Sunday, July 6, 2014

കപ്പലണ്ടി മിഠായി.

രേവതിചേച്ചി കണ്ണുമടച്ചു കിടക്കുകയാണ്. അവരുടെ ആത്മാവ് വേർപ്പെട്ടുപോയെന്ന് ആരൊക്കെയോ പറയുന്നു. പക്ഷെ എനിക്ക് വിശ്വാസം വരുന്നില്ല. ആ മുഖപ്രാസാദം കണ്ടപ്പോൾ അവർ ഇപ്പോൾ കണ്ണുതുറക്കുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. പ്രതീക്ഷയോടെ ഞാൻ അവരുടെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു.പക്ഷെ രേവതിചേച്ചി കണ്ണു തുറന്നതേയില്ല..

ഹാളിൽ തെക്ക് വടക്കായി ഒരു വെള്ളമുണ്ട് വിരിച്ചു.. തേച്ചു മിനുക്കിയ നിലവിളക്കിൽ തിരിയിട്ട് എണ്ണയൊഴിക്കുന്നു. പുറത്ത് ആളുകൾ കൂടുന്നുണ്ട്..

അകത്ത് മുറിയിൽ രേവതിചേച്ചി കിടക്കുന്ന കട്ടിലിനരികിൽ നിൽക്കുന്നവരിലാരോ പറയുന്നു. രാത്രി മുഴുവൻ വേദനകൊണ്ട് കരയുകയായിരുന്നു. ഒരാഴ്ചയായി ഭക്ഷണം കഴിച്ചിട്ടേയില്ല. പക്ഷെ ഒരുമാസം പട്ടിണി കിടന്നപോലെയായി രൂപം . കൈയ്യൊക്കെ കണ്ടില്ലേ  ശോഷിച്ച്  എല്ലും തോലുമായി.

രേവതി ചേച്ചി കരഞ്ഞെന്ന് അവർ പറഞ്ഞത് വെറുതെയാണെന്ന് എനിക്ക് തോന്നി. വേദന അവർ ആഗ്രഹിക്കാതെ അവരെ കരയിചിരിക്കാം. ഞാൻ കണ്ട രേവതി ചേച്ചിക്ക് ചിരിക്കുന്ന മുഖമായിരുന്നു. ഹൃദയം പിളരുന്ന വേദനയിൽ ഞെരിഞ്ഞമരുമ്പോഴും അവരുടെ അധരങ്ങളിൽ മറ്റുള്ളവർക്ക് സമ്മാനിക്കുവാൻ ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു..മറ്റുള്ളവരിൽനിന്ന് അവർ പ്രതീക്ഷിച്ചതും ഒരു പുഞ്ചിരി മാത്രമാണ്..

പഴയ ഓലമേഞ്ഞ കുടിലിൽ അവർ വിശന്നിരുന്നത് പട്ടിണി കൊണ്ടായിരുന്നു.. ഇന്ന്   പട്ടിണിയില്ല. പക്ഷെ അവർക്ക് വിശക്കുന്നുണ്ടായിരുന്നു വേദന കൊണ്ട് ഭക്ഷണം തോണ്ടയിൽനിന്നും ഇറങ്ങിപോയിരുന്നില്ല...

സൗന്ദര്യമില്ലാത്ത മുഖവും മെലിഞ്ഞ ശരീരവും കാൽപാദങ്ങൾ മീൻചിതമ്പൽ പോലെ വന്ന് മൂടുന്ന തൊക്ക് രോഗവും ഉള്ളതുകണ്ടാണ് അവരെ കല്യാണം കഴിക്കാൻ ആരും വരാഞ്ഞതെന്ന് ആരോ പറഞ്ഞു .  പക്ഷെ ഞാൻ കണ്ട രേവതിചേച്ചി സൗന്ദര്യവതിയായിരുന്നു... 

കുഞ്ഞുനാളിൽ ആ വീട്ടിൽ കയറിചെന്നപ്പോഴൊക്കെ അവരെനിക്ക് കപ്പലണ്ടി മിഠായി തരുമായിരുന്നു. പുഞ്ചിരിച്ചു കൊണ്ട് അവർ പറയുന്ന സ്നേഹം നിറഞ്ഞ വർത്തമാനങ്ങൾക്ക് കപ്പലണ്ടി മിറായിയുടെ മധുരമായിരുന്നു. 

ഓരോരോ കാഴ്ച്ചകൾ മനസ്സിലൂടെ മിന്നായം പോലെ കടന്നുപോയ്.. ഉമ്മറത്ത് കസേരയിൽ എന്തോ ചിന്തിച്ചിരിക്കുന്ന രേവതി ചേച്ചി. ചിലപ്പോൾ കസേരയിലിരുന്ന് പാവാടയോ സാരിയോ തുന്നിക്കൊണ്ടിരിക്കുന്ന രേവതി ചേച്ചി. ചിലപ്പോൾ പരന്ന പാത്രത്തിൽ കാൽപാദങ്ങളിറക്കിവച്ച് മരുന്ന് കലക്കിയ ചൂടുവെള്ളം കൊണ്ട് ധാരകോരുന്ന രേവതി ചേച്ചി..

അന്നൊരിക്കൽ കുഞ്ഞുനാളിൽ പതിവുപോലെ ഞാനാവീട്ടിൽ കയറിചെന്നു. അച്ഛന്റെ കയ്യിൽ നിന്നും എന്തിനോ ചീത്ത കേട്ടിട്ടുള്ള വരവാണ്. രേവതിചേച്ചി ഉമ്മറത്ത് കസേരയിലിരുന്ന് വസ്ത്രം തുന്നികൊണ്ടിരിക്കുകയാണ്. ഞാൻ അവരുടെ അടുത്ത് വന്ന് ഗൗരവം നടിച്ചു നിന്നു. അവരെന്നെ അടുത്ത് ചേർത്ത് നിർത്തിയിട്ട്  എനിക്കായി കരുതിവച്ചിരുന്ന കപ്പലണ്ടി മിഠായി പാക്കറ്റ് പൊട്ടിച്ച് ഒരുകഷ്ണം എന്റെ വായിൽ വച്ചുതന്നു. 

എന്നിട്ട് എന്റെ തലയിൽ തടവികൊണ്ട് പറഞ്ഞു..
എന്തിനാ നീ കുറുമ്പ് കാണിക്കുന്നേ.. അതോണ്ടല്ലേ അച്ഛൻ വഴക്കുപറയുന്നത്..
ദേ.. നോക്കിയേ.. എന്റെ കയ്യിൽ ഈ ഒരു കഷ്ണം കപ്പലണ്ടി മിഠായിയെ ഉള്ളു. 
ഇത് തരണമെങ്കിൽ നീയൊന്ന് ചിരിക്കണം..
നല്ല കുട്ടിയല്ലേ ഒന്ന് ചിരിക്കടാ...
പിന്നെയും ഏറെനേരം അവരോടൊത്ത്‌ ചിലവഴിച്ചു അവർ പിന്നെയും കുറേ വർത്തമാനങ്ങൾ പറഞ്ഞു. ഇടക്ക് പൊട്ടിചിരിച്ചു. ഞാനും ചിരിച്ചു.

 എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഒന്ന് മയങ്ങിപോയതാണ്. ചുറ്റും നോക്കി നല്ല ഇരുട്ട്.. കറണ്ട് പൊയിട്ട് കുറെ നേരമായി. നന്നായി വിയർത്തു. ഈ മിഥുനമാസത്തിലും മഴ പെയ്യാത്ത രാത്രികളിൽ അസഹ്യമായ ചൂടാണ്.  തൊട്ടപ്പുറത്ത് മെഴുകുതിരി വെട്ടത്തിൽ ആരൊക്കെയോ ഇരുന്ന് വർത്തമാനം പറയുന്നു. കുറച്ചകലെ പറമ്പിന്റെ മൂലയിൽ  വെളിച്ചം കാണുന്നുണ്ട്. രേവതി ചേച്ചിയുടെ ചിത കത്തിയെരിയുന്നു. കസേരയിൽ നിന്നെഴുന്നേറ്റ്‌ ഞാൻ അങ്ങോട്ട്‌ നടന്ന് ചെന്നു.

നീറുന്ന ഹൃദയത്തിലെവിടെനിന്നോ ഒരു പതിഞ്ഞ സ്വരം മന്ത്രിച്ചുകൊണ്ടിരിക്കുന്നു...

"നല്ല കുട്ടിയല്ലേ ഒന്ന് ചിരിക്കടാ...."

ഞാൻ ചിരിക്കാതെയും കരയാതെയും ഒരു നിർവികാരമായ മനസ്സോടെ കത്തിയെരിയുന്ന ആ ചിതയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്നു.

...ശുഭം..

16 comments:

 1. നീറുന്ന ഹൃദയത്തിലെവിടെനിന്നോ ഒരു പതിഞ്ഞ സ്വരം മന്ത്രിച്ചുകൊണ്ടിരിക്കുന്നു...

  "നല്ല കുട്ടിയല്ലേ ഒന്ന് ചിരിക്കടാ...." നല്ല കഥ ആശംസകൾ

  ReplyDelete
 2. ചിരിക്കുന്ന മുഖമായിരുന്നു.ആ മുഖം അങ്ങനെ തന്നെ ഇരിക്കണം.മറ്റുള്ള കാഴ്ചകള്‍ അതുകൊണ്ടു മനപൂര്‍വ്വം ഒഴിവാക്കുന്നു.

  ReplyDelete
 3. രേവതിചേച്ചി ഒരു നൊമ്പരമായി ,,,ഇപ്പോള്‍ വായനക്കാരുടെ ഹൃദയത്തിലും ,,, കുഞ്ഞു വരികളില്‍ ഒതുക്കി പറഞ്ഞു.

  ReplyDelete
 4. രേവതിചേച്ചി യെ പോലെയുള്ള സ്ത്രീകളെ ഗ്രമാന്തരങ്ങളില്‍ എങ്ങും എവിടേയും കാണാം .കഥ എന്നതിനേക്കാള്‍ ഓര്‍മക്കുറിപ്പുകള്‍ എന്ന് തോന്നിപ്പിച്ചു .aashamsakal

  ReplyDelete
 5. കഥ നന്നായിരിക്കുന്നു...
  ആശംസകൾ.....

  ReplyDelete
 6. എല്ലാം അടക്കിയും ഒതുക്കിയും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ല മനസ്സുകള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്.

  ReplyDelete
 7. അതിഭാവുകത്വമില്ലാതെ നന്നായി പറഞ്ഞു. ഇഷ്ടപ്പെട്ടു.

  ReplyDelete
 8. ഏകാന്തതയുടെ തുരുത്തില്‍ നിന്നൊരു സ്നേഹ ഗീതം...നല്ല കഥയ്ക്ക് ആശംസകള്‍...!

  ReplyDelete
 9. ചിരിക്കുന്ന മുഖവും കരയുന്ന മനവുമായി പല മനുഷ്യര്‍.
  കഥ വളരെ ലളിതവും ആകര്‍ഷകവുമാണ്.

  ReplyDelete
 10. മരണം ഉണ്ടാക്കുന്ന ശ്യൂന്യത ! സ്നേഹം എന്ന വികാരത്തിന്‍റെ തീവ്രത ....! ഇതൊക്കെ വരച്ചു കാട്ടുന്നു. ഒരു ചിരിയുടെ ഭംഗി മനസ്സുകളില്‍ മായാതെ നിര്‍ത്തുന്ന നല്ല ഒരു കഥ.

  ReplyDelete
 11. മരണത്തെ ഇത്ര വിശദമായി പറയുന്നത് എനിക്കു സഹിക്കാനാകുന്നില്ല, വായിച്ചു

  ReplyDelete
 12. Nannayi ezhuthi Gireesh...ashamsakal....

  ReplyDelete
 13. ഉള്ളില്‍ കനലെരിച്ച് ഇങ്ങിനെയുമുണ്ട് ജീവിതത്തിന്റെ പാഠഭേദങ്ങള്‍ ....mail കിട്ടിയപ്പോള്‍ വന്നതാണ് .സന്തോഷം .

  ReplyDelete
 14. എന്ത് നാം പറയുമ്പോഴും, ആ പറയുന്നതിലെ ഭംഗിയും
  ശൈലിയും,കഥാ ആശയത്തേക്കാള്‍ വായനക്കാരന് സ്വീകാര്യ
  മാകുമ്പോള്‍ അത് എഴുത്തുകാരനെ കൂടിയുള്ള സ്വീകാര്യതയായി
  കാണാം.
  ആശംസകള്‍

  ReplyDelete
 15. ലളിതവും സുന്ദരവുമായ രചന. വരികള്‍ മുമ്പത്തെക്കാളും ശ്രദ്ധയോടെ രചിച്ചിരിക്കുന്നു. സ്നേഹവും വേര്‍പാടും നൊമ്പരങ്ങളും ഒത്തിരി ഭംഗിയോടെ കോര്‍ത്തിണക്കിയ നല്ല കഥ. ഇഷ്ടപ്പെട്ടു. എനിക്ക് തോന്നിയ ഒരു കുഞ്ഞു അഭിപ്രായം പറഞ്ഞോട്ടെ.?
  ""നല്ല കുട്ടിയല്ലേ ഒന്ന് ചിരിക്കടാ...."

  ഞാൻ ചിരിക്കാതെയും കരയാതെയും ഒരു നിർവികാരമായ മനസ്സോടെ കത്തിയെരിയുന്ന ആ ചിതയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്നു."
  ഇവിടം കൊണ്ട് കഥ നിര്‍ത്തുന്നുവെങ്കില്‍ അല്പ്പം കൂടി ഭംഗി ഏറുമെന്ന് തോന്നീട്ടൊ.
  എന്താന്നൊ അതിനു ശേഷം വന്ന ""ചിലരുടെ ജീവിതം ഇതുപോലെയാണ് ഈ കത്തിയെരിയുന്ന ചിതപോലെ." എന്ന വരിക്ക് എന്തോ ഒരു സുഖക്കുറവ് തോന്നിച്ചു. പിന്നെ, ....."അതിലെ കനലുകൊണ്ട് മറ്റുള്ളവർ പൊള്ളാതിരിക്കാൻ അവർ ആവുന്നതും ശ്രമിക്കും.

  രേവതി ചേച്ചിയും അതുപോലെ എരിഞ്ഞൊടുങ്ങിയ ഒരു ചിതയായിരുന്നു..".....ഈ ഭാഗം പറയാതെ തന്നെ വായനക്കാര്‍ക്ക് അത് മനസ്സിലാവുന്നുണ്ട് അത് വരെ പറഞ്ഞ കഥാഭാഗത്ത് നിന്നും.
  ചിലത് പറയാതിരുന്നാല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നാറുണ്ട്. അത് കൊണ്ട് പറഞ്ഞതാട്ടൊ. ഒന്നും തോന്നരുത്.

  ReplyDelete
 16. നല്ല കഥ.

  നന്നായെഴുതി, ആശംസകള്‍

  ReplyDelete