Friday, October 18, 2013

ഈ വഴി വീണ്ടും.......

കുറെ നാളായി ഇവിടെ വന്നിട്ട്. അന്നത്തെ  സംഭവത്തിനു ശേഷം പിന്നെ ഈ വീട്ടിലേക്ക് വരാൻ തോന്നിയിട്ടേയില്ല. സ്വന്തം വീട് പോലെയായിരുന്നു ഒരുനാൾ. എപ്പോഴും വരാം എവിടെ വേണമെങ്കിലും കയറിച്ചെല്ലാം. അടുക്കളയിൽ കയറി വറുത്തതും പോരിച്ചതുമൊക്കെ കൈയ്യിട്ട് വാരി കഴിക്കാം. എത്രയോ തവണ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരിക്കുന്നു. ഇത്തിരിയുംകൂടി കഴിക്ക് കുട്ടാ എന്ന് പറഞ്ഞ് വീണ്ടും വീണ്ടും വിളമ്പിതന്നപ്പോൾ എന്റെ അമ്മയുടെ സ്നേഹം ഇവിടത്തെ അമ്മയുടെ മുഖത്തും ഞാൻ കണ്ടു.

      ഉമ്മറത്തെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയാണ്. കോളിംഗ് ബെല്‍ അമർത്താൻ കൈയ്യുയർത്തിയപ്പോൾ വിരലുകൾ വിറക്കുന്നു. നെഞ്ചിടിപ്പ് കൂടുന്നുണ്ട്. എങ്ങിനെ ഞാൻ ആ മുഖത്ത് നോക്കും. എന്നെ കാണുമ്പോൾ അവരുടെ വികാരമെന്തായിരിക്കും. പഴയതെല്ലാം ഓർമ വരുമോ. പൊട്ടി കരയുമോ അവർ. ആ സങ്കടം കാണാൻ വയാഞ്ഞിട്ടാണല്ലോ ഇത്രയും നാൾ ഈ മുറ്റത്ത് കാലുകുത്താഞ്ഞത്.

 കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചു നിന്നു. ഒരു പൂവൻ കോഴി തല മെല്പൊട്ടുയർത്തി ചിറക് വിടർത്തി ഒന്ന് കുടഞ്ഞ്‌ പിന്നെയും എന്തൊക്കെയോ കൊത്തിപെറുക്കുന്നുണ്ട്. കിണറിനരികിലെ പപ്പായ ചെടിയുടെ ഉണങ്ങിയ തണ്ട് അടർന്നു വീണു. പപ്പായ ചെടിയുടെ തുഞ്ചത്ത് നിന്നും ഒരു അണ്ണാറകണ്ണൻ  തൊട്ടടുത്തെ ഇലഞ്ഞിമര കൊമ്പിലേക്ക് ചാടികയറി ഒരു കാക്ക അതിന്റെ തല താഴോട്ടും മേൽപ്പോട്ടും വെട്ടിച്ചു നോക്കി പെട്ടന്ന് എങ്ങോട്ടോ പറന്നു പോയി. സൂര്യൻ തലക്ക് മുകളിൽ  കത്തി എരിയുന്നുണ്ട്. മുറ്റം നിറയെ തീനാളങ്ങൾ പോലെ വെയിൽ ഇരചിറങ്ങുന്നു. വല്ലാത്ത ഉഷ്ണം. വരാന്തയിലേക്ക്‌ കയറിനിന്ന് ഒന്നുംകൂടി  കോളിംഗ് ബെല്ലിൽ വിരലമർത്തി.

 ശ്രീദേവി ചേച്ചി കൈയ്യിൽ ഒരു കൈക്കുഞ്ഞുമായി കതകു തുറന്നുവന്നു ആദ്യം കണ്ടപ്പോൾ എന്നെ മനസിലായില്ല. പിന്നെ സൂക്ഷിച്ചു മുഖത്തേക്ക് നോക്കിയിട്ട് "അയ്യോ അനന്തുവല്ലെ അത്ഭുതമായിരിക്കുന്നല്ലോ" എന്ന് പറഞ്ഞപ്പോൾ ഞാനും ആശ്ചര്യപ്പെട്ടു.

ചേച്ചിയുടെ കണ്ണുകൾ അതിശയംകൊണ്ട് തിളങ്ങുന്നുണ്ട്.

"എവിടെയായിരുന്നു ഇതുവരെ
അകത്തേക്ക് കയറിയിരിക്ക്
ചായയിടാം
അമ്മ ഊണുകഴിഞ്ഞ് ഉറങ്ങുകയാണല്ലോ.
ഇരിക്ക് അനന്തു ..
എന്നാലും കല്ല്യാണത്തിനെങ്കിലും ഒന്ന് വാരായിരുന്നു.
ഞാൻ പ്രതീക്ഷിച്ചു നിന്നെ
എന്താ വരാഞ്ഞത്? "

ഞാൻ എന്ത് പറയണമെന്നറിയാതെ പരുങ്ങിനിന്നു.
കുറച്ച് നേരത്തെ മൌനത്തിനു ശേഷം ഇത്രയും പറഞ്ഞൊപ്പിച്ചു.
"അറിഞ്ഞിരുന്നു.
അമ്മ വിളിക്കുമ്പോൾ പറയാറുണ്ട്‌ വിശേഷങ്ങൾ
 ലീവ്  കിട്ടിയില്ല അതാ. "
കള്ളം പറഞ്ഞു തടിതപ്പിയെങ്കിലും എനിക്ക് മുഖത്തെ ചമ്മൽ മറയ്ക്കാനായില്ല.
 ഞാൻ കുട്ടിയെ കയ്യിലേക്ക് മേടിച്ചു. നല്ല പഞ്ചാര കുടം പോലത്തെ കൊച്ച്. മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട് പഹയൻ. ഒരുപക്ഷെ ഇവനും മനസിലായി കാണുമോ എന്നെ, ഈ വീടിന്റെ ആത്മാവിന്റെ ഭാഗം തന്നെയായിരുന്നില്ലേ ഒരിക്കൽ ഞാൻ. അന്ന് നിക്കറിട്ട് നടന്നിരുന്ന പ്രായത്ത്നിന്നും ഞാൻ എത്രയോ വളർന്നിരിക്കുന്നു  മീശയും താടിയുമൊക്കെ വച്ച് ഞാൻ വലിയ ആളായിട്ടും തിരിച്ചറിഞ്ഞിരിക്കുന്നു എന്നെ.. അനന്തുവല്ലേ എന്ന ചോദ്യം കേട്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.

 അന്നത്തെ ആ സംഭവത്തിനു ശേഷം ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല. അന്ന് പുറംനാട്ടിൽ ജോലി കിട്ടിയപ്പോൾ ഈ ഓർമകളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ശരിക്കും. ഈ മണ്ണിലെ ഓരോ പുൽതലപ്പുകളിലുമുണ്ട് മൊട്ടിട്ട്‌ വിരിഞ്ഞ് കണ്ണുനീർ തുള്ളിപോലെ പൊഴിയുന്ന കൊച്ചു കൊച്ചു ഓർമ പൂവുകൾ. ഓരോ തവണ നാട്ടിൽ വരുമ്പോഴും ഈ വീട്ടിൽ മാത്രം കയാറാതെ മടങ്ങിപോയീ. ഇത്തവണ പക്ഷെ  എന്റെ അമ്മ പറഞ്ഞു "ഇവിടത്തെ അമ്മക്ക് സുഖമില്ല.. ഒന്നു കണ്ടിട്ട് പോടാ അവർ അന്യോഷിച്ചിരുന്നു നിന്നെ" എന്ന് ശാസിച്ച് പറഞ്ഞപ്പോൾ ഒന്ന് കയറാതിരിക്കാനായില്ല ഇവിടെ. ശ്രീദേവി ചേച്ചി ചായയും കൊണ്ടുവന്നു കൊച്ചിനെ എന്റെ കയ്യിൽനിന്നും  മേടിച്ചു. ഒപ്പം വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
"ഏട്ടൻ  എറണാകുളത്ത് ബാങ്കിലാ  എസ് ബി ടിയിൽ..
 കല്യാണം കഴിഞ്ഞതിൽപിന്നെ ചേട്ടന്റെ വീട്ടിലായിരുന്നു തൃശ്ശൂര്,
അമ്മയേയും  അച്ഛനേയും അങ്ങോട്ട്‌ കൊണ്ടുപോയി.
ഏട്ടന് രണ്ടുമാസം മുമ്പ് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി
പിന്നെ ഇങ്ങോട്ട് പോന്നു.
അനന്തുവീന്റെ വിശേഷങ്ങൾ പറയു...
 ജോലിയൊക്കെ എങ്ങിനെ പോകുന്നു...
അന്ന് ഈ വീട്ടുപടിക്കൽ സൈക്കിളിൽ നിന്നും വീണ് മുട്ടുകാല് പൊട്ടി ചോരയൊലിപ്പിച്ച് പേടിച്ചരണ്ടു നിന്ന പയ്യനല്ലേ നീയ്. ഞാനാ നിന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത് ഓർമ്മയുണ്ടോ നിനക്ക്. അഞ്ചാറ് തുന്നലുണ്ടായിരുന്നു പാട് ഇപ്പോഴും കാണും നിന്റെ കാലിൽ. ആകെ മാറിപോയല്ലോ നീയ് ഉയരം വച്ച് മീശയും താടിയും വച്ച് വലിയ ആളായിപോയി. എത്രയൊക്കെ മാറിയാലും ആ പഴയ അനന്തുവിന്റെ മുഖത്തെ നിഷ്കളങ്കതയുടെ അടയാളങ്ങൾ ഇപ്പോഴുമുണ്ട് നിന്റെ മുഖത്ത്. ഇല്ലെങ്കിൽ തിരിച്ചറിയില്ലാലോ. അനന്തു ഇരിക്ക് ഞാൻ അകത്തു പോയി അമ്മ ഉണർന്നോന്ന് നോക്കീട്ട് വരാം"

അന്ന് തറവാട്ടിൽനിന്നും താമസം പുതിയവീട്ടിലേക്ക് മാറിയിട്ട് കുറച്ച് നാളെ ആയുള്ളൂ. വീടിന് മുന്നിൽ വിശാലമായ ഒരു കുളമുണ്ട്. രാവിലെ കുളത്തിന്റെ അരികുകളിൽ ചുവന്ന ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കും. പുതിയ സ്ഥലം.. ആരെയും പരിചയമില്ല. കാണുന്നവർ കാണുന്നവർ ചിരിക്കുകയും വിശേഷം ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. പരിചയമായി വരുന്നേ ഉള്ളു. 

ആ സമയത്താണ് ഞാനവനെ കണ്ടുമുട്ടുന്നത് രാമു എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. ഞങ്ങൾ പരസ്പരം നിഴൽ പോലെയായിരുന്നു ഏതു സമയവും ഞങ്ങൾ ഒരുമിച്ചുണ്ടാകും. അഞ്ചാം ക്ലാസ്സിൽ അവസാനത്തെതിനു തൊട്ടു മുമ്പിലെ ബഞ്ചിൽ എന്റെ അരികിൽ വന്നിരുന്ന നിമിഷം മുതൽ രാമു എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായി. ഭസ്മകുറിയും വെളുത്ത വട്ട മുഖവും പഞ്ചാര പുഞ്ചിരിയുമായി അവൻ എന്റെ ഹൃദയത്തിൽ ചേക്കേറി. അവൻ മാത്രമല്ല അവന്റെ അമ്മ എന്റെയും അമ്മയായി. അവന്റെ അച്ഛൻ എനിക്കും അച്ഛനായി. അവന്റെ ചേച്ചി എനിക്കും ചേച്ചിയായി. ആദ്യത്തെ പെണ്‍കുട്ടിക്ക് ശേഷം ആറ്റുനോറ്റിരുന്ന് വഴിപാടുകൾ നേർന്ന് കിട്ടിയ ഒരേ ഒരു ആണ്‍തരി. അമ്മക്ക് അവനോട് ഏറെ വാത്സല്യമാണ്. രാമാ ഉണ്ണി ഇവിടെവാടാ ആ വിളിയിൽ തേനും പാലും ഒഴുകിയിരുന്നു. അവനെക്കുറിച്ച് അവർ സ്വപ്നങ്ങൾ നെയ്തുകൂട്ടി. പഠിച്ചു മിടുക്കനായി വലിയ ആളായി തീരുന്നതും  നാളെ തങ്ങൾക്ക് ഒരു തണലാകുന്നതും  അവർ സ്വപ്നം കണ്ടു. പഠിക്കുവാൻ അവനും മിടുക്കനായിരുന്നു. അവന്റെ ഉത്സാഹഭരിതമായ മനസ്സ് എനിക്കും ഒരു പ്രചോദനമായി. പഠനത്തിലും കളികളിലും മത്സരങ്ങളിലും മറ്റുള്ളവരേക്കാൾ മുന്നേറി. ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപടുത്തു. ആ ലോകത്ത് അരയന്നങ്ങളെപോലെ വെണ്‍മചൊരിഞ്ഞ് ഞങ്ങൾ ഒഴുകിനടന്നു.

 മനസ്സിന് കൗതുകമുണർത്തുന്ന പുതിയ പുതിയ കാഴ്ചകളിലേക്ക് ഞങ്ങൾ കൈപിടിച്ച് നടന്നു. സ്കൂൾ വീടിന് തൊട്ടടുത്താണ്. വീടിനു മുന്നിലെ കുളത്തിന് കിഴക്ക് വശത്തായി വിശാലമായ വെളിംപറമ്പാണ്. വലിയ പറമ്പിന്റെ മൂലക്കലായി ഒരു കൊച്ചു അമ്പലമുണ്ട്.  കുറുമ്പ ഭഗവതിയാണ് പ്രതിഷ്ഠ. അമ്പലത്തിന് തൊട്ടുമുന്നിലായി അതികം ഉയരമില്ലാത്ത ഒരു ചെറിയ പാലമരം നില്പ്പുണ്ട്. അതിലെ നടന്നുപോകുമ്പോൾ ഞങ്ങൾ പാലമരത്തിന്റെ പൂക്കൾ പൊട്ടിച്ച് നിക്കറിന്റെ കീശയില്ടും. ഒരു പ്രത്യോക ഗന്ധമുണ്ടായിരുന്നു ആ പൂക്കൾക്ക്. കുറച്ച് നീങ്ങി ആകാശം മുട്ടെ തലയുയർത്തി ഒരു വലിയ പനമരം നില്പ്പുണ്ട്. പനംതേങ്ങകൾ താഴെ അവിടവിടെ വീണ് ചിതറികിടപ്പുണ്ടാകും. പനമരത്തിന്റെ കടക്കൽ ചുവന്നപട്ടുകൊണ്ട് ചുറ്റിക്കെട്ടി നിറയെ ആണി അടിച്ചുവച്ചിട്ടുണ്ട്. മുമ്പിൽ ഇഷ്ടികപാകി അതിമ്മേൽ കരിപിടിച്ച ഒരു നിലവിളക്കും കണ്ടു. ആരാണ് പനയുടെ ചുവട്ടിൽ കിടിയിരിക്കുന്നത് എന്നുമാത്രം അറിഞ്ഞില്ല. ഒരുപക്ഷെ ദേവിക്കും പനയുടെ ചുവട്ടിലെ പേരറിയാത്ത  മൂർത്തിക്കുമൊക്കെ ഞങ്ങളോട് അസൂയ തോന്നിക്കാണുമോ. സന്ധ്യക്ക്‌ ദീപാരാധനക്ക്‌  ശേഷം പട്ടും ചിലമ്പുമണിഞ്ഞു ഉറഞ്ഞുതുള്ളിയ വെളിച്ചപാട് തീപാറുന്ന കണ്ണുകളാൽ ഞങ്ങളെ തുറിച്ചുനോക്കികൊണ്ടിരുന്നു.

   സ്കൂളിന് ചുറ്റുമതിലില്ലായിരുന്നു.സ്കൂളും അമ്പലപറമ്പുമോക്കെയായി വിശാലമായി പരന്നുകിടന്നു ഞങ്ങളുടെ വിഹാര കേന്ദ്രം.സ്കൂളിലെ ഓരോ ഇന്റർവെല്ലിലും ഞങ്ങൾ ഈ  മേച്ചിൽ പുറങ്ങളിൽ മേഞ്ഞുനടന്നു അവിടവിടെ തെങ്ങിൻ ചുവടുകളിൽ കെട്ടിയിട്ടിരുന്ന പശുക്കൾ ഞങ്ങളുടെ കലപില കേട്ട് മുരണ്ട് കാതുകൂർപ്പിച്ചുനിന്നു  പറമ്പിന്റെ അതിരെന്നപോലെ വരിവരിയായി നിന്നിരുന്ന പൈൻ മരങ്ങൾക്കപ്പുറം ഒഴുകിയ ചെറിയ കൈതോട് ഞങ്ങൾ ചാടി കടന്നു. പടർന്ന് പന്തലിച്ചുനിന്ന ചന്ദ്രകലമാവിന്റെ ചില്ലയിൽ വടിയെറിഞ്ഞു പൊഴിഞ്ഞുവീഴുന്ന പഴുത്ത് മധുരമുള്ള മാങ്ങകൾ ഞങ്ങൾ സ്വാദോടെ നുണഞ്ഞുനടന്നു. ഇടക്ക് ആരും കാണാതെ വീട്ടിൽ നിന്നും തോർത്ത്മുണ്ട് മോഷ്ടിച്ചു കൊണ്ടുപോയി അമ്പലക്കുളത്തിൽ നീന്തി തുടിച്ചു.

ആയിടക്കാണ് അച്ഛൻ എനിക്ക് സൈക്കിൾ വാങ്ങിതരുന്നത്. പിന്നെ സൈക്കിളിലായി കറക്കം സൈക്കിൾ ചവിട്ടാൻ പഠിച്ചു വരുന്നേയുള്ളൂ. തറവാട്ടിലായിരുന്നപ്പോൾ ഒന്നുരണ്ടുതവണ അമ്മാവന്റെ സൈക്കിളെടുത്ത് ഇടങ്കാലിട്ടു ചവിട്ടിനോക്കിയിരുന്നു. എന്നാലും ബാലൻസായിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്ന് തവണ വീണു. വീഴുന്നതൊക്കെ ഞാനാണ്. രാമു സൈക്കിൾ ചവിട്ടാൻ പഠിച്ചുവരുന്നേയുള്ളൂ. അവസാന വീഴ്ചയാണ് കേമമായത്. അത് പക്ഷെ എന്റെ കുഴപ്പംകൊണ്ടായിരുന്നില്ല. ചെയിൻ തെറ്റിപോയതാണ്. ആദ്യ പ്രാവശ്യം രാവിലെ പാല് മേടിക്കാൻ പോകുന്ന വഴി റോഡരികിലെ പുല്ലിലേക്കാണ് മറിഞ്ഞു വീണത്‌ ഭാഗ്യത്തിന് ദേഹത്തെ തൊലിയൊന്നും പോയില്ല. കുത്തനെയുള്ള ഇറക്കമായപ്പോൾ സ്പീഡ് കൂടി ബാലൻസ് തെറ്റി. രണ്ടാമത്തെ പ്രാവശ്യം വടക്കേലെ സന്ദീപ് ചേട്ടന്റെ സൈക്കിൾ വെട്ടിച്ചു കേറാൻ നോക്കിയതാണ്. ആ സൈക്കിൾ വെട്ടിച്ച് സ്പീഡിൽ ഓടിച്ചുപോയാൽ അഭിമാനം വാനോളം ഉയരുമെന്ന് കരുതി. കാര്യങ്ങൾ മറിച്ചാണ് ആയത് വളവു തിരിഞ്ഞപ്പോൾ കുഴിയിൽ ചാടി ബാലൻസ് തെറ്റി ദേ കിടക്കുന്നു. കയ്യിന്റെ ഒരം കുത്തി വീണു. ഷർട്ട്‌ കീറി കുറച്ചു തൊലിയും പോയീ. അഞ്ചാറ് ദിവസം അങ്ങനെ പോയി. പിന്നെ പിന്നെ ബാലൻസായി എന്ത് അഭ്യാസവും കാണിക്കാം എന്ന ആത്മവിശ്വാസം വന്നു. ആ വിശ്വാസത്തിൽ മൂന്നാം തവണ ഒന്ന് സ്പീഡ് കൂടാൻ വേണ്ടി എഴുന്നേറ്റു നിന്ന് ആഞ്ഞ് ചവിട്ടിനോക്കി. ചെയിൻ തെറ്റി നടുറോഡിൽ മുട്ടുകാല് കുത്തിവീണു. മുറുക്കി തുപ്പിയപോലെ ചുവന്ന് ചോരയോലിച്ചു. വേദന സഹിക്കാം ഓടിക്കൂടിയ ആളുകളുടെ മുഖത്ത് നോക്കുംമ്പോഴുള്ള അപമാനം സഹിക്കാനെ പറ്റിയില്ല.

 പിന്നെ പയ്യെ പയ്യെ രാമുവും സൈക്കിൾ ചവിട്ടാൻ പഠിച്ചു. നടന്ന് ചെല്ലാൻ പറ്റാത്ത അജ്ഞാതമായ സ്ഥലങ്ങളിൽ ഞങ്ങൾ പെട്ടന്ന് പറന്നെത്തി. ഇരുട്ട് നിറഞ്ഞ് ഇരുവശവും നിറയെ ഇല്ലിമരങ്ങൽ നിറഞ്ഞുനിൽക്കുന്ന ആ ഇടവഴിയിലൂടെ ഞങ്ങൾ ആദ്യമായി കടന്നുപോയപ്പോൾ ജിജ്ഞാസയായിരുന്നു മനസ് നിറയെ. ഈ വഴി എവിടെ ചെന്ന് അവസാനിക്കും. വഴി നിറയെ ഉണങ്ങിയ ഇല്ലി ഇലകളാൽ നിറഞ്ഞിരുന്നു. വിചനവും നിശബ്ദവുമായ അന്തരീക്ഷം. ഒരൊറ്റ മനുഷ്യനെ പോലും കണ്ടില്ലാ ആവഴിയിൽ. പ്രകാശത്തിന്റെ നേർത്ത കിരണങ്ങൾ പച്ചപ്പിന്റെ വിടവുകളിലൂടെ അവിടവിടെ ഊർന്നുവീണു ഇടക്കിടക്ക് ചില കിളികളുടെ കളകള  ശബ്ദവും മുളകൾ കാറ്റിൽ ആടി അമർന്നു ഞെരിയുന്ന ഞെരക്കവും മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.

 "തിരികെ പോകാടാ പേടിയാവുന്നു" എന്ന് രാമു പറഞ്ഞപ്പോൾ ആദ്യം മടങ്ങിപോന്നു. ഒന്നുരണ്ടു തവണ അങ്ങിനെ പാതിവഴിയിൽ മടങ്ങി. അവസാനം മനസുറപ്പിച്ച് ഞങ്ങളിരുവരും മാറി മാറി ചവിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പാത ഞങ്ങൾക്കുമുന്നിൽ തുറക്കപ്പെട്ടു. ഒരു ചെമ്മണ്ണ് വിരിച്ച പാതയിൽ ആ ഇടവഴി അവസാനിച്ചു. പാതയ്ക്ക് മറുവശത്തായി വിശാലമായി പരന്നൊഴുകുന്ന പുഴ. പുഴക്കടവിലായി ഒരു പുളിമരം നിൽപ്പുണ്ട്. പുളിമരത്തിന്റെ തണലിൽ ചെന്ന് അങ്ങനെ പുഴയിലേക്ക് നോക്കി നിന്നു. അങ്ങകലെനിന്നും വെള്ളം ഇരുവശത്തേക്കും വകഞ്ഞുമാറ്റി പയ്യെ പയ്യെ ഒഴുകിവരുന്ന ബോട്ടും ഓളം തല്ലുന്ന തെളിനീരലകളും കണ്ടപ്പോൾ മനസ്സ് നിറയെ സന്തോഷംകൊണ്ട് നിറഞ്ഞു. 

പിന്നീട് പലപ്രാവശ്യം ഞങ്ങൾ ഈ വഴി വന്നു. പുഴക്കടവിന്  തൊട്ടടുത്തായി ഒരു പെട്ടികടയുണ്ട്. അവിടെ നിന്നും ശർക്കരമിഠായി വാങ്ങിക്കഴിക്കും. ശർക്കര ഉരുക്കി ഉരുട്ടി ഉണ്ടാക്കുന്ന മിഠായി അലിയാതെ അങ്ങനെ കുറെ നേരം വായിൽ കിടക്കും. ഷർട്ടിടാതെ കഴുത്തിൽ ഒരു  തോർത്തുമുണ്ട് ധരിച്ച ആ പെട്ടിക്കടക്കാരൻഅപ്പൂപ്പനുമായി ഞങ്ങൾ പരിചയത്തിലായി.എത്ര പെട്ടന്നാണ് എല്ലാം മാറി മറിയുന്നത് അത്രയും നേരം തെളിഞ്ഞു നിന്ന സൂര്യൻ എത്ര പെട്ടന്നാണ് ഇരുണ്ട മേഘ പാളികൾക്കിടയിൽ മറഞ്ഞത്. ഒരു ശപിക്കപ്പെട്ട  നിമിഷം. നടുറോഡിലേക്ക് ഉരുണ്ടുപോയ ആ റബർ പന്ത്‌ എടുക്കാൻ  രാമു ഓടിപോയപ്പോൾ അറിഞ്ഞിരുന്നില്ല ഒരു ലോറി വളവു തിരിഞ്ഞു ചീറിപാഞ്ഞ്‌ വരുന്നുവെന്ന്. കണ്ണിൽ ഇരുട്ട് കയറിയപോലെ തോന്നി. പിന്നെ ഒന്നും ഒർമയില്ല ഓർക്കുവാനുള്ള ശക്തിയുമില്ല.

ശ്രീദേവി ചേച്ചി എന്നെ അമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി

എഴുന്നേറ്റ് ചുമരിൽ തലയണ ചേർത്തുവച്ച് അതിൽ ചാരിയിരിക്കുകയാണ് രാമുവിന്റെ അമ്മ

അനന്തുവാണമ്മേ അമ്മയെ കാണാൻ വന്നതാ.. ശ്രീദേവി ചേച്ചി  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

"എവിടെയായിരുന്നെടാ പോന്നു മോനെ നീ..."

കണ്ണുനീർ ഒഴുകിതീർന്ന ആ കണ്ണുകളിൽ നേരിയ ഒരു പ്രകാശം പടരുന്നത്‌ ഞാൻ കണ്ടു.

."രാമൻ ഉണ്ണി വന്നില്ലേ..."

അവർ എന്നെയും ശ്രീദേവി ചേച്ചിയെയും  മുറിയുടെ വാതിൽക്കലേക്കും മാറി മാറി നോക്കി..

."രാമൻ ഉണ്ണി വന്നില്ലേ...

എവിടെ അവൻ 

ഉമ്മറത്ത് നിൽക്കുകയാണോ...  അമ്മയുടെ അടുത്ത് വരാൻ പറയു...

അമ്മ പിണങ്ങില്ലെന്നു പറയ്‌..."

അവർ പിന്നെയും മുറിയുടെ വാതിൽക്കലേക്ക് ഉറ്റു നോക്കി. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു

അവരുടെ അരികിൽ ചെന്ന് കാല്പാദങ്ങളിൽ ശിരസമർത്തിയപ്പോൾ മുഖത്തേക്ക് നോക്കാനാവാതെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ മനസ്സ് ഉരുകുകയായിരുന്നു..

 മുറിക്ക് പുറത്തിറങ്ങിയപ്പോൾ  ഒക്കത്ത് കൈക്കുഞ്ഞുമായി നിന്ന്  ശ്രീദേവി ചേച്ചി പറഞ്ഞു . "അമ്മക്ക്  അന്നത്തേതിനു ശേഷം മനസ്സിന് സുഖമുണ്ടായിരുന്നില്ല. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സ് കൈവിട്ടുപോകും. ഈ സങ്കടം കാണാതെ പറ്റില്ലാലോ അനുഭവിക്കതെയും... ഇനി എന്നാ മടങ്ങിപോണേ. പോകുന്നതിന് മുമ്പ് ഇടയ്ക്കിടയ്ക്ക് വരണംട്ടോ നീയ്.."
ഉം എന്ന് മൂളി.
കൊച്ചിന്റെ മുഖത്ത് ഒന്ന് സ്നേഹത്തോടെ  തടവിക്കൊണ്ട്  ഞാൻ നടന്നകന്നു. മൂടിക്കെട്ടിയ മനസോടെ  തിരികെ പോകുമ്പോൾ  അന്നത്തെ  ശപിക്കപ്പെട്ട നിമിഷം പിന്നാലെ ഉണ്ടായിരുന്നു നിഴൽപോലെ ഒരിക്കലും ഒഴിയാത്ത ഒരു ഭാരമായ്.

******

Wednesday, October 9, 2013

ഓർമയിൽ വിരിയുന്ന പനിനീർ പൂവുകൾ.

എല്ലാം മാറുകയാണ് ഓരോ ദിവസവും ഓരോ മാറ്റങ്ങൾ. കാലം മാറുന്നതിനനുസരിച്ച് കോലങ്ങളും മാറി. പക്ഷെ എങ്ങോട്ടെന്നില്ലാതെ തിരക്കുപിടിച്ച് അലഞ്ഞ് തിരിയുമ്പോൾ ഇതൊന്നും അറിയാതെപോയി കാലത്തിനനുസരിച്ച് ഞാനും ഒഴുകി എങ്ങോട്ടെന്നില്ലാതെ.. ഇന്നിപ്പോൾ ഈ നിമിഷം ഇവിടെ നിൽക്കുമ്പോൾ ഈ ആൽമരചില്ലകളിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത കാറ്റ് ആത്മാവിലേക്ക് ആവാഹിക്കുമ്പോൾ മനസ്സ് തണുക്കുന്നുണ്ട് ഒപ്പം ഒരുപാട് ഒരുപാട് ഓർമകളും ഓടിയെത്തുന്നു. ഒരു പക്ഷെ ഞാൻ എന്നതും വെറും ഓർമ്മകൾ മാത്രമല്ലേ? ഓർമ്മകൾ അവസാനിക്കുന്നതിന്റെ അതിര് വരെയല്ലേ ഞാനുമുള്ളൂ?. അന്നത്തെ തറവാടും മുത്തശ്ശിയും അമ്മമ്മയും അപ്പൂപ്പനും അപ്പൂപ്പന്റെ കൈ പിടിച്ചു നടന്ന ആ ഇടവഴിയും എത്രയോ തവണ മുങ്ങിക്കുളിച്ച് തൊഴുത ഈ കുളവും അമ്പലവും രവിചേട്ടന്റെ ചായക്കടയും കാലം മായ്ച്ചു കളഞ്ഞാലും ഇന്നും ഈ ഒർമകളിലൂടെ അങ്ങനെ പലതും ജീവിക്കുന്നു. ഓടുമേഞ്ഞ് വെള്ളപൂശിയ നീണ്ട ഇടനാഴിയും കൊച്ചു കൊച്ചു മുറികളും ഉള്ള ആ പഴയ തറവാട് എന്നോ പൊളിച്ചുകളഞ്ഞു. പകരം ഒരു വലിയ കോണ്‍ക്രീറ്റ്സൗധം ഉയന്നുവന്നു. ഇന്നവിടെ അമ്മാവനാണ് താമസിക്കുന്നത്. ബാല്യകാലത്ത് ആ മുറ്റത്ത് പിച്ചവച്ച് നടന്നപ്പോൾ പതിഞ്ഞു പോയ എന്റെ കാൽ പാടുകളോടൊപ്പം മറ്റ് പലതുംകൂടി കണ്‍മുന്നിൽ നിന്നും മാഞ്ഞുപോയി. ഉമ്മറത്ത് ഗൈറ്റ് വരെ വരിവരിയായി ഇരു വശത്തും നട്ടുപിടിപ്പിച്ചിരുന്ന ബുഷ്‌ ചെടികളും. ഗൈറ്റിനു ഇരുവശത്തുമായി മതിലിനോട് ചേർന്ന് എന്നും നിറയെ ചുവന്ന പൂക്കളുമായി നിന്ന് ചിരിച്ചിരുന്ന, ഇടയ്ക്കൊക്കെ ഈ കൊച്ച് വിരലുകളിൽ മുള്ളുകൊണ്ട് സ്നേഹത്തോടെ മൃദുവായി നോവിച്ചിരുന്ന ആ കടലാസ് പൂമരങ്ങളും എല്ലാം മാഞ്ഞുപോയി പക്ഷെ മനസ്സിൽ ഓർമകളിൽ ഇപ്പോഴും ജീവിക്കുന്നുണ്ട് എല്ലാം.

തറവാട്ടു മുറ്റത്ത് എത്തിയപ്പോൾ ആദ്യം പരതിയത് കവുങ്ങിൻ മരങ്ങളാണ്. കുരുമുളകും വെറ്റിലയും പടർന്ന്കയറി പച്ച ഉടുപ്പണിഞ്ഞ് പിന്നാമ്പുറത്തെ വിശാലമായ പറമ്പിലും മതിലരികുകളിലും തലയുയർത്തി നിന്നിരുന്ന കവുങ്ങിൻമരങ്ങൾ ചുവന്ന് പഴുത്ത അടയ്ക്കാകുലകളുമായി നിന്ന് ചിരിക്കുമ്പോൾ നീണ്ട കവുങ്ങിൻഓലകൾ കാറ്റിൽ ഉലയുമ്പോൾ താഴെ വെറ്റിലയും കുരുമുളകിന്റെ ഇലകളുമെല്ലാം എന്നെ അടുത്തേയ്ക്ക് സ്നേഹത്തോടെ മാടി മാടി വിളിച്ചിരുന്നു.ഇപ്പോൾ ഉടുതുണിയില്ലാതെ പഴയ ആ പ്രസരിപ്പും പ്രസന്നതയും ഇല്ലാതെ മൂന്നു നാലെണ്ണം അങ്ങിങ്ങ് നിൽപ്പുണ്ട് വംശനാശ ഭീഷണിയോടെ. കവുങ്ങിൻ പാളകൊണ്ട് ഉണ്ടാക്കുന്ന വിശറിയാൽ വീശുമ്പോഴുള്ള ആ കുളിർമ ഇന്ന് ഫാൻ എത്ര സ്പീഡിൽ കറങ്ങിയാലും കിട്ടുന്നില്ല. വെറ്റിലയെകുറിച്ച് പറഞ്ഞപോഴാണ് ഓർമവന്നത് അപ്പൂപ്പന് നന്നായി മുറുക്കുന്ന ശീലമുണ്ടായിരുന്നു. അപ്പൂപ്പൻ അന്ന് ടൌണിൽ പലചരക്ക് കട നടത്തുകയാണ്. അമ്മാവൻ രാവിലെ പോയി കട തുറക്കും. അപ്പൂപ്പൻ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് രാവിലെ പത്ത് മണിയാകുമ്പോൾ കടയിലേക്ക് പോകും. തെക്ക് പടിഞ്ഞാറേ മൂലയിൽ ആണ് അപ്പൂപ്പന്റെ മുറി. ചാരുകസേരയും വട്ടത്തിലുള്ള ടീപോയും ടീപോയിൽ അവിടവിടെ പറ്റിപിടിചിരുന്ന ചുണ്ണാമ്പ്കറകളും മുറുക്കാൻ പെട്ടിയും പിന്നെ ചുമരിൽ ഉയരത്തിൽ ഇരിക്കുന്ന എന്റെ രണ്ടു കൊച്ചു കൈകളും നിവർത്തി വച്ചാൽ എത്താത്തത്രേം നീളമുള്ള റേഡിയോയും ഒക്കെയുള്ള കൊച്ച് മുറി. കുഴമ്പിന്റെയും അരിഷ്ടത്തിന്റെയുമൊക്കെ മണം അതിനകത്ത് തളംകെട്ടി നിൽപ്പുണ്ടാകും. അപ്പൂപ്പൻ കടയിൽ പോയി കഴിഞ്ഞാൽ ഞാൻ പലപ്പോഴും ആ ചാരുകസേരയിൽ ചെന്നിരിക്കും. ചുമരലമാരയിൽ വലിയ ചെപ്പിനകത്ത് വറുത്ത കപ്പലണ്ടി ഇട്ടു വച്ചിട്ടുണ്ട്. വെളുത്തുള്ളിയും വേപ്പിലയും കായപൊടിയും മുളകുപൊടിയും ഒക്കെ ഇട്ട് നല്ല വെളിച്ചെണ്ണയിൽ വറുത്തെടുത്ത കപ്പലണ്ടി. അപ്പൂപ്പന് ഇടയ്ക്ക് കൊറിക്കാൻ ഉണ്ടാക്കി വയ്ചിരിക്കുന്നതാണ്. ഞാൻ അതെടുത്ത് കൊറിച്ച്കൊണ്ടിരിക്കും കപ്പലണ്ടിയും കൊറിച്ചു റേഡിയോ പാട്ടുകളും കേട്ട് ചാരുകസേരയിൽ അങ്ങിനെ കിടക്കാൻ ഒരു സുഖമുണ്ടായിരുന്നു. ഇടയ്ക്ക് ആരും കാണാതെ വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയും മാത്രം ചേർത്ത് പുകയില ചേർക്കാതെ ഞാനും മുറുക്കും. എന്നിട്ട് ഇടയ്ക്ക് കണ്ണാടിയിൽ നോക്കും വായും ചുണ്ടും ചുമക്കുന്നുണ്ടോയെന്ന്. അമ്മയുടെ കയ്യിൽ നിന്നും പലപ്പോഴും നല്ല അടിയും പിച്ചുംമൊക്കെ കിട്ടുന്ന ദിവസങ്ങളിൽ വായക്കും ചുണ്ടിനുമോപ്പം തുടയും ചെവിയും കൂടി ചുമക്കുമായിരുന്നു.

മുത്തശിക്കും ഉണ്ടായിരുന്നു മുറുക്കുന്ന ശീലം. മുത്തശി ഏതു സമയവും ഇടനാഴിയിൽ നിന്നും അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്ന ഇരുട്ട് നിറഞ്ഞ ചായിപ്പിലെ കട്ടിലിൽ ആയിരിക്കും. മുഷിയുമ്പോൾ ഇടയ്ക്ക്  ഉമ്മറത്തേക്ക് വന്ന് കസേരയിൽ ഇരിക്കാറുണ്ട്. അപ്പൂപ്പൻ അവരെ മുറുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. ഉമ്മറത്ത് വന്നിരിക്കുമ്പോൾ അവർ എന്നോട് അപ്പൂപ്പന്റെ മുറുക്കാൻപാത്രം എടുത്തു കൊണ്ട് വാടാ എന്റെ പൊന്നുകുട്ടാ എന്ന് സ്നേഹത്തോടെ തലയിൽ തടവി പറയും.പക്ഷെ അവരോടുള്ള സ്നേഹം കൊണ്ടോ അവരുടെ അസൂഖത്തെ കുറിച്ച് അറിയാവുന്നതുകൊണ്ടോ അപ്പൂപ്പൻ എന്നെ സ്നേഹത്തോടെ വിലക്കുമായിരുന്നു. അപ്പോഴെല്ലാം മുത്തശിയുടെ മുഖത്ത് നിഴലിചിരുന്ന നിരാശ വളരെ ദുഖത്തോടെ ഞാൻ നോക്കികണ്ടു. ഒറ്റ പല്ലുപോലും ഉണ്ടായിരുന്നില്ല മുത്തശിയുടെ വായിൽ. അവർ ഊണ് കഴിക്കുമ്പോൾ മുരിങ്ങാക്കോല് കൈവിരല് കൊണ്ട് ചിരണ്ടി അതിലെ കാമ്പ് വളരെ പ്രയാസപെട്ട് കഴിക്കുന്നത്‌ കാണുമ്പോൾ ചിരിവന്നിട്ടുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കാണാതെയായപ്പോൾ ഉറങ്ങി പോയിട്ടുണ്ടാകും എന്നുകരുതി അമ്മമ്മ മുത്തശിയെ മുറിയിൽ ചെന്ന് വിളിച്ചുകൊണ്ട് വരാൻ പോയതാണ് ആ സമയം മുത്തശി അനക്കമില്ലാതെ കിടക്കുകായിരുന്നു. ആ പകൽ വെളിച്ച ത്തിലെപ്പോഴോ അണഞ്ഞ്‌ പോയെങ്കിലും നെറ്റിയിൽ മായാത്ത ഒരു ഭസ്മകുറിയുമായി ആ പ്രകാശനാളം മനസ്സിൽ ഇപ്പോഴും ഒരു കെടാവിളക്കായി തെളിഞ്ഞു കത്തുന്നു. പൊന്നുകുട്ടാ എന്നുള്ള ആ വിളി ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട്. 

ഞാൻ അപ്പൂപ്പനോടൊപ്പം എന്നും രാവിലെ അര കിലോമീറ്റർ ദൂരെയുള്ള അമ്പലകുളത്തിൽ കുളിക്കുവാൻ പോകും. വരുമ്പോഴും പോകുമ്പോഴും അപ്പൂപ്പൻ എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കും. അമ്പലത്തിന് അടുത്താണ് രവി ചേട്ടന്റെ ചായകട. കുളികഴിഞ്ഞ് അമ്പലത്തിൽ തൊഴുത്‌ തിരിച്ചുപോകുമ്പോൾ ഇടക്ക് അവിടെനിന്നും പുട്ടും കടലയും പാഴ്സൽ വാങ്ങുമായിരുന്നു.അമ്പലത്തിൽ നിന്നും കുറച്ചു മുന്നോട്ട് നടക്കുമ്പോൾ ഇടവഴിയിലേക്ക് തിരിയുന്ന മൂലയിൽ ഒരു പച്ചക്കറി കടയുണ്ട്. എന്നും തിരികെ പോകുമ്പോൾ അപ്പൂപ്പൻ അവിടെനിന്നും പച്ചക്കറി വാങ്ങുമായിരുന്നു. ഇടവഴിലേക്ക് കയറി കുറച്ചു നടന്നു രണ്ടു വളവു തിരിയുമ്പോൾ തറവാടെത്തും അതിനിടയിലെവിടെയോ ആണ് പാൽക്കാരി കാർത്തിയായിനിചേച്ചിയുടെ വീട്. ഞങ്ങൾ എത്തുമ്പോൾ അവർ തൈര് കടയുകയയിരിക്കും. പാല് കുപ്പികളിൽ പകർന്ന് വച്ചിട്ടുണ്ടാവും. ഞാൻ പാൽക്കുപ്പി എടുക്കാൻ അകത്ത് കയരുറുമ്പോൾ ചേച്ചി എന്നും എന്നെ അടുത്തേക്ക് വിളിക്കും എന്നിട്ട് ആ കൈ ഒന്ന് നീട്ടിയെ കുട്ടാ എന്ന് പറഞ്ഞ് എന്റെ കൈവെള്ളയിൽ കുറച്ചു വെണ്ണ തേച്ച്തരും. അപ്പൂപ്പൻ പാൽക്കുപ്പിയും വാങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ കൈയിലെ വെണ്ണ നക്കിതിന്ന് അപ്പൂപ്പന്റെ പിറകെ നടക്കും. 

തറവാടിന്റെ പിന്നിലായി പറമ്പിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ഒരു ചെറിയ കുളമുണ്ട്. കുളത്തിന് ചുറ്റുമായി ഒരാൾ പൊക്കത്തിൽ ഇംഗ്ലീഷ് ചീര നട്ട്പിടിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്തായി ഒരു കറുക മരം നിൽപ്പുണ്ടായിരുന്നു. കറുക ഇലകൾ പൊട്ടിച്ചുതിന്നാൻ ഞാൻ ഇടയ്ക്കിടയ്ക്ക് കുളക്കരയിൽ പോയപ്പോഴായിരുന്നു പടിഞ്ഞാറേ വീട്ടിലെ ലക്ഷ്മി കുട്ടിയെ പരിചയപെട്ടത്. എന്റെ ജീവിതത്തിലേ ആദ്യത്തേതും അവസാനത്തേതും ആയ പ്രേമബന്ധം അതുമാത്രമാണ്. ഞാൻ പൊട്ടിച്ച് നല്കിയിരുന്ന കറുകഇലകളുടെ എരിവും മധുരവും കലർന്ന രസം മാത്രമായിരുന്നില്ല അവൾക്ക് എന്നോടുണ്ടായിരുന്ന സ്നേഹം. അവളെ എന്നിലേക്കും എന്നെ അവളിലേക്കും ആകർഷിക്കുന്നതായ എന്തോ ഒരു ശക്തിവിശേഷം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. ഞാൻ കയ്യിൽ കറുക ഇലകളുമായി പടിഞ്ഞാറേ വേലിക്കരികിൽ പലപ്പോഴും അവളെയും പ്രതീക്ഷിച്ച് നിൽക്കുമായിരുന്നു. ചില ദിവസം ഞാൻ വരുമ്പോൾ അവൾ എന്നെയും പ്രതീക്ഷിച്ച് അവിടെയും നിൽപ്പുണ്ടാകും.ചന്ദനകുറിയണിയുമ്പോൾ എന്റെ മുഖം കാണാൻ നല്ല ചന്തമുണ്ടെന്ന് ഒരിക്കൽ അവൾ പറഞ്ഞു. പിന്നെ എന്നും ചന്ദനകുറി അണിയുകയും കണ്ണാടിയിൽ ഞാൻ മുഖം ശ്രദ്ധിക്കുക്കയും ചെയ്യും. മഞ്ഞ നിറത്തിലുള്ള കൊച്ചുടുപ്പും പച്ച നിറത്തിലുള്ള പാവാടയും അണിയുന്ന ദിവസങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. അതിനും മേലെയായി പതിഞ്ഞ ശബ്ദത്തിൽ കൊഞ്ചി കൊഞ്ചിയുള്ള അവളുടെ വർത്തമാനവും ചിണിങ്ങി ചിണിങ്ങിയുള്ള ആ ചിരിയുമെല്ലാം ഈ മനസിന്റെ മനസിലേക്ക് മകരമാസത്തിലെ മഞ്ഞിന്റെ കുളിര് ആഴത്തിൽ തുളച്ചു കയറുന്ന പോലെ തുളഞ്ഞ് കയറി. അവളുടെ ദേഹത്ത്നിന്നും ഉയരുന്ന പേരറിയാത്ത പൗഡറിന്റെ സുഗന്ധമാണോ അതോ ഇളം നിറമുള്ള കൈകളിൽ കിലുങ്ങിയ കുപ്പിവളകളുടെ നറുമണമാണോ എന്നെ മത്തുപിടിപ്പിച്ചത്. കുളക്കരയിൽ കറുക മരത്തിന്റെ തണലിൽ തണുത്ത കാറ്റും കൊണ്ട് അലക്ക്കല്ലിൻമേൽ കാൽ പാദങ്ങൾ വെള്ളത്തിൽ താഴ്ത്തി വച്ച് എത്രയോ നേരം ഞങ്ങളിരുന്നു. പൊതിഞ്ഞു കൊണ്ടുവന്ന ചോറിൻവറ്റുകൾ വെള്ളത്തിലേക്ക് പയ്യെ പയ്യെ ഇട്ടുകൊടുക്കുമ്പോൾ എവിടെനിന്നൊക്കെയൊ കുറെ മീനുകൾ പൊങ്ങിവന്ന് പുളഞ്ഞ് മറിയും. ആ സമയങ്ങളിൽ അവളുടെ കാൽപാദത്തിലെ നടുവിരലിൽ അണിഞ്ഞ വെള്ളി മോതിരത്തിന്റെ തിളക്കം ആ കണ്ണുകളിലും ഞാൻ കണ്ടു. 

ആയിടയ്ക്കാണ് ഞങ്ങളുടെ വീടുപണി നടക്കുന്നത്. ഞങ്ങൾ എന്നത് ഞാനും അമ്മയും അച്ഛനും ചേർന്ന മൂവർസംഘമാണ് അച്ഛൻ ദൂരെയെവിടെയോ ഒരു വീട് പണിയുന്നുണ്ടെന്നും പണി തീർന്നാൽ അച്ഛനും അമ്മയും എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോകുമെന്നും ഞാൻ മനസിലാക്കിയിരുന്നു. വലിയമ്മ നേരത്തെതന്നെ മാറിപോയി. അവർ നാൽവർസംഘമാണ് വലിയമ്മയും ഭർത്താവും പിന്നെ രണ്ട് ആണ്‍കുട്ടികളും. വെക്കേഷന് അവർ തറവാട്ടിൽ വരുമ്പോൾ ബഹുരസമാണ്. പ്രധാന വിനോദം കുഴിരാശികളിക്കലാണ്. ഉമ്മറത്ത് തുളസിതറയ്ക്ക് മുന്നിലായി അവിടവിടെ മൂന്നുനാല് കുഴികളുണ്ടാക്കി ഒരു രാശിക്കകൊണ്ട് വേറെ രാശിക്കയെ അടിച്ചു തെറിപ്പിച്ച് കുഴിയിൽ വീഴ്ത്തുന്ന ഒരുതരം കളി. രാവിലെ മുതൽ വൈകീട്ട് വരെ ഇതുതന്നെ കളി. ഞാൻ അടിച്ചു തെറിപ്പിക്കുന്ന രാശിക്ക അധികം ദൂരം പോകാത്തത്കൊണ്ടും കുഴിയിൽ എത്ര ശ്രമിച്ചിട്ടും വീഴ്ത്താൻ കഴിയാഞ്ഞതുകൊണ്ടും എനിക്ക് ഈ കളിയിൽ വലിയ ഉത്സാഹമൊന്നും തോന്നിയില്ല. ലക്ഷ്മി കുട്ടിയും കൂടുമായിരുന്നു കളിക്കാൻ. വെക്കേഷന് അവളുടെ വീട്ടിൽ വന്നിട്ടുള്ള അവളുടെ കസിൻസും ഉണ്ടാകും കളിക്കാൻ. അവരുമായൊക്കെ ഞങ്ങൾ വളരെ പരിചയത്തിലായി. വിഷുവിന് അമ്മാവൻ ടൌണിൽ നിന്നും പടക്കം കൊണ്ടുവരും. കൂടുതലും പൊട്ടാത്ത പടക്കങ്ങളാണ് കൊണ്ടുവരുക. അമ്പലത്തിൽ കതിനവെടി പൊട്ടിക്കുന്ന വാസു പിള്ള ചേട്ടൻ ഞങ്ങളുടെ അയൽവാസിയാണ്  50 പൈസ കൊടുത്താൽ ആ ചേട്ടൻ പൊട്ടിക്കുന്ന വെടിയുടെ മുഴക്കം അമ്പത് കിലോമീറ്റർ അകലെ വരെ മുഴങ്ങി കേൾക്കും. വാസു പിള്ള ചേട്ടന്റെ വീടിനുമുന്നിൽ ഗുണ്ടും ഓലപ്പടക്കവും ഒക്കെ ഉണ്ടാക്കി വെയിലത്ത് ഉണക്കാനിട്ടിട്ടുണ്ടാവും. വിഷുവിന് കിട്ടുന്ന കൈനീട്ടങ്ങൾ ഞങ്ങൾ ഒരുമിച്ച് ചേർത്ത് വാസു ചേട്ടന്റെ കയ്യിൽ നിന്നും പടക്കങ്ങൾ വാങ്ങി പൊട്ടിക്കും. വലിയമ്മയുടെ മൂത്ത മകൻ ഓലപ്പടക്കം കയ്യിൽ പിടിച്ച് ചന്ദനതിരികൊണ്ട് തീ കൊളുത്തി മേപ്പോട്ടെറിഞ്ഞു പൊട്ടിക്കുമായിരുന്നു. കുറെ പരിശീലിച്ച് ഞാനുമത് പഠിചെടുത്തു. ലക്ഷ്മിക്കുട്ടിയുടെ മുന്നിൽ ഗമയോടെ ഞാൻ ഓലപ്പടക്കം പൊട്ടിച്ച് കാണിച്ചു. അവൾക്ക് പേടിയാണ് ചെവിപൊത്തി ദൂരെ മാറിക്കളയും. പിന്നെയെപ്പോഴോ വെക്കേഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറി. അന്ന് എല്ലാവരോടും വിടപറയുന്ന ആ ദിവസം ഞാൻ ലക്ഷ്മിക്കുട്ടിക്ക് ഒരു ജിലേബി സമ്മാനിച്ചു. ഞാൻ അവളോട്‌ പറഞ്ഞിരുന്നു ഞങ്ങൾ ഇവിടെനിന്നും ഒരുദിവസം എവിടെക്കോ പോകുമെന്ന്. ജിലേബി കഴിക്കാതെ ഒന്നും മിണ്ടാതെ കുറെ നേരം അവൾ നിന്നു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നോ? അറിയില്ല പക്ഷെ അമ്മ എന്നെ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നടന്നപ്പോൾ അവൾ ആ വേലിക്കരികിൽ എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനവളെ കണ്ടിട്ടില്ല. അടുത്ത വെക്കേഷന് തറവാട്ടിൽ വന്നപ്പോൾ ഒന്നുരണ്ട് ദിവസം പടിഞ്ഞാറേ വേലിക്കൽ പോയിനോക്കിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല. അമ്മമ്മ പറഞ്ഞു അവർ ബാഗ്ലൂരിലേക്ക് പോയെന്ന്. ഇന്നിപ്പോൾ വർഷങ്ങൾ ഏറെയായി എങ്ങോട്ടെന്നില്ലാതെ തിരക്കുപിടിച്ച് അലയുകയായിരുന്നല്ലോ ഇതുവരെ. ഈ നിമിഷം ഈ ആൽമര ചുവട്ടിൽ പഴയ രവിച്ചേട്ടന്റെ ചായക്കടക്കരികിൽ നില്ക്കുമ്പോൾ എന്റെ മനസ് അറിയാതെ പരതുകയാണ് പലതും. മനസ്സിന്റെ അകത്തളങ്ങളിൽ മാഞ്ഞുപോയെന്ന് കരുതിയ ഒർമകളെല്ലാം തികട്ടി തികട്ടി വരുന്നു. കണ്ണ് കലങ്ങുന്നുണ്ട്. ഇടനെഞ്ചിൽ ഒരു പിടച്ചിലും.അപ്പൂപ്പനും അമ്മമ്മയും രവിചേട്ടനും കാർത്തിയായിനിചേച്ചിയുമെല്ലാം എന്നോ മരിച്ചുപോയി. അന്നത്തെ ആ പച്ചക്കറികടയും കാണുന്നില്ല. വിജനമായിരുന്ന ഈ റോഡിലൂടെ കാറുകളും ബസുകളും തെരു തെരെ ചീറി പായുന്നു. എങ്ങും കാതടപ്പിക്കുന്ന ഒച്ചകൾ മാത്രം. എവിടെയാകും അവളിപ്പോൾ.. കല്യാണം കഴിഞ്ഞു കുട്ടികളൊക്കെയായി വലിയ ആളായിക്കാണും.നല്ലതുമാത്രം വരട്ടെ. സന്തോഷമായിരിക്കട്ടെ. ഇനിയൊരിക്കൽ പരസ്പരം കണ്ടാൽ ഞങ്ങൾ തമ്മിൽ തിരിച്ചറിയുമോ അറിയില്ല. പക്ഷെ ഒന്നുമാത്രമറിയാം മഞ്ഞ നിറത്തിലുള്ള ആ കൊച്ചുടുപ്പും പച്ച പാവാടയുമണിഞ്ഞ്‌ അവൾ ഇപ്പോഴും ഈ മനസിന്റെ മനസിനകത്ത് എവിടെയോ ഉണ്ട്.

ഓരോ സായന്തനത്തിലും അകലെ അകലെ മാഞ്ഞുപോകുന്ന സ്നേഹമായ പ്രഭാമയൂഖത്തിനൊപ്പം പലതും മാഞ്ഞ് മറഞ്ഞ് പോകൂന്നു . എന്റെതെന്ന് മാത്രം വിശ്വസിച്ച് നെഞ്ചോട്‌ ചേർത്ത്പിടിച്ച പലതും ഇനിയൊരു ഉദയത്തിൽ തിരിച്ചുവരാതെ....അകലേക്ക്‌... അകലേക്ക്‌.. മാഞ്ഞ്.. മാഞ്ഞ്...

മനസ്സ് കടലായ്മാറി ഇളകി
സ്മൃതി തിരപോൽ ബാക്കിയായി
ദൂരെ മാഞ്ഞു മറഞ്ഞു പോയീ
സ്നേഹമായ പ്രഭാമയൂഖം.


***************