി. പിന്നീട് എങ്ങിനെയൊക്കെയോ അവരിരുവരും ഒന്നായി തീർന്നു. 

ചന്ദ്രേട്ടന്റെ ഭാര്യ ഡൽഹിയിൽ താമസിച്ചിരുന്നതുകൊണ്ട്‌ നന്നായിഹിന്ദിസംസാരിക്കും.നന്നായിമലയാളവും സംസാരിക്കും. എങ്കിലും ഡൽഹിയിലുള്ള സുഹൃത്തുക്കളുമായി ഫോണും ചെവിട്ടിൽവച്ച് ഭാര്യ ഹിന്ദി തട്ടിവിടുമ്പോൾ ലവലേശം ഹിന്ദി അറിയാത്ത ചന്ദ്രേട്ടൻ ഒന്നും മനസിലാകാതെ വായ പൊളിച്ച് നിൽക്കും. ഭാര്യ പറയുന്ന ഹിന്ദി മനസിലായില്ലെങ്കിലും ചന്ദ്രേട്ടൻ അവരുടെ മനസ് മനസിലാക്കിയിരുന്നു. അവർ തിരിച്ച് ചന്ദ്രേട്ടന്റെയും. അതുകൊണ്ട് അവരിരുവരും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചുപോന്നു.

കറുത്ത നിറവും മുഖകാന്തിയും തിളങ്ങുന്ന നീലക്കണ്ണുകളും നീണ്ട മുടിയുമുള്ള ചന്ദ്രേട്ടന്റെ ഭാര്യ മൂന്ന് ആണ്‍കുട്ടികളെ പ്രസവിച്ചു. ഇരുവരും ചേർന്ന് അവരെ വളർത്തി വലുതാക്കി. വളർന്നപ്പോൾ ഭാര്യയുടെ എണ്ണകറുപ്പും മുഖ സൗന്ദര്യവും സൗമ്യശീലവും അവരിലോരോരുത്തരിലും തെളിഞ്ഞുവന്നു. മൂത്തവൻ കൽപ്പണിക്കാരനായി. രണ്ടാമത്തവൻ ഡ്രൈവറായി. മൂന്നാമൻ ഏതോ ജ്വല്ലറിയിൽ സെയിൽസ്മാനായി . ആദ്യ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ചന്ദ്രേട്ടന് പേരക്കുട്ടികളുമായി. അവരുടെ ജീവിതം കാറ്റും മഴയുമില്ലാത്ത പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ശാന്തമായ് ഒഴുകുന്ന ഒരു തോണിപോലെ മെല്ലെ മെല്ലെ മുന്നോട്ട് ഒഴുകുന്നു .

പാലക്കാട് എലപ്പുള്ളി എന്ന ഗ്രാമത്തിലാണ് ചന്ദ്രേട്ടന്റെ വീട്. തെലുങ്ക്‌ പോലെയുള്ള ഒരു ഭാഷ സംസാരിക്കുന്ന പ്രത്യോക ജാതിയിൽപെട്ട പത്ത് മുന്നൂറു  കുടുബങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന ഒരു ചെറിയ ഗ്രാമം. ഭുരിഭാഗവും കൂലിപ്പണിക്കാരും സാധാരണക്കാരുമാണ്  ചന്ദ്രേട്ടനും അവരിൽ ഒരാളാണ്.  മറ്റു സമുദായത്തിൽപെട്ട ആളുകളുമുണ്ട്‌.  ഗ്രാമത്തിലെ പ്രധാന അമ്പലമാണ്  മാരിയമ്മൻ കോവിൽ. വാളും ചിലമ്പും ചുവന്ന പട്ടുമണിഞ്ഞ് നിലവിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്ന മാരിയമ്മയുടെ തിരുവിഗ്രഹം. പരശുരാമന്റെ മാതാവാണ് ഇവുടത്തെ മാരിയമ്മ എന്നാണ് ഐതിഹ്യം. സ്വന്തം മകനാൽ ശിരസ് ചേദിക്കപ്പെട്ട ഒരു മാതാവ്. താൻ ചെയ്ത പാപം സ്വന്തം ചോരകൊണ്ട്‌ കഴുകി കളഞ്ഞ് ഉയർത്തെഴുന്നേറ്റ് ഒരു ദേശത്തെ മുഴുവൻ ജനങ്ങളെ കാത്തുരക്ഷിക്കുന്നു. കൊടിയേറ്റത്തിനുള്ള മരം കൊണ്ടുവന്ന് കൊടി നാട്ടി കഴിഞ്ഞാൽ ഉത്സവം തുടങ്ങും. ഏഴ്  ദിവസം നീളുന്ന ഉത്സവം. 

പിരിവെടുക്കാനും കുംഭം നിറച്ച് ഊര് ചുറ്റി പറയെടുക്കുവാനുമൊക്കെ ചന്ദ്രേട്ടനും കൂടും. കുംഭവും  അമ്മൻകുടവും ഒന്നുതന്നെയാണ്. ചെമ്പ്കുടത്തിൽ ജലം നിറച്ച് ആര്യവേപ്പിന്റെ കൊമ്പുകൾ ഇറക്കിവച്ച് അതിനുമുകളിൽ പലനിറത്തിലുള്ള കടലാസ് പൂക്കൾ പാണ്ടി മേളത്തിന്റെ താളത്തിനൊത്ത് ഇളകി മറിയുന്നു. ദൂരെ എവിടെയോ ഒരു അമ്പലനടയ്ക്കൽ വച്ച് ഏറെ നേരം നീണ്ടു നിൽക്കുന്ന പൂജക്ക് ശേഷം കുംഭങ്ങൾ നിറച്ച് തലയിലേറ്റി പാണ്ടി മേളത്തിന്റെ താളത്തിനൊത്ത് തുള്ളി തുള്ളി നഗരപ്രദക്ഷിണം ചെയ്ത് മാരിയമ്മൻ കോവിലിൽ എത്തുമ്പോഴേക്കും അവിടെ വലിയ അഗ്നികുണ്ഡം തയാറായിട്ടുണ്ടാകും. പിന്നെയാണ് കനലാട്ടം. കോവിലിന് വലം വച്ച ശേഷം കുംഭങ്ങൾ തലയിലേറ്റിയവർ കനലിലൂടെ നടന്ന് പോകും. ചുറ്റും കൂടിനിൽക്കുന്ന ജനങ്ങൾക്കൊപ്പം ചന്ദ്രേട്ടനും  ഭയഭക്തിയോടെ തൊഴുകയ്യുമായി നിൽക്കും.

നഗരപ്രദക്ഷിണത്തോടൊപ്പം വെളിച്ചപാടുകളും നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ എഴുന്നള്ളത്തും.ചെണ്ടമേളവുമൊക്കെ ഉണ്ടാകും.

ചന്ദ്രേട്ടൻ ഇതുവരെ കുംഭം തലയിലേറ്റിയിട്ടില്ല. അതിനു പ്രത്യോകം വൃതം നോൽക്കേണ്ടതുണ്ട്. ആദ്യകാലങ്ങളിൽ മറ്റുള്ളവർ നിർബന്ധിക്കുമ്പോൾ ഒഴിഞ്ഞു മാറുവാൻ ചന്ദ്രേട്ടൻ  വളരെ പ്രയാസപ്പെട്ടിരുന്നു. പിന്നീട് കാലുകളിൽ വേദനയും നീരുമായപ്പോൾ അത് ഒഴിഞ്ഞുമാറുവാനുള്ള ഒരു കാരണവുമായി.  ചന്ദ്രേട്ടൻ ഒരു ശുദ്ധമനസ്കനും മനസ്സ് നിറയെ ഭക്ത്തിയുമുള്ള ആളായിരുന്നെങ്കിലും ഭക്ത്തിയുടെ പേരിൽ ബുദ്ധിമുട്ടാനുമൊന്നും  മനസ്സുള്ള  ആളായിരുന്നില്ല അദേഹം. വൃതം നോല്ക്കുവാനുള്ള മടിയും കനലിലൂടെ നടക്കുവാനുള്ള പേടിയുമൊക്കെയാണ് കാരണം. ശിവരാത്രിനാളിൽ വീട്ടിലുള്ളവർ ഭക്ഷണം കഴിക്കാതെ ഉറക്കമൊളിച്ച് പഞ്ചാക്ഷരിയും ഉരുവിട്ടിരിക്കുമ്പോൾ ചന്ദ്രേട്ടൻ മൂക്കുമുറ്റെ തട്ടി കൂർക്കംവലിച്ച് ഉറങ്ങുകയാവും പതിവ്. ഇതുവരെ ശബരിമല ചവിട്ടിയിട്ടുമില്ല അതും മടികൊണ്ടുതന്നെ. ആരെങ്കിലുമൊക്കെ നിർബന്ധിക്കുമ്പോൾ ചന്ദ്രേട്ടൻ  പറയും. "ഞാൻ ഇവിടെയിരുന്നു പ്രാർത്ഥിച്ചാൽമതി. മാരിയമ്മക്കും അയ്യപ്പനും മുപ്പത്തിമുക്കോടി ദൈവങ്ങളും  അറിയുന്നുണ്ട്  എന്റെ കാര്യങ്ങൾ".

മാരിയമ്മയെ കൂടാതെ കോവിലിൽ ഗണപതിയും നാഗദൈവങ്ങളും ഗുരു സ്വാമിയും കറപ്പസ്വാമിയും മുനിയപ്പനുമൊക്കെയുണ്ട്. കുംഭം നിറച്ച്  നഗരപ്രദക്ഷിണം ചെയ്യുന്നവരുടെ പിന്നാലെ മാരിയമ്മയുടേയും കറപ്പസ്വാമിയുടെയും മുനിയപ്പെന്റെയുമെല്ലാം  വെളിച്ചപ്പാടുകളും ഉണ്ടാകും. മാരിയമ്മയുടെ കയ്യിലെ വാൾ  നീളമുള്ളതും അറ്റം വളഞ്ഞിരിക്കുന്നതുമാണ്. കറപ്പ സ്വാമിയുടെ കയ്യിൽ വടിവാൾ പോലുള്ള നീളമുള്ള വാളും. ഉത്സവം തുടങ്ങുന്നതിന് മുന്നേ വാളുകൾ കൊല്ലന്റെ കയ്യിൽ കൊടുത്ത് നന്നായി മൂർച്ചവയ്പ്പിക്കും. വെളിച്ചപ്പാടുകൾ അലറുകയും മൂർച്ചയുള്ള വാളിന്റെ തുമ്പുകൊണ്ട് നെറുകയിൽ മുറിവുണ്ടാക്കുകയും അവരുടെ മുഖത്തുകൂടെ ചോര ഒലിച്ചുകൊണ്ടുമിരിക്കും.

കറപ്പസ്വാമിക്ക് കോഴിയെ ബലി നൽകുന്ന ഏർപ്പാടുണ്ട്‌. ഓരോ വീട്ടുപടിക്കലും ആളുകൾ പൂവൻകോഴിയുമായി കാത്തുനിൽക്കും. കറപ്പസ്വാമി കോഴിയെ എടുത്ത് വാളുകൊണ്ട് കഴുത്തറുത്ത് ചോര കുടിച്ചിട്ട് വലിച്ചെറിയും. നിലത്ത് കിടക്കുന്ന പ്രാണൻ വിട്ട കോഴിയെ പെറുക്കിയെടുക്കുവാൻ പിന്നെ ഉന്തും തള്ളുമാകും. കൊന്ന് വലിച്ചെറിയുന്ന കോഴികളെ ആർക്കുവേണമെങ്കിലും പെറുക്കിയെടുക്കാം. കറപ്പസ്വാമി നഗരം ചുറ്റി കോവിലിൽ എത്തുമ്പോഴേക്കും പത്തുനൂറു പൂവൻകോഴികൾ ഇഹലോകവാസം വെടിഞ്ഞിട്ടുണ്ടാകും. മൂന്നാം ഉത്സവത്തിന്റെയന്ന് ക്ഷേത്ര മതിലിന് വെളിയിലായി മുനിയപ്പന് ആടുകളെ ബലി നൽകുന്ന ഏർപ്പാടുമുണ്ട്. ഇതൊക്കെ പ്രാകൃതമായ ആചാരങ്ങളാണ് എന്നാണ് ചന്ദ്രേട്ടന്റെ അഭിപ്രായം. ചന്ദ്രേട്ടൻ ഉൾപ്പെടുന്ന ഒരു പ്രത്യോക സമുദായത്തിന്റെ കീഴിലാണ് മാരിയമ്മൻ കോവിൽ. ഉത്സവത്തോടനുബന്ധിച്ച് ആണുങ്ങളായ ഓരോ സമുദായ അംഗവും ആയിരത്തി അഞ്ഞൂറ് രൂപ തലവരിപണമായി അമ്പലത്തിലേക്ക് കൊടുക്കണം. കൂടാതെ കോവിലിന്റെ ഉൾവശമാകെ ചെമ്പ് പൊതിയുവാൻ പോകുകയാണത്രേ. അതിനും കൊടുക്കണം സമുദായ അധികാരികൾ നിശ്ചയിക്കുന്ന ഒരു തുക. കോവിലിലേക്ക് ഉള്ളത് കൂടാതെ സമുധായത്തിന്റേതായ മറ്റു ചില വരിസംഖ്യകൾ വേറെയും.ഇതെല്ലാം നിർബന്ധമാണ് ഓരോരുത്തരും കൊടുക്കേണ്ടതായ പണം കൊടുത്തില്ലെങ്കിൽ സമുദായത്തിൽ നിന്നും അകറ്റി നിർത്തും. അവരുടെ വീടുകളിൽ നടക്കുന്ന ചടങ്ങുകക്കൊന്നും സമുദായത്തിന്റെ ഒരു സഹകരണവുമുണ്ടാകില്ല. സഹകരിക്കുന്നതിൽ നിന്നും മറ്റ് അംഗങ്ങളെ അധികാരികൾ വിലക്കുകയും ചെയ്യും. അതുകൊണ്ട് പേടിച്ച് എല്ലാവരും പണം കൊടുക്കുകയാണ് പതിവ്. ഓരോ ദിവസവും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവങ്ങൾക്ക് ഇതെല്ലാം വലിയ ഭാരമാണ്. പക്ഷെ എതിർപ്പുകളെല്ലാം അവർ പതിയെ മാത്രമേ പറയുകയുള്ളൂ. അവരുടെ ചെവിയല്ലാതെ വേറൊരു ചെവിയും കേൾക്കുകയുമില്ല.

തീ പന്തങ്ങളുടെ വെട്ടത്തിൽ  പൂവൻകോഴിയുടെ കൊരവള്ളി കടിച്ചു പറിച്ച് ചോരതുപ്പി അലറുന്ന കറപ്പസ്വാമിയുടെ വെളിച്ചപ്പാടിനെ ചന്ദ്രേട്ടൻ ചിലപ്പോൾ സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്. അപ്പോഴൊക്കെ ഈ ഗ്രാമം വിട്ടുപോകാൻ അദേഹം ആഗ്രഹിച്ചു. മുമ്പെങ്ങൊ ഉത്സവത്തിന് ആന ഇടഞ്ഞോടിയ കഥ ചന്ദ്രേട്ടൻ ഇപ്പോഴും ഓർത്ത് പറയും. പത്തോ പന്ത്രണ്ടോ വയസുള്ള ഒരു ബാലനൊഴികെ മറ്റുള്ളവർ ആനപുറത്തുനിന്നും ചാടി ഓടി രക്ഷപ്പെട്ടു. ബാലൻ മാത്രം ചാടാനാകാതെ ചങ്ങലയിൽ മുറുക്കി പിടിച്ച് പേടിച്ച് വിറച്ചിരുന്നു. ആന ഓടിയത്  അടുത്തുള്ള നെൽപാടത്തിലേക്കാണ്. വരമ്പത്ത് നിന്ന ഒരു മരത്തിന്റെ ചുവട്ടിൽ  ആന വന്നു നിന്നു. മരക്കൊമ്പിൽ കൈ എത്തിപിടിച്ച്‌ ബാലൻ ഒരുകണക്കിന് രക്ഷപെട്ടു. 

എഴുന്നള്ളത്ത്‌ നഗരം ചുറ്റി പകുതി എത്തുമ്പോൾ ചന്ദ്രേട്ടനും സുഹൃത്തുക്കളും ഒരു പണിയൊപ്പിക്കും. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് ചന്ദ്രേട്ടനും  സുഹൃത്തുക്കളും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കാണാം. കുറെ കഴിഞ്ഞ് സിരകളിലൂടെ ഒഴുകുന്ന  രക്ത്തത്തിൽ അലിഞ്ഞു ചേർന്ന  കള്ളിന്റെ  ഉന്മാദവും വായിൽ റോജാ പാക്കിന്റെയും വെറ്റിലയുടെയും സുഗന്ധവുമായി മടങ്ങിവരും എന്നിട്ട് ഒന്നുമറിയാത്ത പോലെ ആളുകൾക്കിടയിൽ നടക്കും.. ഇത് പണ്ടത്തെ കാര്യമാണ്. കല്ല്യാണം കഴിച്ചതിന് ശേഷം ചന്ദ്രേട്ടൻ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല. വാലിട്ടെഴുതിയ രണ്ടു തിളങ്ങുന്ന നീല കണ്ണുകൾക്ക്‌ അദേഹത്തെ അതിൽ നിന്നെല്ലാം അകറ്റാനുള്ള ശക്തിവിശേഷം ഉണ്ടായിരുന്നു.

ചന്ദ്രേട്ടന് വീടിനടുത്തായി ഒരു പലചരക്ക്കടയുണ്ട്. അച്ഛന്റെ മരണത്തിനു ശേഷം ചന്ദ്രേട്ടനാണ്   കട നോക്കിനടത്തുന്നത്. ഓരോ ദിവസവും വരവിലും കൂടുതൽ ചിലവ് വന്നപ്പോൾ ആ കട ചന്ദ്രേട്ടന്റെ കൈവിട്ടുപോയി. അതിന്ശേഷം   പണിയൊന്നുമില്ലാതെ ചന്ദ്രേട്ടൻ വീട്ടിൽ കുത്തിയിരിക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റ്  കവലയിലുള്ള പെട്ടിക്കടയിലേക്ക് നടക്കും. ഒരു കാലിച്ചായകുടിച്ചുകൊണ്ട് അവിടെ ബഞ്ചിലിരുന്ന് പത്രം വായിക്കും. പിന്നെ ഒരു സിഗരട്ട് വാങ്ങി പുകച്ചുകൊണ്ട് തിരികെ വീട്ടിലേക്ക് നടക്കും. ഇതാണ് പതിവ്.കയ്യിലെ കാശ് തീർന്നു. വീട്ടുകാരും നാട്ടുകാരും നീരസം പ്രകടിപ്പിച്ചു തുടങ്ങി. ആര് മുന്നിൽവന്നു പെട്ടാലും ആദ്യം ചോദിക്കുക "പണിയൊന്നും ആയില്ലേ ചന്ദ്രേട്ടാ."എന്നാണ് . 

ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് വിഷയം മാറ്റിക്കളയും.  

ഒടുവിൽ എറണാകുളത്ത് ഒരുകോപറെറ്റീവ് സ്റ്റോറിൽ സപ്ളയാറായി പണികിട്ടി.

നിന്നുകൊണ്ടുള്ള പണിയാണ്. ഇടക്ക് സാധനങ്ങൾ എടുക്കുവാൻ വണ്ടിയിൽ കൂടെ പോണം. ബാങ്കിൽ പോയി പണമെടുക്കണം. പണമടക്കണം. അങ്ങനെ ഓരോരോ ജോലിയിൽ മുഴുകി ഏറണാകുളവുമായി ചന്ദ്രേട്ടൻ ഏറെ ഇണങ്ങിച്ചേർന്നു.

കോപറെറ്റീവ് സ്റ്റോറിൽ വച്ചാണ് ചന്ദ്രേട്ടൻ മൂക്കീപൊടിവലിക്കുന്ന ശീലം തുടങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ആർക്കോ ആ ശീലമുണ്ടായിരുന്നു. അയാൾ പൊടിവലിക്കുമ്പോൾ ഇത്തിരി പൊടിവാങ്ങി ചന്ദ്രേട്ടൻ വലിച്ചുനോക്കും. അങ്ങിനെ വലിച്ച് വലിച്ച് ചന്ദ്രേട്ടൻ പൊടിവാങ്ങി ഒരു ചെറിയ ഡപ്പിയിൽ നിറച്ച് മുണ്ടിനടിയിലെ കളസത്തിന്റെ കീശയിലിട്ടു നടക്കാൻ തുടങ്ങി. ചന്ദ്രേട്ടൻ ഇടക്ക് കളസത്തിന്റെ കീശയിൽ നിന്ന് ഡപ്പിയെടുത്ത് കൈ വെള്ളയിൽ പൊടി കുടഞ്ഞിട്ടുകൊണ്ട് പറയും.

"എല്ലാം ഉപേക്ഷിച്ചു സിഗരറ്റുവലി നിർത്തി വല്ലപ്പോഴുമുള്ള കള്ളുകുടി നിറിത്തി. അതെല്ലാം ഒരു തീരുമാനമെടുത്തതിനു ശേഷം പിന്നെ ഈ കൈകൊണ്ട് തൊട്ടിട്ടില്ല. പക്ഷെ ഈ പൊടിനിറച്ച ഡപ്പി ...ഇവൻ മാത്രം എന്നെ വിട്ടുപോകുന്ന ലക്ഷണമില്ല. ഒരുപക്ഷെ എന്നെയും കൊണ്ടാകും പോകുക. ''

പല തവണ ചന്ദ്രേട്ടൻ പൊടിഡപ്പി ഇനിവേണ്ടാ എന്ന് തീരുമാനിച്ച് ദൂരെ വലിച്ചെറിഞ്ഞതാണ് . രണ്ടുദിവസം വലിക്കാതെനിന്നു എന്ന് വരാം. നിയന്ത്രണം വിടുമ്പോൾ  പിന്നെയും ഒരു പുതിയ ഡപ്പി വാങ്ങും.

അരിച്ചാക്കുകൾക്കും പലവ്യഞ്ജനങ്ങൾക്കും എണ്ണപാട്ടകൾക്കും ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്ന് ചുറുചുറുക്കോടെ ചന്ദ്രേട്ടൻ ജോലിചെയ്യും .

ഓണം ക്രിസ്തുമസ് റംസാൻ തുടങ്ങിയ ഉത്സവ സീസണുകളിൽ ചന്ദ്രേട്ടന് നിന്നുതിരിയാൻ സമയം കിട്ടിയില്ല.അങ്ങനെ ഏറെനാൾ കഴിഞ്ഞപ്പോൾ കലശലായ കാൽമുട്ട് വേദന ചന്ദ്രേട്ടനെ വിട്ടുമാറാതെ പിടികൂടി. കുറെ നേരം നിൽക്കുമ്പോൾ രണ്ടു കാൽമുട്ടുകളും നീരുവന്ന് വീർക്കും. രാത്രി മൂന്നുനാല് തലയിണകൾ കാൽമുട്ടുകൾക്കടിയിലും എളിയിലുമൊക്കെ തിരുകി നീണ്ടു നിവർന്ന് വായ പകുതി തുറന്നുവച്ച് കൂർക്കംവലിച്ചാണ് ചന്ദ്രേട്ടന്റെ ഉറക്കം. പാവം വേദനകൊണ്ടല്ലേ എന്നുകരുതി മറ്റുള്ളവർ ഒരിക്കലും നീരസം കാണിച്ചില്ല.

വേദന സഹിക്കാതെയായപ്പോൾ സ്റ്റോറിന്റെ ഒരു മൂലയിൽ ഒരുകസേരയും മേശയുമിട്ട്കൊടുത്ത് ചന്ദ്രേട്ടനെ കണക്കെഴുതാനേൽപ്പിച്ചു. വരവ് ചിലവ് കണക്കുകൾ മനസിലേക്ക് ആവാഹിക്കുന്നതിനൊപ്പം കളസത്തിന്റെ കീശയിൽ നിന്ന് പൊടിഡപ്പിയെടുത്ത് കൈവെള്ളയിൽ കുടഞ്ഞിട്ട് വിരലുകൾകൊണ്ട് ഞെരടിയെടുത്ത് ചന്ദ്രേട്ടൻ ശിരസിലെക്ക് വലിച്ചുകേറ്റിക്കൊണ്ടിരുന്നു.

ഇതിനെല്ലാമിടയിൽ ചന്ദ്രേട്ടൻ ഒരുനല്ല പാചകക്കാരനുമായി. ചന്ദ്രേട്ടനും കൂടെ പണിയെടുക്കുന്നവർക്കും തങ്ങുവാൻ സ്റ്റോറിനു മുകളിലത്തെ നിലയിൽ താമസസൗകര്യമുണ്ട്. അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും ചന്ദ്രേട്ടനാണ്. പാചകത്തിൽ മറ്റുള്ളവർ കൂടെനിന്ന് സഹായിക്കുമെങ്കിലും ചേരുമാനങ്ങൾ ചേരുംപടി ചേർക്കുവാനും നിർദേശങ്ങൾ നൽകുവാനും ചന്ദ്രേട്ടൻ മുന്നിൽവേണം. പാലക്കാട്ടെത്തിയാൽ തിരച്ചുവരുന്നതുവരെ ചന്ദ്രേട്ടന്റെ ഭാര്യക്ക് അടുക്കളയിൽ കയറേണ്ടതില്ലാ എന്നത് പരസ്യമായ ഒരു രഹസ്യമാണ്. അതുപറഞ്ഞ് മറ്റുള്ളവർ കളിയാക്കുമ്പോൾ ചന്ദ്രേട്ടൻ സൗമ്യമായി പുഞ്ചിരിക്കും.

ചന്ദ്രേട്ടൻ ജനിച്ചത് ചിങ്ങമാസത്തിലെ തിരുവോണംനാളിലാണ്. അതുകൊണ്ട് അദേഹം ഇടക്ക് പറയാറുണ്ട്‌ പിറന്നാൾ സദ്യയും ഓണസദ്യയും ഒരുമിച്ചുണ്ണുക ഒരു ഭാഗ്യം തന്നെയാണ്. ഭക്ഷണകാര്യത്തിൽ ഒരു മുട്ട് ഇന്നേവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. ഇപ്പോഴാണെങ്കിൽ നിങ്ങൾക്കൊക്കെ വച്ചു വിളമ്പിതത്തരുവാനുള്ള ഭാഗ്യവും സിദ്ധിച്ചല്ലോ. ഭക്ഷണം കഴിച്ചുകഴിഞ്ഞ് മറ്റുള്ളവർ ആ കൈപ്പുണ്ണ്യത്തെ പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ ചന്ദ്രേട്ടന്റെ ഉള്ളിന്റെ ഉള്ളിൽ എന്തെന്നില്ലത്ത ഒരു ആത്മസംതൃപ്തി തോന്നും.

ഈ സൗഭാഗ്യമൊക്കെ ഉണ്ടെങ്കിലും ചന്ദ്രേട്ടന്റെ ജീവിതം എപ്പോഴും ഒരു മുരടിച്ച ചെടിപോലെയാണ്. മേൽപ്പോട്ട് വളരാതെ കാറ്റും മഴയും വെയിലുമേറ്റ് അതങ്ങനെ വാടാതെനില്ക്കുന്നു. എങ്കിലും ചന്ദ്രേട്ടൻ ജീവിതം ആസ്വദിക്കുന്നുണ്ട്. നാട്ടിലെത്തുമ്പോൾ പേരക്കുട്ടികൾക്ക് മധുരപലഹാരങ്ങൾ വാങ്ങികൊടുക്കുന്നു ഭാര്യയുമൊത്ത് സിനിമക്ക് പോകുന്നു. പുറത്തുപോയി ഭക്ഷണം കഴിക്കുന്നു. എല്ലാവർക്കും പുതിയ ഡ്രസെടുക്കുന്നു തിരിച്ച് പോരുമ്പോൾ കഷ്ടിച്ച് വണ്ടിക്കാശുമാത്രം മടിയിൽതിരുകി എല്ലാവരോടും യാത്രപറഞ്ഞ്‌ ചന്ദ്രേട്ടൻ എറണാകുളത്തേക്ക് തിരിച്ചു പോരും

ചന്ദ്രേട്ടൻ ഇടക്ക് പറയും "ഇവിടെയാകുമ്പോൾ വീട്ടിലെ ഓരോ പ്രശ്നങ്ങളിൽ തലയിട്ട് തല പുണ്ണാക്കണ്ട. അവിടുത്തെ കാര്യങ്ങളൊക്കെ അവിടെയുള്ളവർ നോക്കിക്കൊള്ളും. മാസാമാസം ശമ്പളത്തിന്റെ ഒരുഭാഗം അയച്ചുകൊടുത്താൽമതി. അവരായി അവരുടെ പാടായി. എന്തെങ്കിലുമാകട്ടെ വയ്യ ഓരോരോ തലവേദനകൾ തലയിലെടുത്ത് വയ്ക്കാൻ. അല്ലെങ്കിൽ തന്നെ മുട്ടുവേദന കാര്യമായുണ്ട്. ''

വല്ലപ്പോഴും നാട്ടിൽച്ചെന്ന് കുറച്ചുദിവസം അവിടെ തങ്ങുമ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ ചന്ദ്രേട്ടനോട് വല്ല്യ സ്നേഹമാണ്. ആ സ്നേഹം ചന്ദ്രേട്ടനും ഏറെ ഇഷ്ടപ്പെടുന്നു. കുറച്ചു ദിവസത്തേക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന സൗഭാഗ്യം. നാട്ടിൽതങ്ങുന്ന ദിവസത്തിന്റെ എണ്ണം കൂടുമ്പോൾക്രമേണ പുതുമ നഷ്ടപ്പെടുകയും സ്നേഹപ്രകടനത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞു വരികയും ചെയ്യുമെന്ന് ചന്ദ്രേട്ടന് നന്നായി അറിയാം. എങ്കിലും  വാലിട്ടെഴുതിയ രണ്ടു നീല കണ്ണുകൾ ഒരിക്കലും ഒളിമങ്ങാതെതിളങ്ങികൊണ്ട് തന്നെ  തന്നെ നോക്കിയിരിക്കുമെന്ന് ചന്ദ്രേട്ടന് തീർച്ചയുണ്ട്.

ചന്ദ്രേട്ടന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയാണ്. പണം കടം കൊടുത്തവരെ പിന്നീട് കാണുമ്പോൾ അവർ ചോദിക്കാതെതന്നെ ചിരിച്ചുകൊണ്ട് ചന്ദ്രേട്ടൻ പറയും.

"ഓർമ്മയുണ്ടെട്ടോ. ശമ്പളം കിട്ടിയാൽ ഉടനെ തന്നേക്കാം" അവർക്ക് അത് വിശ്വാസമാണ്. ആ മനസ്സിന്റെ നിഷ്കളങ്കതയിൽ ചിലർ അലിഞ്ഞുപോയിരുന്നതുകൊണ്ട് ചന്ദ്രേട്ടന് വീണ്ടും വീണ്ടും പണം കടം കിട്ടിക്കൊണ്ടിരുന്നു.

എന്നും ഉറങ്ങുന്നതിനു മുമ്പ് ചന്ദ്രേട്ടൻ ഭാര്യയേയും മക്കളെയുമൊക്കെ വിളിച്ച് വിശേഷങ്ങൾ തിരക്കും. ഭാര്യയുമായി ഏറെ നേരം സംസാരിക്കും.

വീട്ടുകാരുമായി സംസാരിച്ചുകഴിഞ്ഞാൽ കുറചുസമയത്തെക്ക് ചന്ദ്രേട്ടൻ വേറെ ഏതോ ലോകത്ത് മുഴുകിയിരിക്കുക സാധാരണമാണ്. എന്നാൽ ഈയിടെയായി അദ്ദേഹം എപ്പോഴും ഏതൊക്കെയോ ചിന്തയിലാണ്ടു പോകുന്നു. പഴയ ആ പുഞ്ചിരി മുഖത്ത് തെളിഞ്ഞു കാണുന്നില്ല. ചന്ദ്രേട്ടന്റെ മനസ്സിനെ എന്തൊക്കെയോ അലട്ടുന്നുണ്ട്. മറ്റുള്ളവർ അത് ശ്രദ്ധിക്കുകയും ചന്ദ്രേട്ടനോട് കാര്യം തിരക്കുകയും ചെയ്തു.

"എന്താ ചന്ദ്രേട്ടാ കാശിന് വല്ല ഞെരുക്കവും...? അതോ വീട്ടിൽ ആർക്കെങ്കിലും വയ്യായ്കയോ മറ്റോ.....?''

"ഹേയ് ഇല്ല! ഒന്നുമില്ല. അങ്ങനെയൊന്നും ഇല്ലാതെയിരിക്കട്ടെ ഭഗവാനെ... ''

കാര്യമിതാണ്‌.  ചന്ദ്രേട്ടൻ ഉടനെ നാട്ടിലെത്തണമത്രെ.

ഭാര്യയും മക്കളും ഇടതടവില്ലാതെ വിളിച്ചു കൊണ്ടേയിരിക്കുന്നു. ''ചേട്ടൻ ഇനി പണിയെടുത്ത് കഷ്ടപ്പെടേണ്ടതില്ല. മക്കൾ മൂന്നുപേരും പണിക്കുപോകുന്നുണ്ട്. മൂത്തവൻ വേറെ വീടുവച്ച് താമസം മാറി. ചേട്ടൻ ഉടനെ നാട്ടിൽ വന്ന് വീട്ടിലെ കാര്യങ്ങൾ നോക്കി ഇനിയുള്ള കാലം ഇവിടെ കഴിയണം. ജോലി വേണമെങ്കിൽ നാട്ടിൽത്തന്നെ തിരക്കാമല്ലൊ.''

പറഞ്ഞു പറഞ്ഞു ഭാര്യ അവസാനം കരച്ചിലും പിഴിച്ചിലുമാകും. മക്കൾ പറയുന്നത് അച്ഛൻ ഇനി വീട്ടിൽവന്ന് വെറുതെ കുത്തിയിരുന്നാൽ മതിയെന്നാണ്. അച്ഛന്റെ കാര്യങ്ങളൊക്കെ ഒരു കുറവും വരുത്താതെ അവർ നോക്കിക്കോളാമത്രേ.

ഇതുവരെ ആരുടേയും ഔദാര്യത്തിൽ കഴിയേണ്ടി വന്നിട്ടില്ല. മക്കളുടേതായാലും....

അതാണ് ചന്ദ്രേട്ടന്റെ മനപ്രയാസം . മധുരിച്ചിട്ട് തുപ്പാനും വയ്യ. കൈച്ചിട്ട് ഇറക്കാനും വയ്യ.

എങ്കിലും ജോലി ഉപേക്ഷിച്ച് ഓരോരുത്തരെയും കെട്ടിപിടിച്ച് സ്നേഹം പങ്കുവച്ച് മനസില്ലാമനസോടെ ചന്ദ്രേട്ടൻ കോപറെറ്റീവ് സ്റ്റോറിന്റെ പടിയിറങ്ങി. തിരിച്ചുകിട്ടാനുള്ള കടമൊക്കെ കൊടുത്തവർ..കൊടുത്തവർ എഴുതിത്തള്ളി. ചിലരൊക്കെ സ്നേഹം പുഞ്ചിരികൊണ്ടും നല്ലവാക്കുകൾ പറഞ്ഞും പ്രകടിപ്പിച്ചു. മറ്റു ചിലർ സ്നേഹം കാശിന്റെ രൂപത്തിൽ ആ ഉള്ളംകയ്യിൽ വച്ചുകൊടുത്തു. ചന്ദ്രേട്ടന്റെ മടിക്കുത്തിനോപ്പം കണ്ണുകളും നിറഞ്ഞുകവിഞ്ഞു കൊണ്ടിരുന്നു.

അങ്ങനെ ചന്ദ്രേട്ടൻ നാട്ടിൽ തിരിച്ചെത്തി

ഇനിയൊരു തിരിച്ചു പോക്കില്ലാ എന്ന തീരുമാനത്തോടെ....

പതിവിലും സന്തോഷത്തോടെയാണ് ചന്ദ്രേട്ടൻ ഈ പ്രാവശ്യം വീട്ടിൽ കയറി ചെന്നത്. ഏതോ പഴയ തമിഴ്പാട്ടിന്റെ വരികൾ മൂളുന്നുണ്ട്.

"ഉന്നെയ് പാർത്തുക്കൊണ്ടിരുന്നാൽ പാട്ട് വരും.....
 അതേയ് പൂങ്കുയിൽ കൂട്ടങ്ങൾ കേട്ട് വരും....
അതേയ് കേട്ടുക്കൊണ്ടിരുന്നാൽ ആട്ടം വരും..
അന്ത ആട്ടത്തിൽ പൊൻമയിൽ കൂട്ടം വരും...." 

സഞ്ചി അരമതിലിൽ ചാരിവച്ചു. വലതുവശത്ത് അരമതിലിനോട് ചേർന്നുള്ള പൈപ്പ് തിരിച്ച് കാലും മുഖവും കഴുകി. യാത്ര ചെയ്തതിന്റെ നല്ല ക്ഷീണമുണ്ട്. ശബ്ദം കേട്ട് ഭാര്യ ഉമ്മറത്ത് വന്നുനോക്കി. അവർ വളരെ സന്തോഷത്തോടെ ചന്ദ്രേട്ടനെവരവേറ്റു. ഭാര്യ നൽകിയ തൊർത്തുമുണ്ടുകൊണ്ട്  മുഖം തുടച്ച് അകത്ത് കയറി ചാരുകസേരയിൽ ഇരുന്നു. 

ഇങ്ങ് അടുത്ത് വാ...

ചന്ദ്രേട്ടൻ കളസത്തിന്റെ കീശയിൽ നിന്ന് എന്തോ പൊതിയെടുത്ത് ഭാര്യക്ക് കൊടുത്തു.

രണ്ട് സ്വർണ കമ്മലുകളാണ്. രണ്ടുംകൂടി ഒന്നര പവനുണ്ട്. നീ ഒന്ന് കാതിലിട്ടെ.. നോക്കട്ടെ..

കുറച്ചു കഴിഞ്ഞപ്പോൾ ഇളയ മകന്റെ ഫോണ്‍ വന്നു. അവൻ തമിഴ്നാട്ടിൽ ഏതോ ജ്വല്ലറിയിൽ സെയിൽസ്മാനാണ്. മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് പോകും.  അച്ഛനെപ്പോ വന്നു? യാത്ര സുഖമായിരുന്നോ? കാലുവേദന എങ്ങിനെയുണ്ട്..  ഞാൻ ഈ ആഴ്ച്ച വരുന്നുണ്ട്. ശബരിമലക്ക്  പോകുവാൻ മാലയിടണം. അച്ഛനും ഇടണം.  അച്ഛനെയും കൊണ്ടുപോകാൻ നെർന്നിട്ടുണ്ട്.ഒഴിഞ്ഞു മാറണ്ടാ. ഇത്തവണ അച്ഛനെ കൊണ്ടുപോയിട്ടെ ബാക്കി കാര്യമുള്ളൂ. നീ എന്തിനാടാ എന്നോട് ചോദിക്കാതെ ഒരൊന്ന് നേരുന്നത് ?. ചന്ദ്രേട്ടൻ തിരിച്ച് ചോദിച്ചു. ആരാ മകനാണോ.. ഇങ്ങ് തന്നെ.. ഭാര്യ അടുത്ത് വന്ന് ഫോണ്‍ പിടിച്ചുവാങ്ങി. 

കാതിൽ മിന്നുന്ന കമ്മലുകളുടെ കനക പ്രഭയിലും ആ നീല കണ്ണുകളുടെ തിളക്കമാണ് ചന്ദ്രേട്ടന്റെ മനസ്സിൽ പതിയുന്നത്. ആദ്യമായി കണ്ടപ്പോഴും ഈ തിളക്കം തന്നെയാണല്ലോ മനസ്സിൽ പതിഞ്ഞത്. 
ചന്ദ്രേട്ടൻ ചാരുകസേരയിൽ ചാരി കിടന്നു..

ഫോണ്‍ ചെവിയിൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഭാര്യ മകനോട് എന്തൊക്കെയോ സംസാരിക്കുന്നു. ഇടക്ക് ചന്ദ്രേട്ടനെനോക്കി ചിരിക്കുന്നുണ്ട്. ഇനിയുള്ള  നിമിഷങ്ങളിൽ ആ കണ്ണുകളുടെ തിളക്കം ചന്ദ്രേട്ടന്റെ മനസ്സിൽ ഇടതടവില്ലാതെ പതിഞ്ഞു കൊണ്ടേയിരിക്കും..

ചന്ദ്രേട്ടൻ പിന്നെയും പതിയെ മൂളി..

"ഉന്നെയ് പാർത്തുക്കൊണ്ടിരുന്നാൽ പാട്ട് വരും.....
 അതേയ് പൂങ്കുയിൽ കൂട്ടങ്ങൾ കേട്ട് വരും...."