Wednesday, October 9, 2013

ഓർമയിൽ വിരിയുന്ന പനിനീർ പൂവുകൾ.

എല്ലാം മാറുകയാണ് ഓരോ ദിവസവും ഓരോ മാറ്റങ്ങൾ. കാലം മാറുന്നതിനനുസരിച്ച് കോലങ്ങളും മാറി. പക്ഷെ എങ്ങോട്ടെന്നില്ലാതെ തിരക്കുപിടിച്ച് അലഞ്ഞ് തിരിയുമ്പോൾ ഇതൊന്നും അറിയാതെപോയി കാലത്തിനനുസരിച്ച് ഞാനും ഒഴുകി എങ്ങോട്ടെന്നില്ലാതെ.. ഇന്നിപ്പോൾ ഈ നിമിഷം ഇവിടെ നിൽക്കുമ്പോൾ ഈ ആൽമരചില്ലകളിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത കാറ്റ് ആത്മാവിലേക്ക് ആവാഹിക്കുമ്പോൾ മനസ്സ് തണുക്കുന്നുണ്ട് ഒപ്പം ഒരുപാട് ഒരുപാട് ഓർമകളും ഓടിയെത്തുന്നു. ഒരു പക്ഷെ ഞാൻ എന്നതും വെറും ഓർമ്മകൾ മാത്രമല്ലേ? ഓർമ്മകൾ അവസാനിക്കുന്നതിന്റെ അതിര് വരെയല്ലേ ഞാനുമുള്ളൂ?. അന്നത്തെ തറവാടും മുത്തശ്ശിയും അമ്മമ്മയും അപ്പൂപ്പനും അപ്പൂപ്പന്റെ കൈ പിടിച്ചു നടന്ന ആ ഇടവഴിയും എത്രയോ തവണ മുങ്ങിക്കുളിച്ച് തൊഴുത ഈ കുളവും അമ്പലവും രവിചേട്ടന്റെ ചായക്കടയും കാലം മായ്ച്ചു കളഞ്ഞാലും ഇന്നും ഈ ഒർമകളിലൂടെ അങ്ങനെ പലതും ജീവിക്കുന്നു. ഓടുമേഞ്ഞ് വെള്ളപൂശിയ നീണ്ട ഇടനാഴിയും കൊച്ചു കൊച്ചു മുറികളും ഉള്ള ആ പഴയ തറവാട് എന്നോ പൊളിച്ചുകളഞ്ഞു. പകരം ഒരു വലിയ കോണ്‍ക്രീറ്റ്സൗധം ഉയന്നുവന്നു. ഇന്നവിടെ അമ്മാവനാണ് താമസിക്കുന്നത്. ബാല്യകാലത്ത് ആ മുറ്റത്ത് പിച്ചവച്ച് നടന്നപ്പോൾ പതിഞ്ഞു പോയ എന്റെ കാൽ പാടുകളോടൊപ്പം മറ്റ് പലതുംകൂടി കണ്‍മുന്നിൽ നിന്നും മാഞ്ഞുപോയി. ഉമ്മറത്ത് ഗൈറ്റ് വരെ വരിവരിയായി ഇരു വശത്തും നട്ടുപിടിപ്പിച്ചിരുന്ന ബുഷ്‌ ചെടികളും. ഗൈറ്റിനു ഇരുവശത്തുമായി മതിലിനോട് ചേർന്ന് എന്നും നിറയെ ചുവന്ന പൂക്കളുമായി നിന്ന് ചിരിച്ചിരുന്ന, ഇടയ്ക്കൊക്കെ ഈ കൊച്ച് വിരലുകളിൽ മുള്ളുകൊണ്ട് സ്നേഹത്തോടെ മൃദുവായി നോവിച്ചിരുന്ന ആ കടലാസ് പൂമരങ്ങളും എല്ലാം മാഞ്ഞുപോയി പക്ഷെ മനസ്സിൽ ഓർമകളിൽ ഇപ്പോഴും ജീവിക്കുന്നുണ്ട് എല്ലാം.

തറവാട്ടു മുറ്റത്ത് എത്തിയപ്പോൾ ആദ്യം പരതിയത് കവുങ്ങിൻ മരങ്ങളാണ്. കുരുമുളകും വെറ്റിലയും പടർന്ന്കയറി പച്ച ഉടുപ്പണിഞ്ഞ് പിന്നാമ്പുറത്തെ വിശാലമായ പറമ്പിലും മതിലരികുകളിലും തലയുയർത്തി നിന്നിരുന്ന കവുങ്ങിൻമരങ്ങൾ ചുവന്ന് പഴുത്ത അടയ്ക്കാകുലകളുമായി നിന്ന് ചിരിക്കുമ്പോൾ നീണ്ട കവുങ്ങിൻഓലകൾ കാറ്റിൽ ഉലയുമ്പോൾ താഴെ വെറ്റിലയും കുരുമുളകിന്റെ ഇലകളുമെല്ലാം എന്നെ അടുത്തേയ്ക്ക് സ്നേഹത്തോടെ മാടി മാടി വിളിച്ചിരുന്നു.ഇപ്പോൾ ഉടുതുണിയില്ലാതെ പഴയ ആ പ്രസരിപ്പും പ്രസന്നതയും ഇല്ലാതെ മൂന്നു നാലെണ്ണം അങ്ങിങ്ങ് നിൽപ്പുണ്ട് വംശനാശ ഭീഷണിയോടെ. കവുങ്ങിൻ പാളകൊണ്ട് ഉണ്ടാക്കുന്ന വിശറിയാൽ വീശുമ്പോഴുള്ള ആ കുളിർമ ഇന്ന് ഫാൻ എത്ര സ്പീഡിൽ കറങ്ങിയാലും കിട്ടുന്നില്ല. വെറ്റിലയെകുറിച്ച് പറഞ്ഞപോഴാണ് ഓർമവന്നത് അപ്പൂപ്പന് നന്നായി മുറുക്കുന്ന ശീലമുണ്ടായിരുന്നു. അപ്പൂപ്പൻ അന്ന് ടൌണിൽ പലചരക്ക് കട നടത്തുകയാണ്. അമ്മാവൻ രാവിലെ പോയി കട തുറക്കും. അപ്പൂപ്പൻ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് രാവിലെ പത്ത് മണിയാകുമ്പോൾ കടയിലേക്ക് പോകും. തെക്ക് പടിഞ്ഞാറേ മൂലയിൽ ആണ് അപ്പൂപ്പന്റെ മുറി. ചാരുകസേരയും വട്ടത്തിലുള്ള ടീപോയും ടീപോയിൽ അവിടവിടെ പറ്റിപിടിചിരുന്ന ചുണ്ണാമ്പ്കറകളും മുറുക്കാൻ പെട്ടിയും പിന്നെ ചുമരിൽ ഉയരത്തിൽ ഇരിക്കുന്ന എന്റെ രണ്ടു കൊച്ചു കൈകളും നിവർത്തി വച്ചാൽ എത്താത്തത്രേം നീളമുള്ള റേഡിയോയും ഒക്കെയുള്ള കൊച്ച് മുറി. കുഴമ്പിന്റെയും അരിഷ്ടത്തിന്റെയുമൊക്കെ മണം അതിനകത്ത് തളംകെട്ടി നിൽപ്പുണ്ടാകും. അപ്പൂപ്പൻ കടയിൽ പോയി കഴിഞ്ഞാൽ ഞാൻ പലപ്പോഴും ആ ചാരുകസേരയിൽ ചെന്നിരിക്കും. ചുമരലമാരയിൽ വലിയ ചെപ്പിനകത്ത് വറുത്ത കപ്പലണ്ടി ഇട്ടു വച്ചിട്ടുണ്ട്. വെളുത്തുള്ളിയും വേപ്പിലയും കായപൊടിയും മുളകുപൊടിയും ഒക്കെ ഇട്ട് നല്ല വെളിച്ചെണ്ണയിൽ വറുത്തെടുത്ത കപ്പലണ്ടി. അപ്പൂപ്പന് ഇടയ്ക്ക് കൊറിക്കാൻ ഉണ്ടാക്കി വയ്ചിരിക്കുന്നതാണ്. ഞാൻ അതെടുത്ത് കൊറിച്ച്കൊണ്ടിരിക്കും കപ്പലണ്ടിയും കൊറിച്ചു റേഡിയോ പാട്ടുകളും കേട്ട് ചാരുകസേരയിൽ അങ്ങിനെ കിടക്കാൻ ഒരു സുഖമുണ്ടായിരുന്നു. ഇടയ്ക്ക് ആരും കാണാതെ വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയും മാത്രം ചേർത്ത് പുകയില ചേർക്കാതെ ഞാനും മുറുക്കും. എന്നിട്ട് ഇടയ്ക്ക് കണ്ണാടിയിൽ നോക്കും വായും ചുണ്ടും ചുമക്കുന്നുണ്ടോയെന്ന്. അമ്മയുടെ കയ്യിൽ നിന്നും പലപ്പോഴും നല്ല അടിയും പിച്ചുംമൊക്കെ കിട്ടുന്ന ദിവസങ്ങളിൽ വായക്കും ചുണ്ടിനുമോപ്പം തുടയും ചെവിയും കൂടി ചുമക്കുമായിരുന്നു.

മുത്തശിക്കും ഉണ്ടായിരുന്നു മുറുക്കുന്ന ശീലം. മുത്തശി ഏതു സമയവും ഇടനാഴിയിൽ നിന്നും അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്ന ഇരുട്ട് നിറഞ്ഞ ചായിപ്പിലെ കട്ടിലിൽ ആയിരിക്കും. മുഷിയുമ്പോൾ ഇടയ്ക്ക്  ഉമ്മറത്തേക്ക് വന്ന് കസേരയിൽ ഇരിക്കാറുണ്ട്. അപ്പൂപ്പൻ അവരെ മുറുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. ഉമ്മറത്ത് വന്നിരിക്കുമ്പോൾ അവർ എന്നോട് അപ്പൂപ്പന്റെ മുറുക്കാൻപാത്രം എടുത്തു കൊണ്ട് വാടാ എന്റെ പൊന്നുകുട്ടാ എന്ന് സ്നേഹത്തോടെ തലയിൽ തടവി പറയും.പക്ഷെ അവരോടുള്ള സ്നേഹം കൊണ്ടോ അവരുടെ അസൂഖത്തെ കുറിച്ച് അറിയാവുന്നതുകൊണ്ടോ അപ്പൂപ്പൻ എന്നെ സ്നേഹത്തോടെ വിലക്കുമായിരുന്നു. അപ്പോഴെല്ലാം മുത്തശിയുടെ മുഖത്ത് നിഴലിചിരുന്ന നിരാശ വളരെ ദുഖത്തോടെ ഞാൻ നോക്കികണ്ടു. ഒറ്റ പല്ലുപോലും ഉണ്ടായിരുന്നില്ല മുത്തശിയുടെ വായിൽ. അവർ ഊണ് കഴിക്കുമ്പോൾ മുരിങ്ങാക്കോല് കൈവിരല് കൊണ്ട് ചിരണ്ടി അതിലെ കാമ്പ് വളരെ പ്രയാസപെട്ട് കഴിക്കുന്നത്‌ കാണുമ്പോൾ ചിരിവന്നിട്ടുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കാണാതെയായപ്പോൾ ഉറങ്ങി പോയിട്ടുണ്ടാകും എന്നുകരുതി അമ്മമ്മ മുത്തശിയെ മുറിയിൽ ചെന്ന് വിളിച്ചുകൊണ്ട് വരാൻ പോയതാണ് ആ സമയം മുത്തശി അനക്കമില്ലാതെ കിടക്കുകായിരുന്നു. ആ പകൽ വെളിച്ച ത്തിലെപ്പോഴോ അണഞ്ഞ്‌ പോയെങ്കിലും നെറ്റിയിൽ മായാത്ത ഒരു ഭസ്മകുറിയുമായി ആ പ്രകാശനാളം മനസ്സിൽ ഇപ്പോഴും ഒരു കെടാവിളക്കായി തെളിഞ്ഞു കത്തുന്നു. പൊന്നുകുട്ടാ എന്നുള്ള ആ വിളി ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട്. 

ഞാൻ അപ്പൂപ്പനോടൊപ്പം എന്നും രാവിലെ അര കിലോമീറ്റർ ദൂരെയുള്ള അമ്പലകുളത്തിൽ കുളിക്കുവാൻ പോകും. വരുമ്പോഴും പോകുമ്പോഴും അപ്പൂപ്പൻ എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കും. അമ്പലത്തിന് അടുത്താണ് രവി ചേട്ടന്റെ ചായകട. കുളികഴിഞ്ഞ് അമ്പലത്തിൽ തൊഴുത്‌ തിരിച്ചുപോകുമ്പോൾ ഇടക്ക് അവിടെനിന്നും പുട്ടും കടലയും പാഴ്സൽ വാങ്ങുമായിരുന്നു.അമ്പലത്തിൽ നിന്നും കുറച്ചു മുന്നോട്ട് നടക്കുമ്പോൾ ഇടവഴിയിലേക്ക് തിരിയുന്ന മൂലയിൽ ഒരു പച്ചക്കറി കടയുണ്ട്. എന്നും തിരികെ പോകുമ്പോൾ അപ്പൂപ്പൻ അവിടെനിന്നും പച്ചക്കറി വാങ്ങുമായിരുന്നു. ഇടവഴിലേക്ക് കയറി കുറച്ചു നടന്നു രണ്ടു വളവു തിരിയുമ്പോൾ തറവാടെത്തും അതിനിടയിലെവിടെയോ ആണ് പാൽക്കാരി കാർത്തിയായിനിചേച്ചിയുടെ വീട്. ഞങ്ങൾ എത്തുമ്പോൾ അവർ തൈര് കടയുകയയിരിക്കും. പാല് കുപ്പികളിൽ പകർന്ന് വച്ചിട്ടുണ്ടാവും. ഞാൻ പാൽക്കുപ്പി എടുക്കാൻ അകത്ത് കയരുറുമ്പോൾ ചേച്ചി എന്നും എന്നെ അടുത്തേക്ക് വിളിക്കും എന്നിട്ട് ആ കൈ ഒന്ന് നീട്ടിയെ കുട്ടാ എന്ന് പറഞ്ഞ് എന്റെ കൈവെള്ളയിൽ കുറച്ചു വെണ്ണ തേച്ച്തരും. അപ്പൂപ്പൻ പാൽക്കുപ്പിയും വാങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ കൈയിലെ വെണ്ണ നക്കിതിന്ന് അപ്പൂപ്പന്റെ പിറകെ നടക്കും. 

തറവാടിന്റെ പിന്നിലായി പറമ്പിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ഒരു ചെറിയ കുളമുണ്ട്. കുളത്തിന് ചുറ്റുമായി ഒരാൾ പൊക്കത്തിൽ ഇംഗ്ലീഷ് ചീര നട്ട്പിടിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്തായി ഒരു കറുക മരം നിൽപ്പുണ്ടായിരുന്നു. കറുക ഇലകൾ പൊട്ടിച്ചുതിന്നാൻ ഞാൻ ഇടയ്ക്കിടയ്ക്ക് കുളക്കരയിൽ പോയപ്പോഴായിരുന്നു പടിഞ്ഞാറേ വീട്ടിലെ ലക്ഷ്മി കുട്ടിയെ പരിചയപെട്ടത്. എന്റെ ജീവിതത്തിലേ ആദ്യത്തേതും അവസാനത്തേതും ആയ പ്രേമബന്ധം അതുമാത്രമാണ്. ഞാൻ പൊട്ടിച്ച് നല്കിയിരുന്ന കറുകഇലകളുടെ എരിവും മധുരവും കലർന്ന രസം മാത്രമായിരുന്നില്ല അവൾക്ക് എന്നോടുണ്ടായിരുന്ന സ്നേഹം. അവളെ എന്നിലേക്കും എന്നെ അവളിലേക്കും ആകർഷിക്കുന്നതായ എന്തോ ഒരു ശക്തിവിശേഷം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. ഞാൻ കയ്യിൽ കറുക ഇലകളുമായി പടിഞ്ഞാറേ വേലിക്കരികിൽ പലപ്പോഴും അവളെയും പ്രതീക്ഷിച്ച് നിൽക്കുമായിരുന്നു. ചില ദിവസം ഞാൻ വരുമ്പോൾ അവൾ എന്നെയും പ്രതീക്ഷിച്ച് അവിടെയും നിൽപ്പുണ്ടാകും.ചന്ദനകുറിയണിയുമ്പോൾ എന്റെ മുഖം കാണാൻ നല്ല ചന്തമുണ്ടെന്ന് ഒരിക്കൽ അവൾ പറഞ്ഞു. പിന്നെ എന്നും ചന്ദനകുറി അണിയുകയും കണ്ണാടിയിൽ ഞാൻ മുഖം ശ്രദ്ധിക്കുക്കയും ചെയ്യും. മഞ്ഞ നിറത്തിലുള്ള കൊച്ചുടുപ്പും പച്ച നിറത്തിലുള്ള പാവാടയും അണിയുന്ന ദിവസങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. അതിനും മേലെയായി പതിഞ്ഞ ശബ്ദത്തിൽ കൊഞ്ചി കൊഞ്ചിയുള്ള അവളുടെ വർത്തമാനവും ചിണിങ്ങി ചിണിങ്ങിയുള്ള ആ ചിരിയുമെല്ലാം ഈ മനസിന്റെ മനസിലേക്ക് മകരമാസത്തിലെ മഞ്ഞിന്റെ കുളിര് ആഴത്തിൽ തുളച്ചു കയറുന്ന പോലെ തുളഞ്ഞ് കയറി. അവളുടെ ദേഹത്ത്നിന്നും ഉയരുന്ന പേരറിയാത്ത പൗഡറിന്റെ സുഗന്ധമാണോ അതോ ഇളം നിറമുള്ള കൈകളിൽ കിലുങ്ങിയ കുപ്പിവളകളുടെ നറുമണമാണോ എന്നെ മത്തുപിടിപ്പിച്ചത്. കുളക്കരയിൽ കറുക മരത്തിന്റെ തണലിൽ തണുത്ത കാറ്റും കൊണ്ട് അലക്ക്കല്ലിൻമേൽ കാൽ പാദങ്ങൾ വെള്ളത്തിൽ താഴ്ത്തി വച്ച് എത്രയോ നേരം ഞങ്ങളിരുന്നു. പൊതിഞ്ഞു കൊണ്ടുവന്ന ചോറിൻവറ്റുകൾ വെള്ളത്തിലേക്ക് പയ്യെ പയ്യെ ഇട്ടുകൊടുക്കുമ്പോൾ എവിടെനിന്നൊക്കെയൊ കുറെ മീനുകൾ പൊങ്ങിവന്ന് പുളഞ്ഞ് മറിയും. ആ സമയങ്ങളിൽ അവളുടെ കാൽപാദത്തിലെ നടുവിരലിൽ അണിഞ്ഞ വെള്ളി മോതിരത്തിന്റെ തിളക്കം ആ കണ്ണുകളിലും ഞാൻ കണ്ടു. 

ആയിടയ്ക്കാണ് ഞങ്ങളുടെ വീടുപണി നടക്കുന്നത്. ഞങ്ങൾ എന്നത് ഞാനും അമ്മയും അച്ഛനും ചേർന്ന മൂവർസംഘമാണ് അച്ഛൻ ദൂരെയെവിടെയോ ഒരു വീട് പണിയുന്നുണ്ടെന്നും പണി തീർന്നാൽ അച്ഛനും അമ്മയും എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോകുമെന്നും ഞാൻ മനസിലാക്കിയിരുന്നു. വലിയമ്മ നേരത്തെതന്നെ മാറിപോയി. അവർ നാൽവർസംഘമാണ് വലിയമ്മയും ഭർത്താവും പിന്നെ രണ്ട് ആണ്‍കുട്ടികളും. വെക്കേഷന് അവർ തറവാട്ടിൽ വരുമ്പോൾ ബഹുരസമാണ്. പ്രധാന വിനോദം കുഴിരാശികളിക്കലാണ്. ഉമ്മറത്ത് തുളസിതറയ്ക്ക് മുന്നിലായി അവിടവിടെ മൂന്നുനാല് കുഴികളുണ്ടാക്കി ഒരു രാശിക്കകൊണ്ട് വേറെ രാശിക്കയെ അടിച്ചു തെറിപ്പിച്ച് കുഴിയിൽ വീഴ്ത്തുന്ന ഒരുതരം കളി. രാവിലെ മുതൽ വൈകീട്ട് വരെ ഇതുതന്നെ കളി. ഞാൻ അടിച്ചു തെറിപ്പിക്കുന്ന രാശിക്ക അധികം ദൂരം പോകാത്തത്കൊണ്ടും കുഴിയിൽ എത്ര ശ്രമിച്ചിട്ടും വീഴ്ത്താൻ കഴിയാഞ്ഞതുകൊണ്ടും എനിക്ക് ഈ കളിയിൽ വലിയ ഉത്സാഹമൊന്നും തോന്നിയില്ല. ലക്ഷ്മി കുട്ടിയും കൂടുമായിരുന്നു കളിക്കാൻ. വെക്കേഷന് അവളുടെ വീട്ടിൽ വന്നിട്ടുള്ള അവളുടെ കസിൻസും ഉണ്ടാകും കളിക്കാൻ. അവരുമായൊക്കെ ഞങ്ങൾ വളരെ പരിചയത്തിലായി. വിഷുവിന് അമ്മാവൻ ടൌണിൽ നിന്നും പടക്കം കൊണ്ടുവരും. കൂടുതലും പൊട്ടാത്ത പടക്കങ്ങളാണ് കൊണ്ടുവരുക. അമ്പലത്തിൽ കതിനവെടി പൊട്ടിക്കുന്ന വാസു പിള്ള ചേട്ടൻ ഞങ്ങളുടെ അയൽവാസിയാണ്  50 പൈസ കൊടുത്താൽ ആ ചേട്ടൻ പൊട്ടിക്കുന്ന വെടിയുടെ മുഴക്കം അമ്പത് കിലോമീറ്റർ അകലെ വരെ മുഴങ്ങി കേൾക്കും. വാസു പിള്ള ചേട്ടന്റെ വീടിനുമുന്നിൽ ഗുണ്ടും ഓലപ്പടക്കവും ഒക്കെ ഉണ്ടാക്കി വെയിലത്ത് ഉണക്കാനിട്ടിട്ടുണ്ടാവും. വിഷുവിന് കിട്ടുന്ന കൈനീട്ടങ്ങൾ ഞങ്ങൾ ഒരുമിച്ച് ചേർത്ത് വാസു ചേട്ടന്റെ കയ്യിൽ നിന്നും പടക്കങ്ങൾ വാങ്ങി പൊട്ടിക്കും. വലിയമ്മയുടെ മൂത്ത മകൻ ഓലപ്പടക്കം കയ്യിൽ പിടിച്ച് ചന്ദനതിരികൊണ്ട് തീ കൊളുത്തി മേപ്പോട്ടെറിഞ്ഞു പൊട്ടിക്കുമായിരുന്നു. കുറെ പരിശീലിച്ച് ഞാനുമത് പഠിചെടുത്തു. ലക്ഷ്മിക്കുട്ടിയുടെ മുന്നിൽ ഗമയോടെ ഞാൻ ഓലപ്പടക്കം പൊട്ടിച്ച് കാണിച്ചു. അവൾക്ക് പേടിയാണ് ചെവിപൊത്തി ദൂരെ മാറിക്കളയും. പിന്നെയെപ്പോഴോ വെക്കേഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറി. അന്ന് എല്ലാവരോടും വിടപറയുന്ന ആ ദിവസം ഞാൻ ലക്ഷ്മിക്കുട്ടിക്ക് ഒരു ജിലേബി സമ്മാനിച്ചു. ഞാൻ അവളോട്‌ പറഞ്ഞിരുന്നു ഞങ്ങൾ ഇവിടെനിന്നും ഒരുദിവസം എവിടെക്കോ പോകുമെന്ന്. ജിലേബി കഴിക്കാതെ ഒന്നും മിണ്ടാതെ കുറെ നേരം അവൾ നിന്നു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നോ? അറിയില്ല പക്ഷെ അമ്മ എന്നെ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നടന്നപ്പോൾ അവൾ ആ വേലിക്കരികിൽ എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനവളെ കണ്ടിട്ടില്ല. അടുത്ത വെക്കേഷന് തറവാട്ടിൽ വന്നപ്പോൾ ഒന്നുരണ്ട് ദിവസം പടിഞ്ഞാറേ വേലിക്കൽ പോയിനോക്കിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല. അമ്മമ്മ പറഞ്ഞു അവർ ബാഗ്ലൂരിലേക്ക് പോയെന്ന്. ഇന്നിപ്പോൾ വർഷങ്ങൾ ഏറെയായി എങ്ങോട്ടെന്നില്ലാതെ തിരക്കുപിടിച്ച് അലയുകയായിരുന്നല്ലോ ഇതുവരെ. ഈ നിമിഷം ഈ ആൽമര ചുവട്ടിൽ പഴയ രവിച്ചേട്ടന്റെ ചായക്കടക്കരികിൽ നില്ക്കുമ്പോൾ എന്റെ മനസ് അറിയാതെ പരതുകയാണ് പലതും. മനസ്സിന്റെ അകത്തളങ്ങളിൽ മാഞ്ഞുപോയെന്ന് കരുതിയ ഒർമകളെല്ലാം തികട്ടി തികട്ടി വരുന്നു. കണ്ണ് കലങ്ങുന്നുണ്ട്. ഇടനെഞ്ചിൽ ഒരു പിടച്ചിലും.അപ്പൂപ്പനും അമ്മമ്മയും രവിചേട്ടനും കാർത്തിയായിനിചേച്ചിയുമെല്ലാം എന്നോ മരിച്ചുപോയി. അന്നത്തെ ആ പച്ചക്കറികടയും കാണുന്നില്ല. വിജനമായിരുന്ന ഈ റോഡിലൂടെ കാറുകളും ബസുകളും തെരു തെരെ ചീറി പായുന്നു. എങ്ങും കാതടപ്പിക്കുന്ന ഒച്ചകൾ മാത്രം. എവിടെയാകും അവളിപ്പോൾ.. കല്യാണം കഴിഞ്ഞു കുട്ടികളൊക്കെയായി വലിയ ആളായിക്കാണും.നല്ലതുമാത്രം വരട്ടെ. സന്തോഷമായിരിക്കട്ടെ. ഇനിയൊരിക്കൽ പരസ്പരം കണ്ടാൽ ഞങ്ങൾ തമ്മിൽ തിരിച്ചറിയുമോ അറിയില്ല. പക്ഷെ ഒന്നുമാത്രമറിയാം മഞ്ഞ നിറത്തിലുള്ള ആ കൊച്ചുടുപ്പും പച്ച പാവാടയുമണിഞ്ഞ്‌ അവൾ ഇപ്പോഴും ഈ മനസിന്റെ മനസിനകത്ത് എവിടെയോ ഉണ്ട്.

ഓരോ സായന്തനത്തിലും അകലെ അകലെ മാഞ്ഞുപോകുന്ന സ്നേഹമായ പ്രഭാമയൂഖത്തിനൊപ്പം പലതും മാഞ്ഞ് മറഞ്ഞ് പോകൂന്നു . എന്റെതെന്ന് മാത്രം വിശ്വസിച്ച് നെഞ്ചോട്‌ ചേർത്ത്പിടിച്ച പലതും ഇനിയൊരു ഉദയത്തിൽ തിരിച്ചുവരാതെ....അകലേക്ക്‌... അകലേക്ക്‌.. മാഞ്ഞ്.. മാഞ്ഞ്...

മനസ്സ് കടലായ്മാറി ഇളകി
സ്മൃതി തിരപോൽ ബാക്കിയായി
ദൂരെ മാഞ്ഞു മറഞ്ഞു പോയീ
സ്നേഹമായ പ്രഭാമയൂഖം.


***************

51 comments:

  1. നന്നായിട്ടുണ്ട്..എന്‍റെ എഴുത്തിനും ഒരു സാമ്യം....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ... അത്രക്കൊന്നും ഇല്ലാ. ഇതിലും ഭംഗിയുണ്ട് അവിടുത്തെ എഴുത്ത്.

      Delete
  2. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം (ഇപ്പൊ ഞാന്‍ പറഞ്ഞത് ? ? )

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ സാർ.

      Delete
  3. ഓര്‍മ്മപ്പുഴ ഒഴുകുകയാണല്ലോ മനോഹരമായിട്ട്.

    ReplyDelete
    Replies
    1. നന്ദി അജിത്‌ ചേട്ടാ.

      Delete
  4. ee ajith bhayiyude oru kaaryam evidechennaalum ente munnil prathyakshappedunnundallo.

    gireesh...ormmakal orikkalum marikkaarilla ennalle....alpam chamayangalum koodi aakumpol sangathi ushar aakum nannayi ezhuthiyittund ketto....പൊന്നുകുട്ടാ ....

    ReplyDelete
    Replies
    1. നന്ദി ലീല ചേച്ചി...

      Delete
  5. ഗൃഹാതുര സ്മരണകൾ
    അല്ല
    ജീവന്റെ ചരിത്രം ---- നന്നായി കേട്ടോ

    ReplyDelete
  6. ഹൃദ്യമായി അവതരിപ്പിച്ചു. കവുങ്ങിന്‍ തോട്ടത്തിലൂടെ ഓര്‍മ്മകള്‍ അലഞ്ഞു. കാളത്തേക്കും തോട്ടം തിരിയുമുള്ള കുട്ടിക്കാലത്തിന്‍റെ മണം.. ആശംസകള്‍

    ReplyDelete
  7. മനോഹരമായി മനച്ചെപ്പ്‌ തുറന്നു കാട്ടി... മണ്ണും മനുഷ്യരും വരികൾക്ക്‌ ചാരുത നൽകി..ആശംസകൾ

    ReplyDelete
  8. മനസ്സ് കടലായ്മാറി ഇളകി
    സ്മൃതി തിരപോൽ ബാക്കിയായി
    ദൂരെ മാഞ്ഞു മറഞ്ഞു പോയീ
    സ്നേഹമായ പ്രഭാമയൂഖം.

    ReplyDelete
  9. ഓർമ്മകൾ ഉണ്ടായിരിക്കണം....
    നമ്മൾ നമ്മളായ് വളരാൻ...
    ഓർമ്മകൾ ഉണ്ടായിരിക്കണം...

    ReplyDelete
  10. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം

    ReplyDelete
  11. ഓര്‍മകളെ മരിക്കുമോ നിങ്ങള്‍ മനുഷ്യനുള്ളിടത്തോളം ... (y)

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ ഇക്ക.

      Delete
  12. കയറിയെത്തി തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ കടന്നുപോന്നതൊക്കെയും തിരിച്ചിറങ്ങി ഇനിയെത്താന്‍ കഴിയാത്തൊരു താഴ്വര പോലെ..

    സ്മരണകളിലെ നന്മക്ക് സലാം ഗിരീഷ്..

    ReplyDelete
  13. ഓര്‍മ്മകള്‍ അയവിറക്കുന്ന കവിതയും പാട്ടും നിരവധി.ഇവിടെ ഈ എഴുത്തും മനോഹരം...അഭിനന്ദനങ്ങള്‍ !

    ReplyDelete
  14. അപ്പൂപ്പനും അമ്മൂമ്മയും ലക്ഷ്മിക്കുട്ടിയും എല്ലാവരും നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി അനിത ചേച്ചി.

      Delete
  15. lokathinte ethu bhangathaanenkilum swanthamaayi oru pidi ormmakal....athoru anugrahamaanu...ellavarkkum kure nalla ormmakal koottinundaakatte...aashamsakal

    ReplyDelete
  16. അവിചാരിതമായിട്ടാണ് ഈ വഴിയില്‍ എത്തിയത് , ഓര്‍മ്മകളുടെ തേരിലേറിയ ഈ അനുഭവകുറിപ്പ് എന്നെയും ഒരു പാട് ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി, നന്ദി നല്ലൊരു വായന തന്നതിന്.

    ReplyDelete
  17. ഓര്മകളുടെ തേരിലേറിയ യാത്ര വളരെ
    മനോഹാരിതയോടെ അവതരിപ്പിച്ചു .മനസ്സിൽ
    നിന്നുയരുന്ന ചിന്തകൾ കെടാ വിളക്കുകൾ ആണ്.
    ഇടയ്ക്കു എവിടെയോ ഒന്ന് മങ്ങിക്കത്തിയാലും
    തീ നാളങ്ങൾ അണയുന്നില്ല.മുത്തശ്ശിയും ബാല്യവും
    കളിക്കൂട്ടുകാരിയും ഒക്കെ ഓര്മയുടെ ചെപ്പിൽ
    നിധി പോലെ എന്നും കാണും...

    ഒരു പക്ഷെ ലക്ഷ്മിയും ഇത് പോലെ ഓർമ ചെപ്പിലെ
    നിധി പേറുന്നുണ്ടാവാം .അത് തേടുന്നുമുണ്ടാവാം.ഇതൊക്കെ
    തന്നെ ആണ് നമ്മെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നത്.ഇനി
    ഒരിക്കലും കണ്ടു മുട്ടിയില്ലെങ്കിലും മനസ്സില് കരുതുന്ന സ്നേഹവും
    ഓർമകളും പലപ്പോഴും തുണ ആവും ..എങ്കിലും ഒരിക്കൽ
    എങ്കിലും കാണാൻ ഇട വരട്ടെ എന്ന് ആശംസിക്കുന്നു ഗിരീഷ്‌ .

    ReplyDelete
  18. എഴുത്ത് നന്നായി.
    കൂടുതൽ കൂടുതലെഴുതാൻ ആശംസകൾ!

    ReplyDelete
  19. ഹൃദ്യമായ വാചകങ്ങള്‍. മനോഹരമായ എഴുത്ത്. അഭിനന്ദനങ്ങള്‍...

    ReplyDelete
  20. ഒരു പാട് ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി...

    നന്നായി കേട്ടോ...

    ReplyDelete
  21. ഒരു നീണ്ട നല്ലെഴുത്ത് വായിക്കാന്‍ സമയം കുറവ് ,ഒരു പുനര്‍വായനക്ക് വീണ്ടും വരാം

    ReplyDelete
    Replies
    1. നന്ദി സാർ. സമയം പോലെ വേണ്ടും വരു.

      Delete
  22. നല്ല ഓര്‍മ്മകള്‍, നന്നായെഴുതി...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ

      Delete
    2. ദീര്‍ഘമായ പാരഗ്രാഫ് ആയത്കൊണ്ടും സമാനസംഭവങ്ങള്‍ തുടര്‍ന്ന് വന്നത്കൊണ്ടും പൂര്‍ത്തിയാക്കന്‍ മനസ്സ് വന്നില്ല. എന്തായാലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിവരണങ്ങളാണ്. അതാണ് ഒരു നല്ല തോന്നിയത്.

      Delete
    3. വളരെ നന്ദി വായിച്ചതിന്. ഇനി ശ്രദ്ധിക്കാം.

      Delete
  23. ഗതകാല സ്മരണകള്‍ കുറിച്ചത് വായിക്കാന്‍ ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം വായനയുടെ വഴിയില്‍ നമ്മുടെ സമാന അനുഭവങ്ങളും പരിസരങ്ങളുമൊക്കെ ചിത്രങ്ങളായ് നമ്മുടെ മുന്നില്‍ തെളിയും എന്നത് തന്നെ.

    നന്നായി കുറിച്ചു

    ReplyDelete