Monday, April 13, 2015

ചവ്വുമിഠായിയും അമൃതചൂർണവും

മുത്തുസ്വാമിയുടെ അച്ചന് ചവ്വുമിഠായി ഉണ്ടാക്കി വിൽക്കുന്ന ജോലിയായിരുന്നു. ശർക്കര ഉരുക്കി എടുത്ത്  ചെറിയ ഉണ്ടകളായി ഉരുട്ടി ഉണ്ടാക്കുന്ന  ഒരുതരം മിഠായി. അടുത്തുള്ള പള്ളികുടത്തിന് അരികിലായി ഒരു പെട്ടികടയുണ്ട് അവിടെയാണ് വിൽപ്പന. മുത്തുസ്വാമിയും ചവ്വുമിഠായി ഉണ്ടാക്കാൻ പഠിച്ചു. അങ്ങിനെയിരിക്കെ മുത്തുസ്വാമിയുടെ അച്ഛൻ മരിച്ചു. പിന്നീട്  മുത്തുസ്വാമി ഒറ്റക്ക് ചവ്വു മിഠായി ഉണ്ടാക്കി വിൽക്കുവാൻ തുടങ്ങി. പള്ളികുടമുള്ള ദിവസങ്ങളിൽ ചവ്വുമിഠായി വിൽപ്പന തകൃതിയായി നടന്നു. വേനലവധിക്ക് പള്ളകുടം അടച്ചപ്പോൾ മുത്തുസ്വാമി കഷ്ട്ടത്തിലായി. കൊച്ചു കുട്ടികളോളം ചവ്വുമിഠായി നുണയാൻ മുതിർന്നവർക്ക് കൊതില്ലല്ലോ. അങ്ങിനെയെങ്കിൽ പള്ളികുടം തുറക്കുന്നത് വരെ വിൽക്കുവാൻ വേറൊരു പ്രോഡകറ്റ് കണ്ടെത്തണം. മുത്തുസ്വാമി തലപുകഞ്ഞ് ചിന്തിച്ചു. കണ്ടെത്തുകയും ചെയ്തു...

മുത്തുസ്വാമി വീട്ടിൽ ഒന്നുരണ്ട് ആടുകളെ വളർത്തുന്നുണ്ട്. അവയെല്ലാം കൂടി ഒരുദിവസം എത്രയോ മണി മണി പോലത്തെ ആട്ടുംകാട്ടങ്ങൾ ഇടുന്നു. മുത്തുസ്വാമി അവയെല്ലാം പറുക്കിയെടുത്തു എന്നിട്ട് വെയിലത്ത് വച്ച് ഉണക്കി കുറച്ചു ജീരകവും കൽക്കണ്ടവും ചേർത്ത് വറുത്തെടുത്ത്    നന്നായി പൊടിച്ചു.  ഒരു നല്ല  പേരുമിട്ടു "അമൃതചൂർണം"  ഗാസ്ട്രബിൾ, വയർ സ്തംഭനം, നെഞ്ചെരിച്ചിൽ, പുളിച്ച്തികട്ടൽ എന്നുവേണ്ട വയറ് സംബന്ധമായ എല്ലാ വിഷമതകൾക്കും ഒരു അത്ഭുത മരുന്ന്.

മുത്തുസ്വാമിയുടെ പുതിയ പ്രോഡകറ്റ് ക്ലിക്കായി. വാങ്ങിയവർ വീണ്ടും വാങ്ങാൻ തുടങ്ങി. ഒരുദിവസം എതിരെ വന്ന വടക്കേലെ രാമൻകുട്ടി ആശാൻ പറയുകയാ.. എടൊ വൈദ്യരെ തന്റെ ആ ചൂർണത്തിന്  ഒരു പ്രത്യോക സ്വാദുണ്ട്‌. രാവിലത്തെ പുളിച്ച്തികട്ടലിന് ഇപ്പോൾ  എന്തൊരാശ്വാസം.  ഒരു ബോട്ടിൽ ഇങ്ങെടുക്ക്.. എന്താ അതിന്റെ രഹസ്യം..? മുത്തുസ്വാമി ഒന്ന് ലഘുവായി ചിരിച്ചു. എന്നിട്ട് അതൊക്കെയുണ്ട് എന്ന ഭാവത്തിൽ കണ്ണുകൾ ഇറുക്കി അടച്ചു.

മുത്തുസ്വാമി അങ്ങിനെ മുത്തുസ്വാമി വൈദ്യരായി. പള്ളികുടം അടയ്ക്കുന്നപോലെ മനുഷ്യരുടെ രോഗങ്ങൾക്ക് ഒരു അവധി ഇല്ലാത്തതിനാൽ വൈദ്യർക്ക് ഒരു സ്ഥിര വരുമാനവുമായി..

അമൃതചൂർണത്തിന്റെ ചവർപ്പും മധുരവും കലർന്ന മാസ്മരീക രസാനുഭവത്തിന്റെ പരമരഹസ്യം ആരും അറിയാതിരിക്കുവാൻ എന്നും അയാൾ മനസ്സുരുകി പ്രാർഥിച്ചു.

***********

Saturday, April 4, 2015

തങ്കപ്പനും കുഞ്ഞപ്പനും

തങ്കപ്പനും കുഞ്ഞപ്പനും കൂട്ടുകാരായിരുന്നു..
തങ്കപ്പൻ ധനികനും കുഞ്ഞപ്പൻ ദരിദ്രനും ആണ്.
കാശിന് ആവശ്യമുള്ളപ്പോഴെല്ലാം തങ്കപ്പൻ കുഞ്ഞപ്പനെ സഹായിച്ചു.
കുഞ്ഞപ്പന്  തങ്കപ്പനോട്‌  ജീവന് തുല്ല്യം സ്നേഹവുമായിരുന്നു..
ഒരു ദിവസം തങ്കപ്പന്റെ വളർത്തുനായ ചത്തുപോയി..
കുഞ്ഞപ്പൻ ഉടനെ തന്നെ തങ്കപ്പന്റെ വീട്ടിൽ ചെന്ന് തങ്കപ്പനെ ആശ്വസിപ്പിക്കുകയും നായയെ കുഴിച്ചിടുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. തിരികെ പോരും നേരം കുഞ്ഞപ്പൻ തന്റെ വിഷമങ്ങൾ  പറയുകയും പിന്നെയും കുറെ കാശ്  തങ്കപ്പനിൽനിന്നും വാങ്ങുകയും ചെയ്തു.

താമസിയാതെ എന്തോ രോഗം വന്ന് തങ്കപ്പൻ കിടപ്പിലായി. കുഞ്ഞപ്പൻ ഇടക്കിടക്ക് തങ്കപ്പനെ കാണാൻ ചെല്ലും. എങ്കിലും പഴയപോലെ കാശൊന്നും തടയുന്നില്ല. പയ്യെ പയ്യെ കുഞ്ഞപ്പൻ ആ പോക്ക് നിർത്തി..പയ്യെ പയ്യെ കുഞ്ഞപ്പൻ തങ്കപ്പനെ ഓർക്കാതെയായി..

കുറച്ചു നാളുകൾക്ക് ശേഷം കുഞ്ഞപ്പൻ ഒരു കുറ്റി ബീഡിയും വലിച്ചുകൊണ്ട് ഒരു പെട്ടികടക്ക് മുന്നിൽ നില്ക്കുകയായിരുന്നു.. അപ്പോഴാണ്‌ ആ വഴി വന്ന ഒരാൾ പറഞ്ഞത്. എടോ കുഞ്ഞാപ്പോ തന്റെ കൂട്ടുകാരാൻ മരിച്ചുപോയി... താൻ അങ്ങോട്ട് പോകുന്നില്ലേ..?

അത് കേട്ട് കുഞ്ഞപ്പൻ പറയുകയാ ഓ.. അയാളുടെ പട്ടിയോ പൂച്ചയോ ആണെങ്കിൽ  ഒന്നുപോകാമായിരുന്നു.. ഇതിപ്പോ അയാളല്ലേ  ചത്തത്  ഇനിയിപ്പോ അങ്ങൊട്ട് പോയിട്ട്  ആരെ കാണിക്കാനാ...? 

Thursday, April 2, 2015

ഒരാൾ


ഒരാൾ.. അയാൾ എന്നും ആരാദനാലയത്തിൽ പോകും.
അയാൾ ഒരു വലിയ വിശ്വാസി.. ദൈവഭയം ഉള്ളവൻ..
അയാൾ പോകുന്നത് അമ്പലത്തിലോ പള്ളിയിലോ അതോ മോസ്ക്കിലോ..? അതോർമ്മയില്ല..
 ആരാദനാലയത്തിലേക്ക് കയറുമ്പോൾ  അയാൾക്ക് വല്ലാത്തൊരു  ഭവ്യത..
സാത്വികമായ മനസോടെ.. ഭയത്തോടെ.. അയാൾ ദൈവത്തെ ദ്യാനിച്ചു നിന്നുപോകും..

ഇപ്പോൾ അയാൾ ബൈക്കിലാണ്.. പെട്ടന്ന് മുന്നോട്ട് നോക്കിയപ്പോളാണ് അയാൾ കണ്ടത് അങ്ങകലെ ദൈവങ്ങൾ  നിൽക്കുന്നു.. കാക്കി വേഷങ്ങളിൽ.. തലയിലാണെങ്കിൽ ഹെൽമറ്റുമില്ല.. അയാൾക്ക് ഭയമായി..സാത്വികമായ മനസോടെ  ദ്യാനനിരതനായി അയാൾ ഇടതുവശത്തെ ഇടവഴിയിലേക്ക് കയറി വേഗത്തിൽ ബൈക്കോടിച്ചു പോയി..

ഇപ്പോൾ അയാൾ ഒരു ഫൈവ്സ്റ്റാർ ബാറിന്റെ മുന്നിലാണ്.. അയാൾ ചുറ്റും നോക്കി.  ആ പരിസരത്തെ പരിചയക്കാരായ ദൈവങ്ങളെ അയാൾക്കിപ്പോൾ ഭയമാണ്.. അതുകൊണ്ട്തന്നെ  സാത്വികമായ മനസോടെ കാൽപെരുമാറ്റം കേൾപ്പിക്കാതെ.. അയാൾ ബാറിലേക്ക് കയറി പോയി..

Sunday, March 29, 2015

ഒരു പകലോർമ

എന്താണ് ആ വളവ് തിരിയുന്നിടത്തുള്ള പെട്ടികടയ്ക്കുമുന്നിൽ ചെല്ലാനിത്ര കൊതി.
കടക്കാരൻ ഇക്കയുടെ ബള ബളാന്നുള്ള ബർത്താനം കേൾക്കാൻ..
കാ‍ന്താരി മുളക് അരച്ച് കലക്കിയ സംഭാരത്തിന്റെ രുചി നുണയാൻ..
അത് മാത്രമല്ല അതിനൊപ്പം
തൊട്ടപ്പുറത്ത് മതിൽകെട്ടിനുള്ളിൽ
കൈയ്യെത്താ വണ്ണമുള്ള തടിയുമായി.
പടർന്നു പന്തലിച്ചു നിൽക്കുന്ന ചന്ദ്രകാരൻ മാവിന്റെ തണലിന്റെ കുളിരുകൊള്ളാൻ..
മാമ്പഴം കൊത്തി തിന്നാൻ വരുന്ന അണ്ണാറകണ്ണന്റെയും  കിളികളുടെയും കലപിലെ കേൾക്കാൻ..
അപ്പോഴാണ്‌  കടക്കാരൻ പറയുന്നത്  ആ പറമ്പ് കച്ചോടായി..
കാറിന്റെ വലിയ ഷോറൂം വരാൻ പോകുവാ. ഈ മരങ്ങളൊക്കെ അവർ വെട്ടി നിരത്തും.. ഇനിയിപ്പോ കച്ചോടം കൂടുമായിരിക്കും..

ഈ തണലിനെയും  മരച്ചില്ലകളിൽ ചേക്കേറുന്ന അണ്ണാറകണ്ണൻമാരെയും  കിളികളെയും അടർന്നു വീഴുന്ന മധുരം നിറഞ്ഞ ഫലങ്ങളേയും എല്ലാം ഉൾക്കൊള്ളാതെ വകഞ്ഞു മാറ്റി നാം എങ്ങോട്ടാണ് പോകുന്നത്...? ഉത്തരം നൽകാതെ വികസനത്തിന്റെ തിരമാലകൾവീണ്ടും വീണ്ടും വീശിയടിക്കുന്നു..

******