Friday, October 18, 2013

ഈ വഴി വീണ്ടും.......

കുറെ നാളായി ഇവിടെ വന്നിട്ട്. അന്നത്തെ  സംഭവത്തിനു ശേഷം പിന്നെ ഈ വീട്ടിലേക്ക് വരാൻ തോന്നിയിട്ടേയില്ല. സ്വന്തം വീട് പോലെയായിരുന്നു ഒരുനാൾ. എപ്പോഴും വരാം എവിടെ വേണമെങ്കിലും കയറിച്ചെല്ലാം. അടുക്കളയിൽ കയറി വറുത്തതും പോരിച്ചതുമൊക്കെ കൈയ്യിട്ട് വാരി കഴിക്കാം. എത്രയോ തവണ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരിക്കുന്നു. ഇത്തിരിയുംകൂടി കഴിക്ക് കുട്ടാ എന്ന് പറഞ്ഞ് വീണ്ടും വീണ്ടും വിളമ്പിതന്നപ്പോൾ എന്റെ അമ്മയുടെ സ്നേഹം ഇവിടത്തെ അമ്മയുടെ മുഖത്തും ഞാൻ കണ്ടു.

      ഉമ്മറത്തെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയാണ്. കോളിംഗ് ബെല്‍ അമർത്താൻ കൈയ്യുയർത്തിയപ്പോൾ വിരലുകൾ വിറക്കുന്നു. നെഞ്ചിടിപ്പ് കൂടുന്നുണ്ട്. എങ്ങിനെ ഞാൻ ആ മുഖത്ത് നോക്കും. എന്നെ കാണുമ്പോൾ അവരുടെ വികാരമെന്തായിരിക്കും. പഴയതെല്ലാം ഓർമ വരുമോ. പൊട്ടി കരയുമോ അവർ. ആ സങ്കടം കാണാൻ വയാഞ്ഞിട്ടാണല്ലോ ഇത്രയും നാൾ ഈ മുറ്റത്ത് കാലുകുത്താഞ്ഞത്.

 കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചു നിന്നു. ഒരു പൂവൻ കോഴി തല മെല്പൊട്ടുയർത്തി ചിറക് വിടർത്തി ഒന്ന് കുടഞ്ഞ്‌ പിന്നെയും എന്തൊക്കെയോ കൊത്തിപെറുക്കുന്നുണ്ട്. കിണറിനരികിലെ പപ്പായ ചെടിയുടെ ഉണങ്ങിയ തണ്ട് അടർന്നു വീണു. പപ്പായ ചെടിയുടെ തുഞ്ചത്ത് നിന്നും ഒരു അണ്ണാറകണ്ണൻ  തൊട്ടടുത്തെ ഇലഞ്ഞിമര കൊമ്പിലേക്ക് ചാടികയറി ഒരു കാക്ക അതിന്റെ തല താഴോട്ടും മേൽപ്പോട്ടും വെട്ടിച്ചു നോക്കി പെട്ടന്ന് എങ്ങോട്ടോ പറന്നു പോയി. സൂര്യൻ തലക്ക് മുകളിൽ  കത്തി എരിയുന്നുണ്ട്. മുറ്റം നിറയെ തീനാളങ്ങൾ പോലെ വെയിൽ ഇരചിറങ്ങുന്നു. വല്ലാത്ത ഉഷ്ണം. വരാന്തയിലേക്ക്‌ കയറിനിന്ന് ഒന്നുംകൂടി  കോളിംഗ് ബെല്ലിൽ വിരലമർത്തി.

 ശ്രീദേവി ചേച്ചി കൈയ്യിൽ ഒരു കൈക്കുഞ്ഞുമായി കതകു തുറന്നുവന്നു ആദ്യം കണ്ടപ്പോൾ എന്നെ മനസിലായില്ല. പിന്നെ സൂക്ഷിച്ചു മുഖത്തേക്ക് നോക്കിയിട്ട് "അയ്യോ അനന്തുവല്ലെ അത്ഭുതമായിരിക്കുന്നല്ലോ" എന്ന് പറഞ്ഞപ്പോൾ ഞാനും ആശ്ചര്യപ്പെട്ടു.

ചേച്ചിയുടെ കണ്ണുകൾ അതിശയംകൊണ്ട് തിളങ്ങുന്നുണ്ട്.

"എവിടെയായിരുന്നു ഇതുവരെ
അകത്തേക്ക് കയറിയിരിക്ക്
ചായയിടാം
അമ്മ ഊണുകഴിഞ്ഞ് ഉറങ്ങുകയാണല്ലോ.
ഇരിക്ക് അനന്തു ..
എന്നാലും കല്ല്യാണത്തിനെങ്കിലും ഒന്ന് വാരായിരുന്നു.
ഞാൻ പ്രതീക്ഷിച്ചു നിന്നെ
എന്താ വരാഞ്ഞത്? "

ഞാൻ എന്ത് പറയണമെന്നറിയാതെ പരുങ്ങിനിന്നു.
കുറച്ച് നേരത്തെ മൌനത്തിനു ശേഷം ഇത്രയും പറഞ്ഞൊപ്പിച്ചു.
"അറിഞ്ഞിരുന്നു.
അമ്മ വിളിക്കുമ്പോൾ പറയാറുണ്ട്‌ വിശേഷങ്ങൾ
 ലീവ്  കിട്ടിയില്ല അതാ. "
കള്ളം പറഞ്ഞു തടിതപ്പിയെങ്കിലും എനിക്ക് മുഖത്തെ ചമ്മൽ മറയ്ക്കാനായില്ല.
 ഞാൻ കുട്ടിയെ കയ്യിലേക്ക് മേടിച്ചു. നല്ല പഞ്ചാര കുടം പോലത്തെ കൊച്ച്. മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട് പഹയൻ. ഒരുപക്ഷെ ഇവനും മനസിലായി കാണുമോ എന്നെ, ഈ വീടിന്റെ ആത്മാവിന്റെ ഭാഗം തന്നെയായിരുന്നില്ലേ ഒരിക്കൽ ഞാൻ. അന്ന് നിക്കറിട്ട് നടന്നിരുന്ന പ്രായത്ത്നിന്നും ഞാൻ എത്രയോ വളർന്നിരിക്കുന്നു  മീശയും താടിയുമൊക്കെ വച്ച് ഞാൻ വലിയ ആളായിട്ടും തിരിച്ചറിഞ്ഞിരിക്കുന്നു എന്നെ.. അനന്തുവല്ലേ എന്ന ചോദ്യം കേട്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.

 അന്നത്തെ ആ സംഭവത്തിനു ശേഷം ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല. അന്ന് പുറംനാട്ടിൽ ജോലി കിട്ടിയപ്പോൾ ഈ ഓർമകളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ശരിക്കും. ഈ മണ്ണിലെ ഓരോ പുൽതലപ്പുകളിലുമുണ്ട് മൊട്ടിട്ട്‌ വിരിഞ്ഞ് കണ്ണുനീർ തുള്ളിപോലെ പൊഴിയുന്ന കൊച്ചു കൊച്ചു ഓർമ പൂവുകൾ. ഓരോ തവണ നാട്ടിൽ വരുമ്പോഴും ഈ വീട്ടിൽ മാത്രം കയാറാതെ മടങ്ങിപോയീ. ഇത്തവണ പക്ഷെ  എന്റെ അമ്മ പറഞ്ഞു "ഇവിടത്തെ അമ്മക്ക് സുഖമില്ല.. ഒന്നു കണ്ടിട്ട് പോടാ അവർ അന്യോഷിച്ചിരുന്നു നിന്നെ" എന്ന് ശാസിച്ച് പറഞ്ഞപ്പോൾ ഒന്ന് കയറാതിരിക്കാനായില്ല ഇവിടെ. ശ്രീദേവി ചേച്ചി ചായയും കൊണ്ടുവന്നു കൊച്ചിനെ എന്റെ കയ്യിൽനിന്നും  മേടിച്ചു. ഒപ്പം വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
"ഏട്ടൻ  എറണാകുളത്ത് ബാങ്കിലാ  എസ് ബി ടിയിൽ..
 കല്യാണം കഴിഞ്ഞതിൽപിന്നെ ചേട്ടന്റെ വീട്ടിലായിരുന്നു തൃശ്ശൂര്,
അമ്മയേയും  അച്ഛനേയും അങ്ങോട്ട്‌ കൊണ്ടുപോയി.
ഏട്ടന് രണ്ടുമാസം മുമ്പ് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി
പിന്നെ ഇങ്ങോട്ട് പോന്നു.
അനന്തുവീന്റെ വിശേഷങ്ങൾ പറയു...
 ജോലിയൊക്കെ എങ്ങിനെ പോകുന്നു...
അന്ന് ഈ വീട്ടുപടിക്കൽ സൈക്കിളിൽ നിന്നും വീണ് മുട്ടുകാല് പൊട്ടി ചോരയൊലിപ്പിച്ച് പേടിച്ചരണ്ടു നിന്ന പയ്യനല്ലേ നീയ്. ഞാനാ നിന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത് ഓർമ്മയുണ്ടോ നിനക്ക്. അഞ്ചാറ് തുന്നലുണ്ടായിരുന്നു പാട് ഇപ്പോഴും കാണും നിന്റെ കാലിൽ. ആകെ മാറിപോയല്ലോ നീയ് ഉയരം വച്ച് മീശയും താടിയും വച്ച് വലിയ ആളായിപോയി. എത്രയൊക്കെ മാറിയാലും ആ പഴയ അനന്തുവിന്റെ മുഖത്തെ നിഷ്കളങ്കതയുടെ അടയാളങ്ങൾ ഇപ്പോഴുമുണ്ട് നിന്റെ മുഖത്ത്. ഇല്ലെങ്കിൽ തിരിച്ചറിയില്ലാലോ. അനന്തു ഇരിക്ക് ഞാൻ അകത്തു പോയി അമ്മ ഉണർന്നോന്ന് നോക്കീട്ട് വരാം"

അന്ന് തറവാട്ടിൽനിന്നും താമസം പുതിയവീട്ടിലേക്ക് മാറിയിട്ട് കുറച്ച് നാളെ ആയുള്ളൂ. വീടിന് മുന്നിൽ വിശാലമായ ഒരു കുളമുണ്ട്. രാവിലെ കുളത്തിന്റെ അരികുകളിൽ ചുവന്ന ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കും. പുതിയ സ്ഥലം.. ആരെയും പരിചയമില്ല. കാണുന്നവർ കാണുന്നവർ ചിരിക്കുകയും വിശേഷം ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. പരിചയമായി വരുന്നേ ഉള്ളു. 

ആ സമയത്താണ് ഞാനവനെ കണ്ടുമുട്ടുന്നത് രാമു എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. ഞങ്ങൾ പരസ്പരം നിഴൽ പോലെയായിരുന്നു ഏതു സമയവും ഞങ്ങൾ ഒരുമിച്ചുണ്ടാകും. അഞ്ചാം ക്ലാസ്സിൽ അവസാനത്തെതിനു തൊട്ടു മുമ്പിലെ ബഞ്ചിൽ എന്റെ അരികിൽ വന്നിരുന്ന നിമിഷം മുതൽ രാമു എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായി. ഭസ്മകുറിയും വെളുത്ത വട്ട മുഖവും പഞ്ചാര പുഞ്ചിരിയുമായി അവൻ എന്റെ ഹൃദയത്തിൽ ചേക്കേറി. അവൻ മാത്രമല്ല അവന്റെ അമ്മ എന്റെയും അമ്മയായി. അവന്റെ അച്ഛൻ എനിക്കും അച്ഛനായി. അവന്റെ ചേച്ചി എനിക്കും ചേച്ചിയായി. ആദ്യത്തെ പെണ്‍കുട്ടിക്ക് ശേഷം ആറ്റുനോറ്റിരുന്ന് വഴിപാടുകൾ നേർന്ന് കിട്ടിയ ഒരേ ഒരു ആണ്‍തരി. അമ്മക്ക് അവനോട് ഏറെ വാത്സല്യമാണ്. രാമാ ഉണ്ണി ഇവിടെവാടാ ആ വിളിയിൽ തേനും പാലും ഒഴുകിയിരുന്നു. അവനെക്കുറിച്ച് അവർ സ്വപ്നങ്ങൾ നെയ്തുകൂട്ടി. പഠിച്ചു മിടുക്കനായി വലിയ ആളായി തീരുന്നതും  നാളെ തങ്ങൾക്ക് ഒരു തണലാകുന്നതും  അവർ സ്വപ്നം കണ്ടു. പഠിക്കുവാൻ അവനും മിടുക്കനായിരുന്നു. അവന്റെ ഉത്സാഹഭരിതമായ മനസ്സ് എനിക്കും ഒരു പ്രചോദനമായി. പഠനത്തിലും കളികളിലും മത്സരങ്ങളിലും മറ്റുള്ളവരേക്കാൾ മുന്നേറി. ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപടുത്തു. ആ ലോകത്ത് അരയന്നങ്ങളെപോലെ വെണ്‍മചൊരിഞ്ഞ് ഞങ്ങൾ ഒഴുകിനടന്നു.

 മനസ്സിന് കൗതുകമുണർത്തുന്ന പുതിയ പുതിയ കാഴ്ചകളിലേക്ക് ഞങ്ങൾ കൈപിടിച്ച് നടന്നു. സ്കൂൾ വീടിന് തൊട്ടടുത്താണ്. വീടിനു മുന്നിലെ കുളത്തിന് കിഴക്ക് വശത്തായി വിശാലമായ വെളിംപറമ്പാണ്. വലിയ പറമ്പിന്റെ മൂലക്കലായി ഒരു കൊച്ചു അമ്പലമുണ്ട്.  കുറുമ്പ ഭഗവതിയാണ് പ്രതിഷ്ഠ. അമ്പലത്തിന് തൊട്ടുമുന്നിലായി അതികം ഉയരമില്ലാത്ത ഒരു ചെറിയ പാലമരം നില്പ്പുണ്ട്. അതിലെ നടന്നുപോകുമ്പോൾ ഞങ്ങൾ പാലമരത്തിന്റെ പൂക്കൾ പൊട്ടിച്ച് നിക്കറിന്റെ കീശയില്ടും. ഒരു പ്രത്യോക ഗന്ധമുണ്ടായിരുന്നു ആ പൂക്കൾക്ക്. കുറച്ച് നീങ്ങി ആകാശം മുട്ടെ തലയുയർത്തി ഒരു വലിയ പനമരം നില്പ്പുണ്ട്. പനംതേങ്ങകൾ താഴെ അവിടവിടെ വീണ് ചിതറികിടപ്പുണ്ടാകും. പനമരത്തിന്റെ കടക്കൽ ചുവന്നപട്ടുകൊണ്ട് ചുറ്റിക്കെട്ടി നിറയെ ആണി അടിച്ചുവച്ചിട്ടുണ്ട്. മുമ്പിൽ ഇഷ്ടികപാകി അതിമ്മേൽ കരിപിടിച്ച ഒരു നിലവിളക്കും കണ്ടു. ആരാണ് പനയുടെ ചുവട്ടിൽ കിടിയിരിക്കുന്നത് എന്നുമാത്രം അറിഞ്ഞില്ല. ഒരുപക്ഷെ ദേവിക്കും പനയുടെ ചുവട്ടിലെ പേരറിയാത്ത  മൂർത്തിക്കുമൊക്കെ ഞങ്ങളോട് അസൂയ തോന്നിക്കാണുമോ. സന്ധ്യക്ക്‌ ദീപാരാധനക്ക്‌  ശേഷം പട്ടും ചിലമ്പുമണിഞ്ഞു ഉറഞ്ഞുതുള്ളിയ വെളിച്ചപാട് തീപാറുന്ന കണ്ണുകളാൽ ഞങ്ങളെ തുറിച്ചുനോക്കികൊണ്ടിരുന്നു.

   സ്കൂളിന് ചുറ്റുമതിലില്ലായിരുന്നു.സ്കൂളും അമ്പലപറമ്പുമോക്കെയായി വിശാലമായി പരന്നുകിടന്നു ഞങ്ങളുടെ വിഹാര കേന്ദ്രം.സ്കൂളിലെ ഓരോ ഇന്റർവെല്ലിലും ഞങ്ങൾ ഈ  മേച്ചിൽ പുറങ്ങളിൽ മേഞ്ഞുനടന്നു അവിടവിടെ തെങ്ങിൻ ചുവടുകളിൽ കെട്ടിയിട്ടിരുന്ന പശുക്കൾ ഞങ്ങളുടെ കലപില കേട്ട് മുരണ്ട് കാതുകൂർപ്പിച്ചുനിന്നു  പറമ്പിന്റെ അതിരെന്നപോലെ വരിവരിയായി നിന്നിരുന്ന പൈൻ മരങ്ങൾക്കപ്പുറം ഒഴുകിയ ചെറിയ കൈതോട് ഞങ്ങൾ ചാടി കടന്നു. പടർന്ന് പന്തലിച്ചുനിന്ന ചന്ദ്രകലമാവിന്റെ ചില്ലയിൽ വടിയെറിഞ്ഞു പൊഴിഞ്ഞുവീഴുന്ന പഴുത്ത് മധുരമുള്ള മാങ്ങകൾ ഞങ്ങൾ സ്വാദോടെ നുണഞ്ഞുനടന്നു. ഇടക്ക് ആരും കാണാതെ വീട്ടിൽ നിന്നും തോർത്ത്മുണ്ട് മോഷ്ടിച്ചു കൊണ്ടുപോയി അമ്പലക്കുളത്തിൽ നീന്തി തുടിച്ചു.

ആയിടക്കാണ് അച്ഛൻ എനിക്ക് സൈക്കിൾ വാങ്ങിതരുന്നത്. പിന്നെ സൈക്കിളിലായി കറക്കം സൈക്കിൾ ചവിട്ടാൻ പഠിച്ചു വരുന്നേയുള്ളൂ. തറവാട്ടിലായിരുന്നപ്പോൾ ഒന്നുരണ്ടുതവണ അമ്മാവന്റെ സൈക്കിളെടുത്ത് ഇടങ്കാലിട്ടു ചവിട്ടിനോക്കിയിരുന്നു. എന്നാലും ബാലൻസായിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്ന് തവണ വീണു. വീഴുന്നതൊക്കെ ഞാനാണ്. രാമു സൈക്കിൾ ചവിട്ടാൻ പഠിച്ചുവരുന്നേയുള്ളൂ. അവസാന വീഴ്ചയാണ് കേമമായത്. അത് പക്ഷെ എന്റെ കുഴപ്പംകൊണ്ടായിരുന്നില്ല. ചെയിൻ തെറ്റിപോയതാണ്. ആദ്യ പ്രാവശ്യം രാവിലെ പാല് മേടിക്കാൻ പോകുന്ന വഴി റോഡരികിലെ പുല്ലിലേക്കാണ് മറിഞ്ഞു വീണത്‌ ഭാഗ്യത്തിന് ദേഹത്തെ തൊലിയൊന്നും പോയില്ല. കുത്തനെയുള്ള ഇറക്കമായപ്പോൾ സ്പീഡ് കൂടി ബാലൻസ് തെറ്റി. രണ്ടാമത്തെ പ്രാവശ്യം വടക്കേലെ സന്ദീപ് ചേട്ടന്റെ സൈക്കിൾ വെട്ടിച്ചു കേറാൻ നോക്കിയതാണ്. ആ സൈക്കിൾ വെട്ടിച്ച് സ്പീഡിൽ ഓടിച്ചുപോയാൽ അഭിമാനം വാനോളം ഉയരുമെന്ന് കരുതി. കാര്യങ്ങൾ മറിച്ചാണ് ആയത് വളവു തിരിഞ്ഞപ്പോൾ കുഴിയിൽ ചാടി ബാലൻസ് തെറ്റി ദേ കിടക്കുന്നു. കയ്യിന്റെ ഒരം കുത്തി വീണു. ഷർട്ട്‌ കീറി കുറച്ചു തൊലിയും പോയീ. അഞ്ചാറ് ദിവസം അങ്ങനെ പോയി. പിന്നെ പിന്നെ ബാലൻസായി എന്ത് അഭ്യാസവും കാണിക്കാം എന്ന ആത്മവിശ്വാസം വന്നു. ആ വിശ്വാസത്തിൽ മൂന്നാം തവണ ഒന്ന് സ്പീഡ് കൂടാൻ വേണ്ടി എഴുന്നേറ്റു നിന്ന് ആഞ്ഞ് ചവിട്ടിനോക്കി. ചെയിൻ തെറ്റി നടുറോഡിൽ മുട്ടുകാല് കുത്തിവീണു. മുറുക്കി തുപ്പിയപോലെ ചുവന്ന് ചോരയോലിച്ചു. വേദന സഹിക്കാം ഓടിക്കൂടിയ ആളുകളുടെ മുഖത്ത് നോക്കുംമ്പോഴുള്ള അപമാനം സഹിക്കാനെ പറ്റിയില്ല.

 പിന്നെ പയ്യെ പയ്യെ രാമുവും സൈക്കിൾ ചവിട്ടാൻ പഠിച്ചു. നടന്ന് ചെല്ലാൻ പറ്റാത്ത അജ്ഞാതമായ സ്ഥലങ്ങളിൽ ഞങ്ങൾ പെട്ടന്ന് പറന്നെത്തി. ഇരുട്ട് നിറഞ്ഞ് ഇരുവശവും നിറയെ ഇല്ലിമരങ്ങൽ നിറഞ്ഞുനിൽക്കുന്ന ആ ഇടവഴിയിലൂടെ ഞങ്ങൾ ആദ്യമായി കടന്നുപോയപ്പോൾ ജിജ്ഞാസയായിരുന്നു മനസ് നിറയെ. ഈ വഴി എവിടെ ചെന്ന് അവസാനിക്കും. വഴി നിറയെ ഉണങ്ങിയ ഇല്ലി ഇലകളാൽ നിറഞ്ഞിരുന്നു. വിചനവും നിശബ്ദവുമായ അന്തരീക്ഷം. ഒരൊറ്റ മനുഷ്യനെ പോലും കണ്ടില്ലാ ആവഴിയിൽ. പ്രകാശത്തിന്റെ നേർത്ത കിരണങ്ങൾ പച്ചപ്പിന്റെ വിടവുകളിലൂടെ അവിടവിടെ ഊർന്നുവീണു ഇടക്കിടക്ക് ചില കിളികളുടെ കളകള  ശബ്ദവും മുളകൾ കാറ്റിൽ ആടി അമർന്നു ഞെരിയുന്ന ഞെരക്കവും മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.

 "തിരികെ പോകാടാ പേടിയാവുന്നു" എന്ന് രാമു പറഞ്ഞപ്പോൾ ആദ്യം മടങ്ങിപോന്നു. ഒന്നുരണ്ടു തവണ അങ്ങിനെ പാതിവഴിയിൽ മടങ്ങി. അവസാനം മനസുറപ്പിച്ച് ഞങ്ങളിരുവരും മാറി മാറി ചവിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പാത ഞങ്ങൾക്കുമുന്നിൽ തുറക്കപ്പെട്ടു. ഒരു ചെമ്മണ്ണ് വിരിച്ച പാതയിൽ ആ ഇടവഴി അവസാനിച്ചു. പാതയ്ക്ക് മറുവശത്തായി വിശാലമായി പരന്നൊഴുകുന്ന പുഴ. പുഴക്കടവിലായി ഒരു പുളിമരം നിൽപ്പുണ്ട്. പുളിമരത്തിന്റെ തണലിൽ ചെന്ന് അങ്ങനെ പുഴയിലേക്ക് നോക്കി നിന്നു. അങ്ങകലെനിന്നും വെള്ളം ഇരുവശത്തേക്കും വകഞ്ഞുമാറ്റി പയ്യെ പയ്യെ ഒഴുകിവരുന്ന ബോട്ടും ഓളം തല്ലുന്ന തെളിനീരലകളും കണ്ടപ്പോൾ മനസ്സ് നിറയെ സന്തോഷംകൊണ്ട് നിറഞ്ഞു. 

പിന്നീട് പലപ്രാവശ്യം ഞങ്ങൾ ഈ വഴി വന്നു. പുഴക്കടവിന്  തൊട്ടടുത്തായി ഒരു പെട്ടികടയുണ്ട്. അവിടെ നിന്നും ശർക്കരമിഠായി വാങ്ങിക്കഴിക്കും. ശർക്കര ഉരുക്കി ഉരുട്ടി ഉണ്ടാക്കുന്ന മിഠായി അലിയാതെ അങ്ങനെ കുറെ നേരം വായിൽ കിടക്കും. ഷർട്ടിടാതെ കഴുത്തിൽ ഒരു  തോർത്തുമുണ്ട് ധരിച്ച ആ പെട്ടിക്കടക്കാരൻഅപ്പൂപ്പനുമായി ഞങ്ങൾ പരിചയത്തിലായി.എത്ര പെട്ടന്നാണ് എല്ലാം മാറി മറിയുന്നത് അത്രയും നേരം തെളിഞ്ഞു നിന്ന സൂര്യൻ എത്ര പെട്ടന്നാണ് ഇരുണ്ട മേഘ പാളികൾക്കിടയിൽ മറഞ്ഞത്. ഒരു ശപിക്കപ്പെട്ട  നിമിഷം. നടുറോഡിലേക്ക് ഉരുണ്ടുപോയ ആ റബർ പന്ത്‌ എടുക്കാൻ  രാമു ഓടിപോയപ്പോൾ അറിഞ്ഞിരുന്നില്ല ഒരു ലോറി വളവു തിരിഞ്ഞു ചീറിപാഞ്ഞ്‌ വരുന്നുവെന്ന്. കണ്ണിൽ ഇരുട്ട് കയറിയപോലെ തോന്നി. പിന്നെ ഒന്നും ഒർമയില്ല ഓർക്കുവാനുള്ള ശക്തിയുമില്ല.

ശ്രീദേവി ചേച്ചി എന്നെ അമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി

എഴുന്നേറ്റ് ചുമരിൽ തലയണ ചേർത്തുവച്ച് അതിൽ ചാരിയിരിക്കുകയാണ് രാമുവിന്റെ അമ്മ

അനന്തുവാണമ്മേ അമ്മയെ കാണാൻ വന്നതാ.. ശ്രീദേവി ചേച്ചി  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

"എവിടെയായിരുന്നെടാ പോന്നു മോനെ നീ..."

കണ്ണുനീർ ഒഴുകിതീർന്ന ആ കണ്ണുകളിൽ നേരിയ ഒരു പ്രകാശം പടരുന്നത്‌ ഞാൻ കണ്ടു.

."രാമൻ ഉണ്ണി വന്നില്ലേ..."

അവർ എന്നെയും ശ്രീദേവി ചേച്ചിയെയും  മുറിയുടെ വാതിൽക്കലേക്കും മാറി മാറി നോക്കി..

."രാമൻ ഉണ്ണി വന്നില്ലേ...

എവിടെ അവൻ 

ഉമ്മറത്ത് നിൽക്കുകയാണോ...  അമ്മയുടെ അടുത്ത് വരാൻ പറയു...

അമ്മ പിണങ്ങില്ലെന്നു പറയ്‌..."

അവർ പിന്നെയും മുറിയുടെ വാതിൽക്കലേക്ക് ഉറ്റു നോക്കി. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു

അവരുടെ അരികിൽ ചെന്ന് കാല്പാദങ്ങളിൽ ശിരസമർത്തിയപ്പോൾ മുഖത്തേക്ക് നോക്കാനാവാതെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ മനസ്സ് ഉരുകുകയായിരുന്നു..

 മുറിക്ക് പുറത്തിറങ്ങിയപ്പോൾ  ഒക്കത്ത് കൈക്കുഞ്ഞുമായി നിന്ന്  ശ്രീദേവി ചേച്ചി പറഞ്ഞു . "അമ്മക്ക്  അന്നത്തേതിനു ശേഷം മനസ്സിന് സുഖമുണ്ടായിരുന്നില്ല. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സ് കൈവിട്ടുപോകും. ഈ സങ്കടം കാണാതെ പറ്റില്ലാലോ അനുഭവിക്കതെയും... ഇനി എന്നാ മടങ്ങിപോണേ. പോകുന്നതിന് മുമ്പ് ഇടയ്ക്കിടയ്ക്ക് വരണംട്ടോ നീയ്.."
ഉം എന്ന് മൂളി.
കൊച്ചിന്റെ മുഖത്ത് ഒന്ന് സ്നേഹത്തോടെ  തടവിക്കൊണ്ട്  ഞാൻ നടന്നകന്നു. മൂടിക്കെട്ടിയ മനസോടെ  തിരികെ പോകുമ്പോൾ  അന്നത്തെ  ശപിക്കപ്പെട്ട നിമിഷം പിന്നാലെ ഉണ്ടായിരുന്നു നിഴൽപോലെ ഒരിക്കലും ഒഴിയാത്ത ഒരു ഭാരമായ്.

******

48 comments:

  1. കഥ മോശമായില്ല, നല്ല ഒഴുക്കോടെ വായിച്ചു.

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തെ.

      Delete
  2. "അവരുടെ അരികിൽ ചെന്ന് ആ കാല്പാദങ്ങളിൽ ശിരസമർത്തിയപ്പോൾ ആ മുഖത്തേക്ക് നോക്കാനാവാതെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ മനസ്സ് ഉരുകുകയായിരുന്നു.."

    'ആ കാല്പാദങ്ങളിൽ' 'ആ മുഖത്തേക്ക്' ഇങ്ങനെ കഥയില്‍ ഒരു പാട് "അ"
    കാണാം.കഥ വായനാ സുഖം ഇല്ലാതാക്കുന്നില്ലേ.....ഈ 'അ' ആധിപത്യം..?
    എങ്കിലും എഴുത്ത് കൊള്ളാം ...

    ReplyDelete
    Replies
    1. വളരെ നന്ദി സാർ. അത് തിരുത്തിയിട്ടുണ്ട്.

      Delete
  3. നന്നായിരിക്കുന്നു കഥ...
    ആശംസകൾ...

    ReplyDelete
  4. കഥ കുഴപ്പമില്ലാതെ പറഞ്ഞു.അക്ഷരങ്ങള്‍ അല്‍പ്പവും കൂടി വലുതായിരുന്നെങ്കില്‍ കഷ്ടപ്പെടാതെ വായിക്കാമായിരുന്നു.

    ReplyDelete
    Replies
    1. നന്ദി സാർ. അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയല്ലോ.

      Delete
  5. ഒരു സൈക്കിൾ ദുരന്തത്തിന്റെ കഥ മനസ്സിൽ തട്ടുംവിധം പറഞ്ഞു. ആശംസകൾ.

    ReplyDelete
  6. കഥ നല്ല ഒഴുക്കോടെ പറയാന്‍ കഴിഞ്ഞിട്ടുണ്ട്, ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍ ചേട്ടാ.

      Delete
  7. കഥ ഇഷ്ടമായി. ഇനിയും വരട്ടെ ...

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ ഇക്ക.

      Delete
  8. നന്നായി തന്നെ എഴുതിയിട്ടുണ്ട്. കഴിയുമെങ്കില്‍ ഈ ടെമ്പ്ലേറ്റ് മാറ്റുക. എഴുത്ത് അല്‍പ്പം കൂടി വിഡ്ത്തില്‍ വരുന്നതാണു നല്ലത്. അസാധ്യ നീളമുള്ള പാരഗ്രാഫുകള്‍ വായനയ്ക്ക് അലോസരമാണു. ചെറു പാരഗ്രാഫുകള്‍ ആക്കിത്തിരിക്കുമെങ്കില്‍ കാഴ്ചയ്ക്കും വായനയ്ക്കും സുഖകരമാകും. ആശംസകളോടെ..

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തെ.
      ടെമ്പ്ലേറ്റ് മാറ്റിയിട്ടുണ്ട്.
      ഇനി ശ്രദ്ധിക്കാം.

      Delete
  9. പാരഗ്രാഫ് വലുതാകുമ്പോള്‍ വായിക്കാന്‍ മടുപ്പ് തോന്നും. കുഴപ്പമില്ലാതെ നൊമ്പരം പങ്കുവെച്ചു.

    ReplyDelete
    Replies
    1. നന്ദി. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം.

      Delete
  10. ചുറ്റുപാടുകളുടെ സൂക്ഷ്മമായ ചലനങ്ങള്‍ പോലും കഥയില്‍ ചേര്‍ത്തു വച്ചത് ഹൃദ്യമായി.കഥാനായകന്റെ കുറ്റബോധത്തിനുള്ള കാരണമറിയാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന അവതരണം..ആശംസകള്‍

    ReplyDelete
  11. കഥ വളരെ ഒഴുക്കോടെ വായിക്കാൻ
    കഴിഞ്ഞു.വിരസത ഇല്ലാതെ അവതരിപ്പിച്ചു
    എന്നതാണ് കാരണം....

    സ്വന്തം തെറ്റ് കൊണ്ട് അല്ലെങ്കിലും സുഹൃത്തിനു സംഭവിച്ചു പോയ
    ദുരന്തം ഓർത്തു വേദനിക്കുന്ന ഭാഗം നന്നായി അവതരപ്പിച്ചു.എങ്കിലും
    ഇത്രയും കാലം ആ അമ്മയെ കാണാതിരുന്നത് മറ്റൊരു തെറ്റ് ആയി
    തോന്നി...
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സാർ. ശരിയാണ് അകന്ന് പോകാതെ അടുത്ത് നിന്ന് ആ അമ്മയുടെ മനസ്സിന് ധൈര്യം നൽകുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ കഥാപാത്രത്തിനു ധൈര്യമില്ലാതെ പോയി. വലിയ തെറ്റ് തന്നെ..

      Delete
  12. നല്ല കഥ...ഒഴുക്കോടെ വായിച്ചു.
    ആശംസകളോടെ..

    ReplyDelete
  13. ബാല്യകാലത്തിന്റെ നിറ നിമഷങ്ങളില്‍
    ഒരിക്കലും മായത്ത ചില നൊമ്പരങ്ങള്‍ കാണാം
    മിക്കവരിലും , ചെറിയ കൈപ്പിഴകളില്‍
    ചെറിയ അശ്രദ്ധകളില്‍ , മുന്നില്‍ നിന്നും
    ചില സ്നേഹങ്ങള്‍ മായുന്നത് നോക്കി
    നില്‍ക്കാന്‍ മാത്രം വിധിക്കപെടുന്ന നിമിഷങ്ങള്‍ ...
    എത്രകാലം കഴിഞ്ഞാലും അവ മനസ്സിനേ
    തൊട്ട് നോവിച്ച് കൊണ്ടിരിക്കും ,
    ആ വേര്‍പ്പാടുകളൊഴിച്ചിട്ടത് ചിലര്‍ക്ക്
    തീരാവേദനയുടെ ആഘാതങ്ങളും നല്‍കിയേക്കാം ...
    നോവിന്റെ തലം ഇത്തിരി പരത്തിയെഴുതിയെങ്കിലും
    അതു പകര്‍ത്തി വച്ചിട്ടുണ്ട് ഗിരി , ഇനിയുമെഴുതുക
    കുറുക്കി , വറ്റിച്ച് .. സ്നേഹപൂര്‍വം
    ബ്ലൊഗിന്റെ അലൈന്മെന്റ് ഒന്ന് ശരിയാക്കിക്കൊ ഗിരി

    ReplyDelete
    Replies
    1. വളരെ നന്ദി റിനിയേട്ടാ.
      അലൈന്മെന്റ് മാറ്റിയിട്ടുണ്ട്.
      ഇനി എഴുതുമ്പോൾ കുറുകുന്ന വരെ ക്ഷമകിട്ടുവാൻ ശ്രമിക്കാം.

      Delete
  14. പ്രിയ ഗിരീ,

    നന്നായി എഴുതി . കഥയും ഗിരിക്ക് നന്നായി വഴങ്ങുന്നുണ്ട് ...ഇനിയും ഒരുപാട് എഴുതൂ ..ആശംസകളോടെ ..

    ReplyDelete
    Replies
    1. വളരെ നന്ദി ചേച്ചി.
      എഴുതാൻ ശ്രമിക്കാം.

      Delete
  15. ഹമ്പട വീരാ സണ്ണികുട്ടാ...ഇപ്പൊ എന്തായി പറഞ്ഞത് ഐം ഹാപ്പി :) പ്രൌഡ് ഓഫ് യൂ മൈ ബോയ്‌ :) :)

    ReplyDelete
    Replies
    1. കാണാത്തതെന്തേ എന്ന് കരുതി.
      ഈ കുട്ടി ഇനിയും പ്രതീക്ഷിക്കും. വരണേ :) :)
      Thanks.

      Delete
  16. നല്ല കഥ...ഒഴുക്കോടെ വായിച്ചു.
    ആശംസകള്‍.

    ReplyDelete
  17. ഗിരീഷ്‌ വായിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
    ഒഴുക്കോടെ പറഞ്ഞ കഥ ഏറെ ഇഷ്ടമായി, കഥയായല്ല വായിച്ചത് അനുഭവമായി തന്നെ വായനയില്‍ തോന്നി,അത് കഥാകാരന്റെ വിജയം. ബാല്യകാല സുഹുര്‍ത്തിന്‍റെ വിയോഗം വരികളില്‍ കൂടി മനസ്സിലേക്ക് എത്തുമ്പോഴും ഉള്ളിലെവിടെയോ ഒരു നീറ്റല്‍. ചില സ്ഥലങ്ങളില്‍ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ ?? ,, വീണ്ടും വരാം

    ReplyDelete
  18. തിരക്കിനിടയിലും സമയമുണ്ടാക്കി വായിക്കാൻ തോന്നിയ നല്ല മനസിന്‌ നമസ്ക്കാരം പ്രിയ സുഹൃത്തെ. വളരെ നന്ദി.

    ReplyDelete
  19. പണ്ടാരമടങ്ങാൻ

    രസമായിരിക്കുന്നല്ലൊ എഴുത്ത് എന്ന് കരുതി വായിച്ച് വായിച്ച് വന്ന്- അവസാനം

    എനിക്കിഷ്ടമല്ല കേട്ടൊ ഇമ്മാതിരി കഥകൾ

    ഇനി എഴുതുമ്പോൾ തമാശ വല്ലതും എഴുതൂ  

    എഴുത്തിന്റെ കുറ്റം അല്ല - ഇതിവൃത്തത്തിന്റെ

    എഴുത്ത് സുന്ദരം :)

    ReplyDelete
    Replies
    1. തമാശ എഴുതുക അല്പം പ്രയാസമാണ് സാർ. എങ്കിലും ശ്രമിക്കാം.
      തിരക്കിനിടയിലും വായിച്ചതിന് ഒരുപാട് നന്ദി.

      Delete
  20. പാടവും തോടും ഇടവഴിയും ഇല്ലിക്കാടും .. നാടും നാട്ടിന്‍പുറവും മനസ്സില്‍ സൂക്ഷിക്കുന്ന എനിക്ക് എല്ലാം വളരെ ഇഷ്ട്ടമായി.. പക്ഷെ വായനയുടെ അവസാനം ഒരു നൊമ്പരം ആയി മാറി.. മകനെ നഷ്ട്ടപ്പെട്ട സ്വബോധം നശിച്ച ഒരമ്മയുടെ വിലാപം മനസ്സിലൊരു തേങ്ങലായി.. നല്ല എഴുത്ത്.. തുടരുക.. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. സന്തോഷം ചേച്ചി. നന്ദി വായിച്ചതിന്.

      Delete
  21. ഈ പോസ്റ്റ് കാണാന്‍ കഴിഞ്ഞിരുന്നില്ല.അതാണ്‌ വായിക്കാന്‍
    പറ്റാഞ്ഞത്‌.
    കഥ നല്ല ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  22. നന്നായി അവതരിപ്പിച്ച കഥ.. ഇഷ്ടായി :)

    ReplyDelete
  23. കഥയോ അനുഭവമോ ?

    ഒഴുക്കുള്ള എഴുത്ത്. കഥാ പര്യവസാനം അല്‍പ്പം നൊമ്പരം നല്‍കി.

    ReplyDelete
  24. നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

    സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതം

    ReplyDelete