Monday, April 13, 2015

ചവ്വുമിഠായിയും അമൃതചൂർണവും

മുത്തുസ്വാമിയുടെ അച്ചന് ചവ്വുമിഠായി ഉണ്ടാക്കി വിൽക്കുന്ന ജോലിയായിരുന്നു. ശർക്കര ഉരുക്കി എടുത്ത്  ചെറിയ ഉണ്ടകളായി ഉരുട്ടി ഉണ്ടാക്കുന്ന  ഒരുതരം മിഠായി. അടുത്തുള്ള പള്ളികുടത്തിന് അരികിലായി ഒരു പെട്ടികടയുണ്ട് അവിടെയാണ് വിൽപ്പന. മുത്തുസ്വാമിയും ചവ്വുമിഠായി ഉണ്ടാക്കാൻ പഠിച്ചു. അങ്ങിനെയിരിക്കെ മുത്തുസ്വാമിയുടെ അച്ഛൻ മരിച്ചു. പിന്നീട്  മുത്തുസ്വാമി ഒറ്റക്ക് ചവ്വു മിഠായി ഉണ്ടാക്കി വിൽക്കുവാൻ തുടങ്ങി. പള്ളികുടമുള്ള ദിവസങ്ങളിൽ ചവ്വുമിഠായി വിൽപ്പന തകൃതിയായി നടന്നു. വേനലവധിക്ക് പള്ളകുടം അടച്ചപ്പോൾ മുത്തുസ്വാമി കഷ്ട്ടത്തിലായി. കൊച്ചു കുട്ടികളോളം ചവ്വുമിഠായി നുണയാൻ മുതിർന്നവർക്ക് കൊതില്ലല്ലോ. അങ്ങിനെയെങ്കിൽ പള്ളികുടം തുറക്കുന്നത് വരെ വിൽക്കുവാൻ വേറൊരു പ്രോഡകറ്റ് കണ്ടെത്തണം. മുത്തുസ്വാമി തലപുകഞ്ഞ് ചിന്തിച്ചു. കണ്ടെത്തുകയും ചെയ്തു...

മുത്തുസ്വാമി വീട്ടിൽ ഒന്നുരണ്ട് ആടുകളെ വളർത്തുന്നുണ്ട്. അവയെല്ലാം കൂടി ഒരുദിവസം എത്രയോ മണി മണി പോലത്തെ ആട്ടുംകാട്ടങ്ങൾ ഇടുന്നു. മുത്തുസ്വാമി അവയെല്ലാം പറുക്കിയെടുത്തു എന്നിട്ട് വെയിലത്ത് വച്ച് ഉണക്കി കുറച്ചു ജീരകവും കൽക്കണ്ടവും ചേർത്ത് വറുത്തെടുത്ത്    നന്നായി പൊടിച്ചു.  ഒരു നല്ല  പേരുമിട്ടു "അമൃതചൂർണം"  ഗാസ്ട്രബിൾ, വയർ സ്തംഭനം, നെഞ്ചെരിച്ചിൽ, പുളിച്ച്തികട്ടൽ എന്നുവേണ്ട വയറ് സംബന്ധമായ എല്ലാ വിഷമതകൾക്കും ഒരു അത്ഭുത മരുന്ന്.

മുത്തുസ്വാമിയുടെ പുതിയ പ്രോഡകറ്റ് ക്ലിക്കായി. വാങ്ങിയവർ വീണ്ടും വാങ്ങാൻ തുടങ്ങി. ഒരുദിവസം എതിരെ വന്ന വടക്കേലെ രാമൻകുട്ടി ആശാൻ പറയുകയാ.. എടൊ വൈദ്യരെ തന്റെ ആ ചൂർണത്തിന്  ഒരു പ്രത്യോക സ്വാദുണ്ട്‌. രാവിലത്തെ പുളിച്ച്തികട്ടലിന് ഇപ്പോൾ  എന്തൊരാശ്വാസം.  ഒരു ബോട്ടിൽ ഇങ്ങെടുക്ക്.. എന്താ അതിന്റെ രഹസ്യം..? മുത്തുസ്വാമി ഒന്ന് ലഘുവായി ചിരിച്ചു. എന്നിട്ട് അതൊക്കെയുണ്ട് എന്ന ഭാവത്തിൽ കണ്ണുകൾ ഇറുക്കി അടച്ചു.

മുത്തുസ്വാമി അങ്ങിനെ മുത്തുസ്വാമി വൈദ്യരായി. പള്ളികുടം അടയ്ക്കുന്നപോലെ മനുഷ്യരുടെ രോഗങ്ങൾക്ക് ഒരു അവധി ഇല്ലാത്തതിനാൽ വൈദ്യർക്ക് ഒരു സ്ഥിര വരുമാനവുമായി..

അമൃതചൂർണത്തിന്റെ ചവർപ്പും മധുരവും കലർന്ന മാസ്മരീക രസാനുഭവത്തിന്റെ പരമരഹസ്യം ആരും അറിയാതിരിക്കുവാൻ എന്നും അയാൾ മനസ്സുരുകി പ്രാർഥിച്ചു.

***********

18 comments:

 1. ഒറ്റമൂലികൾ ഒക്കെ ഇവ്വിധമായിരിക്കും...!

  ReplyDelete
  Replies
  1. എല്ലാം ഇങ്ങനെയായിരിക്കില്ല..
   വായിച്ചതിനു നന്ദി.

   Delete
 2. മുത്തുസ്വാമി വൈദ്യർ കൊള്ളാലോ ഗിരിഷ്.. :) :)

  ReplyDelete
 3. അയ്യേ...ഇനി ഞാനെങ്ങാനും വാങ്ങി തിന്നു കാണുമോ ഈ ആട്ടിന്‍ കാട്ടം.

  എഴുത്ത് നന്നായി

  ReplyDelete
  Replies
  1. ഹേയ് അങ്ങിനെയൊന്നും ഇല്ല.. :)
   നന്ദി റോസ് ലി മാം

   Delete
 4. കഥ കൊള്ളാം.ആശംസകള്‍...

  ReplyDelete
  Replies
  1. നന്ദി മനോജ്‌ ഭായ്

   Delete
 5. ..".ദേ പോണൂ "എന്ന മട്ടിൽ ഒരു തട്ടും തടസോം ഇല്ലാതെ കുത്തനെയുള്ള ഈ കഥ പറച്ചിൽ നന്നായിഷ്ടപ്പെട്ടു ഗിരീഷ്‌ .

  ReplyDelete
 6. ഹല്ലാ!ഇനീപ്പോ ല്ലാം സംശാവൂലോ!കഷ്ടന്നെ.....
  ആശംസകള്‍

  ReplyDelete
  Replies
  1. സംശയിക്കല്ലേ തങ്കപ്പൻ ചേട്ടാ :)
   നന്ദി !

   Delete
 7. ഈ നാരങ്ങ മിട്ടായി ഇത് പോലെ വല്ലതും ആണോ ??? പണി കിട്ടുവോ ?

  ReplyDelete
  Replies
  1. നാരങ്ങ മിഠായിയും ചവ്വു മിഠായിയും അങ്ങിനെയൊന്നും അല്ല. സംശയിക്കണ്ട.. :)
   നന്ദി !

   Delete
 8. മുത്തുസ്വാമി വൈദ്യര്‍ എന്ന ബ്രാന്‍ഡിംഗ് കലക്കി. അതില്‍ ഒരു മാര്‍ക്കറ്റിംഗ് സ്‌കില്‍ ഉണ്ട്. പരിഷ്‌കാരികളായ മന്ദബുദ്ധികളുടെ നാട്ടില്‍ ഇതിലപ്പുറവും നടക്കും. കാച്ചിയ എണ്ണ ഉപയോഗിക്കുന്നതാണ് മുടിയ്ക്കും ആരോഗ്യത്തിനും നല്ലത്. എന്നാലും ആള്‍ക്കാര്‍ അത് ഉപയോഗിക്കില്ല. പക്ഷെ ധാത്രിയെന്നോ, ദീദിയെന്നോ, ഇന്ദുലേഖയെന്നോ ഒക്കെ ലേബലൊട്ടിച്ചു കൊടുത്താല്‍ കരി ഓയിലായാലും ആളുകള്‍ വാങ്ങി തേക്കും. ഇന്നത്തെ കാലത്ത് ആട്ടിന്‍ കാട്ടമല്ല, പട്ടിക്കാട്ടം വരെ തിന്നാന്‍ പരിഷ്‌കാരികളായ മന്ദബുദ്ധികള്‍ തയ്യാറായി നില്‍ക്കുവാ.. സൂപ്പര്‍ബ്രാന്‍ഡ് എന്ന ഒരൊറ്റ ലേബല്‍ മാത്രം മതി.

  ReplyDelete
  Replies
  1. വളരെ നന്ദി സുധീർ ഭായ്.

   Delete
 9. ഇതുപോലെ അനേകം മുത്ത്‌ സ്വാമികൾ നമ്മുടെ ഇടയിലുണ്ട് ... ആശംസകൾ സുഹൃത്തേ ഈ ഓർമ്മപ്പെടുത്തലിന്.

  ReplyDelete
 10. അതുകലക്കി...
  ഹാസ്യത്തിലൂടെ അവതരിപ്പിച്ചെങ്കിലും നല്ല വിഷയം..
  ഇങ്ങനെതന്നെയാണ് ഓരോ വൈദ്യന്മാര്‍ രൂപപ്പെടുന്നത്..
  വിശ്വാസമാണ് നമ്മെ സുഖപ്പെടുത്തുന്നത്..

  ReplyDelete